Midhun Ramesh ഫെയ്സ്ബുക്ക്
Entertainment

നിര്‍ത്താതെ സംസാരിച്ചിരുന്ന മിഥുന്‍ പെട്ടെന്ന് സൈലന്റായി; മോന്റെ രൂപത്തില്‍ അതേ യൂണിഫോമില്‍ അച്ഛന്‍ വന്നത് പോലെ!

യൂണിഫോമും ക്യാപ്പുമണിഞ്ഞു കുറേനേരം അവന്‍ കണ്ണാടിയില്‍ നോക്കിനിന്നു.

സമകാലിക മലയാളം ഡെസ്ക്

നടനും അവതാരകനുമായ മിഥുന്‍ രമേശിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ദോഹയില്‍ നടന്ന ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്നു മിഥുന്‍. പരിപാടിയിലെ സ്‌കിറ്റില്‍ പൊലീസുകാരനായി മിഥുന്‍ വേഷമിട്ട നിമിഷത്തെക്കുറിച്ച് ഷോ ഡയറക്ടര്‍ എന്‍വി അജിത് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മിഥുന്റെ അച്ഛന്‍ രമേശ്കുമാര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. മിഥുന്‍ അച്ഛന്റെ ഓര്‍മകളില്‍ നിശബ്ദനായതിനെക്കുറിച്ചാണ് അജിത് സംസാരിക്കുന്നത്. എന്‍വി അജിതിന്റെ കുറിപ്പ് ഇങ്ങനെയാണ്:

മുഴക്കമുള്ള ശബ്ദത്തില്‍ അതുവരെ നോണ്‍സ്റ്റോപ്പായി സംസാരിച്ചു കൊണ്ടിരുന്ന മിഥുന്‍ പെട്ടെന്ന് സൈലന്റായി.. യൂണിഫോമും ക്യാപ്പുമണിഞ്ഞു കുറേനേരം അവന്‍ കണ്ണാടിയില്‍ നോക്കിനിന്നു.

നിശബ്തതയുടെ കാരണം അറിയാമായിരുന്ന ഞാന്‍ , ആ മൂഡു മാറ്റാനായി പറഞ്ഞു : അളവെടുത്തില്ലെങ്കിലും സംഗതി ടെയ്ലര്‍ മേഡ് തന്നെ. തലകുലുക്കിയുള്ള മുറുക്കിയൊരു കെട്ടിപ്പിടിത്തത്തില്‍ അവന്റെ ഹൃദയം ഞാനറിഞ്ഞു. ദോഹയില്‍ നടന്ന ഹൃദയപൂര്‍വ്വം മോഹന്‍ലാല്‍ ഷോയില്‍ ആങ്കറായി നിശ്ചയിച്ചിരുന്നത് മറ്റൊരു ആര്‍ട്ടിസ്റ്റിനെയായിരുന്നു.

ചില സാങ്കേതിക കാരണങ്ങളാല്‍ അവര്‍ക്ക് എത്താനായില്ല. മിഥുനെ വിളിക്കുമ്പോള്‍ ആ ദിവസം അവനു ചൈനയിലൊരു ഇവന്റുണ്ട്. പകരമിനി ആരെന്നു തലപുകയ്ക്കുമ്പോള്‍ രാത്രിയൊരു കോള്‍ : നിങ്ങള് കൂടോത്രം ചെയ്തതാണോ അണ്ണാ, ചൈനയാത്ര രണ്ടു ദിവസം മാറി. ഞാനുണ്ട് കേട്ടോ.

ഈ ഷോയിലെ ഹൈലൈറ്റ് സെഗ്മെന്റായിരുന്നു ഇന്ത്യന്‍ കോഫീ ഹൗസ് ആക്റ്റ്. ലാലേട്ടനും സിദ്ധിഖും മനോജ് കെ ജയനും നയിക്കുന്ന പാട്ടുവര്‍ത്തമാനത്തിനിടെ ഓരോ കഥാപാത്രങ്ങള്‍ കടന്നുവരും. അതിലൊരു എന്‍ട്രി ആയിരുന്നു കോടതിയില്‍ നിന്ന് മടങ്ങുന്ന വഴി കോഫീ ഹൗസില്‍ കാപ്പികുടിക്കാന്‍ കയറിയ കള്ളനും പോലീസും.

പാട്ടുകാരനായ കള്ളനായി ലക്ഷണം കൊണ്ട് തന്നെ വിധുപ്രതാപിനെ ആദ്യമേ ഉറപ്പിച്ചിരുന്നു. പ്രോഗ്രാമില്‍ പാട്ടു തന്നില്ലെങ്കിലും ഈ വേഷം മറ്റാര്‍ക്കും കൊടുക്കരുതെന്നവന്‍ കട്ടായം പറഞ്ഞു. ഇന്‍സ്‌പെക്റ്റര്‍ വേഷത്തില്‍ ആരെ ഫിക്‌സ് ചെയ്യുമെന്നുള്ള ആലോചന മിഥുന്റെ വരവോടെ അവസാനിച്ചു.

ലാസ്റ്റ് മിനിട്ട് തീരുമാനമായതിനാല്‍ അളവെടുത്തുള്ള യൂണിഫോം തയ്ക്കല്‍ പ്രാക്ടിക്കലായിരുന്നില്ല. സാധാരണ വേഷം പോലെയല്ല പോലീസ് യൂണിഫോം. കറക്ട് ഫിറ്റല്ലെങ്കില്‍ കോമഡിയ്ക്ക് വേറെങ്ങും പോകണ്ട. മിഥുന്‍ പറഞ്ഞ അളവുകളും സുഹൃത്ത് കൂടിയായ അറഫാത്ത് എന്ന മിടുക്കന്‍ കോസ്റ്റൂമറിന്റെ മനോധര്‍മ്മവും മാത്രമായിരുന്നു അളവുകോല്‍.

നാട്ടില്‍ തയ്ച്ചു കൊണ്ടു വന്ന യൂണിഫോം ദോഹയിലെ ഹോട്ടല്‍ മുറിയില്‍ ട്രയലിനായി മിഥുനു കൊടുക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നു. ശരിയല്ലെങ്കില്‍ ഗോവിന്ദ! ഇനിയൊരു മാറ്റിത്തയ്ക്കലിനു സമയമില്ല. പക്ഷെ യൂണിഫോം കിറുകൃത്യം!പൊട്ടിച്ചിരികള്‍ക്കും ബഹളങ്ങള്‍ക്കും വിരാമമിട്ട് അന്നേരം വെസ്റ്റ്ഇന്‍ ഹോട്ടലിലെ എന്റെ മുറിയിലേക്ക് അതിഥിയായെത്തിയ നിശബ്ദതയുടെ കാരണക്കാരന്‍, ഡിവൈഎസ്പി രമേശ്കുമാര്‍ എന്ന സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

അക്കാലത്തെ തിരുവന്തപുത്ത് കുറ്റവാളികളുടെ പേടിസ്വപ്നമായിരുന്നു രമേശ്കുമാര്‍. പാവപ്പെട്ടവരുടെ പ്രീയപ്പെട്ടവന്‍. കലാകാരന്മാര്‍ക്കാകട്ടെ കളിത്തോഴനും. മിഥുന്റെ അച്ഛന്‍ രമേശ് കുമാര്‍. ആ വേഷത്തില്‍ കുറെ ഫോട്ടോകളെടുത്ത് മൂന്നു പേര്‍ക്ക് അപ്പോള്‍ത്തന്നെ അയച്ചു. ഒരാള്‍ ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന മിഥുന്റെ അമ്മ. മറ്റൊന്ന് പ്രശസ്ത ഗായകനും മിഥുന്റെ അമ്മാവനുമായ രാധാകൃഷ്ണന്‍. പിന്നെ, ലാലേട്ടന്‍.

നിമിഷങ്ങള്‍ക്കകം , ലാലേട്ടന്റെ ചിരി, തംപ്‌സ് അപ് മുദ്രകളെത്തി. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ചേച്ചി പറഞ്ഞു: 'ആ ഫോട്ടോ ഓപ്പണ്‍ ചെയ്യുമ്പോള്‍ ചുറ്റും കുറച്ച് ബന്ധുക്കള്‍ ഉണ്ടായിരുന്നു. അവരും ആ ഫോട്ടോ കണ്ടു. എനിയ്ക്ക് കുറച്ച് സമയം ഒന്നും കാണാന്‍ കഴിയാത്ത തരത്തില്‍ കണ്ണീരുവന്ന് നിറഞ്ഞിരുന്നു കണ്ണുകള്‍. എന്റെ ചേട്ടന്‍, മോന്റെ രൂപത്തില്‍ അതേ യൂണിഫോമില്‍, അതേ ഗെറ്റപ്പില്‍, ക്യാപ്പ് പിടിക്കുന്നതുപോലും അതേ മട്ടില്‍... അജിത്ത്, താങ്ക്യൂ മോനെ'

അകാലത്തില്‍ ഈ ലോകത്തോട് വിടപറയുകയായിരുന്നു രമേശ്കുമാര്‍. ആശ്രിത നിയമനം വഴി പിതാവിന്റെ ജോലി മിഥുനു ലഭിച്ചു. അതേ നേരത്ത് തന്നെ ദുബായിലെ ഹിറ്റ് എഫ് എമ്മില്‍ നിന്നുള്ള ആര്‍ ജെ ഓഫറുമെത്തി. പിന്നെയുള്ള കഥകള്‍ ലോകത്തിനറിയാം. ഷോ കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങി വരുമ്പോള്‍ മിഥുന്‍ പറഞ്ഞു : ചേട്ടാ ഈ യൂണിഫോം ഞാനെടുത്തോട്ടെ....

അങ്ങകലകങ്ങളിലെവിടെയോ ഇരുന്ന് , സ്റ്റേജില്‍ ഈ വേഷമണിഞ്ഞ മിഥുനെ അദ്ദേഹം കണ്ടിട്ടുണ്ടാകണം... അദ്ദേഹത്തിന്റെ അനുഗ്രഹം കൂടിയായിരുന്നിരിക്കണം വൈറലായ് മാറിയ ഹൃദയപൂര്‍വം ഷോയുടെ വിജയം. മിഥുന്റെ കുടുംബത്തിലെ ഹൃദയബന്ധുവായ എനിക്കു കിട്ടിയ മറ്റൊരനുഗ്രഹം. ചക്കരേ മിക്കൂ , ഈ യൂണിഫോം നിനക്കുള്ളതാണ്...

Midhun Ramesh became emotional wearing police uniform. It made him remember his late father who was a police officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT