മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള നടനാണ് മണിയന്‍പിള്ള രാജു. നടന്‍ എന്നതിലുപരിയായി നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടു കൂടി മാത്രമേ മണിയന്‍പിള്ള രാജുവിനെ കാണാന്‍ സാധിച്ചിട്ടുള്ളൂ. അതേ ചിരിയോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടതും.
പോയ വര്‍ഷമാണ് മണിയന്‍പിള്ള രാജുവിന് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് കഠിനമായ ചികിത്സയും പിന്നീടുള്ള വിശ്രമ കാലവും. എല്ലാം മറികടന്ന് അതേ ചിരിയോടെ അദ്ദേഹം മടങ്ങി വരികയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നുണ്ട്.
''ചെവി വേദനയായിരുന്നു തുടക്കം. പല ഇഎന്‍ടി ഡോക്ടര്‍മാരേയും കണ്ടു. തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ. അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദന'' മണിയന്‍പിള്ള രാജു പറയുന്നു.
''മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ'' അദ്ദേഹം പറയുന്നു..
82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു. സര്‍ജറി ചെയ്തതു കൊണ്ട് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച തുടരും ആണ് മണിയന്‍പിള്ള രാജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഭഭബ ആണ് അണിയറയിലുള്ള സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates