Manju Warrier instagram
Entertainment

ഒരു കോടി പ്രതിഫലം വാങ്ങിയ ആദ്യ മലയാളം നായിക; മഞ്ജു വാര്യരുടെ ആസ്തി എത്ര?

മഞ്ജു വെട്ടിയ പാതയിലൂടെയാണ് പിന്നീട് പലരും സഞ്ചരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളി ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു നായികയില്ല. പുരുഷ താരങ്ങള്‍ക്ക് ചുറ്റും കറങ്ങിയിരുന്ന മലയാള സിനിമയില്‍ ഉയര്‍ന്നു കേട്ട അപൂര്‍വ്വ സ്ത്രീശബ്ദങ്ങളിലൊന്നാണ് മഞ്ജു വാര്യര്‍. മഞ്ജു വെട്ടിയ പാതയിലൂടെയാണ് പിന്നീട് പലരും സഞ്ചരിച്ചത്.

തന്റെ കരിയറിന്റെ പീക്കിലാണ് മഞ്ജു വാര്യര്‍ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതും. പത്ത് വര്‍ഷത്തിലധികം കാലം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ അവര്‍ ജീവിച്ചു. മറ്റാരുമായിരുന്നുവെങ്കില്‍ മറന്നു പോകുമായിരുന്നു എന്നുറപ്പിക്കാന്‍ സാധിക്കുന്ന ഇടവേള. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു തിരികെ വന്നു. പോയതിലും ശക്തമായി. അവരുടെ തിരിച്ചുവരവ് കാത്തിരുന്ന മലയാളി മഞ്ജുവിന്റെ ഇരിപ്പിടം മറ്റാര്‍ക്കും നല്‍കാതെ കാത്തുസൂക്ഷിച്ചിരുന്നു.

ഇന്നും മലയാളത്തിലെ നമ്പര്‍ വണ്‍ നായികയാണ് മഞ്ജു വാര്യര്‍. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ആദ്യമായി മലയാളത്തില്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നായികയാണ് മഞ്ജു വാര്യര്‍. അമ്പത് ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയിലാണ് ഇന്ന് മഞ്ജുവിന്റെ പ്രതിഫലമെന്നാണ് മണി കണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പറയുന്നത്. മഞ്ജുവിന്റെ സ്വത്ത് 142 കോടിയോളം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മലയാളത്തില്‍ മാത്രമല്ല, ഇന്ന് തമിഴിലും മുന്‍നിര നായികയാണ് മഞ്ജു വാര്യര്‍. അജിത്ത്, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മഞ്ജു വാര്യര്‍. പരസ്യ ലോകത്തും മഞ്ജു താരമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പരസ്യ ചിത്രത്തിന് മഞ്ജു വാങ്ങുന്നത് 75 ലക്ഷം രൂപയാണ്.

ബൈക്കുകളോട് അതിയായ താല്‍പര്യമുള്ള വ്യക്തിയാണ് മഞ്ജു വാര്യര്‍. തുനിവിന്റെ ചിത്രീകരണ വേളയില്‍ അജിത്തിനൊപ്പം ബൈക്കില്‍ യാത്ര നടത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈയ്യടുത്താണ് 21 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്യു ആര്‍ 1250 ജിസ് ബൈക്ക് മഞ്ജു വാങ്ങിയത്. തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

മഞ്ജു വാര്യര്‍ക്ക് ഇന്ന് 47-ാം ജന്മദിനമാണ്. ഓരോ വര്‍ഷവും ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍ എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ രൂപത്തിലെ ചെറുപ്പത്തിലോ പ്രായത്തിലോ അല്ല കാര്യമെന്നും മനസില്‍ സന്തോഷവും ചെറുപ്പവും വേണമെന്നും അതിലാണ് കാര്യമെന്നും മഞ്ജു നേരത്തെ പറഞ്ഞിട്ടുണ്ട്. യുവതാരങ്ങളെപ്പോലും നാണിപ്പിക്കുന്ന ഊര്‍ജ്ജവും ആവേശവുമായി സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചു കൊണ്ട് തന്റെ വാക്കുകള്‍ ശരിവെക്കുന്ന മഞ്ജുവിനെ കാണാം.

ഏറ്റവും ഒടുവിലായി മഞ്ജുവിനെ ബിഗ് സ്‌ക്രീനില്‍ കണ്ടത് എമ്പുരാനിലാണ്. തമിഴിലൊരുങ്ങുന്ന മിസ്റ്റര്‍ എക്‌സ് ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ഇതിന് പിന്നാലെ ബോളിവുഡിലേക്കും മഞ്ജു വാര്യര്‍ ചുവടുവെക്കും. അമ്രികി പണ്ഡി എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ ഹിന്ദി എന്‍ട്രി. മലയാളവും പിന്നീട് തെന്നിന്ത്യന്‍ സിനിമയും തൊട്ടറിഞ്ഞ മഞ്ജു വാര്യര്‍ മാജിക് ബോളിവുഡിലും അധികം വൈകാതെ കാണാം.

Manju Warrier celebrates her birthday today. malayalam super star's net worth is around 140 crore. she is the first malayalam actress to get 1 crore for a movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT