നടൻ നന്ദമുരി ബാലകൃഷ്ണയുടെ നേതൃത്വത്തിലുള്ള ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ 25-ാം വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ പോരാട്ടത്തിലെ തന്റെ അതിജീവന കഥ പങ്കുവെക്കാൻ അവസരം നൽകിയതിന് ബാലയ്യയ്ക്ക് നടി നന്ദി പറഞ്ഞു.
പിതാവ് എൻടി രാമറാവു തന്റെ പ്രിയതമയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രിയുടെ പ്രവർത്തനങ്ങൾ മകനെന്ന നിലയിൽ ബാലകൃഷ്ണ മുന്നോട്ടുകൊണ്ടുപോവുന്നതിൽ സന്തോഷമുണ്ടെന്നും മംമ്ത സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. "ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്. അവ ശാശ്വതമാകില്ലെന്ന് നമുക്ക് പ്രത്യാശിക്കാമെങ്കിലും, അത് വളരെ നീണ്ടതും കഠിനവും ക്ഷീണിപ്പിക്കുന്നതുമാണ്.
നിങ്ങൾ പ്രകടിപ്പിക്കുന്ന കരുത്തും, പൂർണതയോടടുത്ത അവസ്ഥയും, സഹിഷ്ണുതയും കണ്ടാണ് ചിലർ കൂടെ ചേരുന്നത്. പിന്തുണയും കരുതലും ആഗ്രഹിക്കുന്നവരിൽ നിന്ന് മുഖം തിരിക്കാൻ അനുകമ്പ നമ്മെ അനുവദിക്കില്ല. കാരണം, കാൻസർ ബാധിച്ച ഒരാൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഒരുപാട് ആളുകൾക്ക് നടുവിലായിരിക്കുമ്പോഴും ആരും അവരെ മനസ്സിലാക്കുന്നില്ല എന്ന തോന്നലാണ്.
സമാനമായ ഒരവസ്ഥയിലൂടെ കടന്നുപോകാത്ത പക്ഷം, അതിന്റെ സൂക്ഷ്മമായ വശങ്ങൾ മനസ്സിലാക്കുക എന്നത് വളരെ പ്രയാസകരമാണ്.- മംമ്ത കുറിച്ചു. 'ഇവിടെയാണ്, ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ, ദരിദ്രരായ ആളുകൾ നടത്തുന്ന കഠിനമായ പോരാട്ടങ്ങളെ തിരിച്ചറിയുകയും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.
എൻടി രാമറാവു ഗാരു തന്റെ പ്രിയതമയുടെ സ്മരണയ്ക്കായി സ്ഥാപിച്ച ആശുപത്രി, മകൻ എന്ന നിലയിൽ നന്ദമൂരി ബാലകൃഷ്ണ തന്റെ പിതാവിന്റെ കാഴ്ചപ്പാട് തുടരുന്നത് ആദരമർഹിക്കുന്നു. വേദന നിറഞ്ഞ ഒരു നഷ്ടത്തെ സേവനമാക്കി മാറ്റിക്കൊണ്ട്, കഴിഞ്ഞ 25 വർഷത്തിലേറെയായി ഒരേ ദിശയിൽ സഞ്ചരിക്കുന്നവർക്ക് അദ്ദേഹം താങ്ങാവുന്നു.
അദ്ദേഹത്തിന്റെ പാരമ്പര്യം തുടരട്ടെ എന്നും, കാൻസറിനെതിരെയുള്ള പോരാട്ടത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തവർക്കും ആരും മനസ്സിലാക്കാനില്ലാത്തവർക്കും ഒറ്റപ്പെട്ടവർക്കും പ്രതീക്ഷയും കരുത്തും പകരട്ടെ എന്നും ആശംസിക്കുന്നു.
എന്റെ കഥ പങ്കുവെക്കാൻ എനിക്ക് ഒരു വേദി നൽകിയതിനും, അതിലുപരിയായി 'ശരിയായ പോരാട്ടത്തെക്കുറിച്ചും' സഹതാപത്തിന് പകരം അനുകമ്പ സ്വീകരിച്ചുകൊണ്ടുള്ള 'അതിജീവനത്തെക്കുറിച്ചും' വർഷങ്ങളിലൂടെ ഞാൻ പഠിച്ച കാര്യങ്ങൾ പങ്കുവെക്കാൻ സമയം നൽകിയതിനും ബാലകൃഷ്ണ ഗാരുവിനോട് ഞാൻ നന്ദി പറയുന്നു. രോഗത്തിന് ഒരു പ്രതിവിധി ഉണ്ടായേക്കാം അല്ലെങ്കിൽ ഇല്ലാതിരിക്കാം, പക്ഷേ 'പ്രതീക്ഷ' തീർച്ചയായും ഉണ്ട്".- മംമ്ത കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates