വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും, നടനുമാണ് സിനിമാ ലോകത്തെ മേജര്‍ രവി. അതേസമയം തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം ചെന്നുപെടാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് മേജര്‍ രവി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബോയ്‌കോട്ട് മേജര്‍ രവി എന്ന ഹാഷ്ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.
തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേജര്‍ രവിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കി പഹല്‍ഗാം: ഒപ്പറേഷന്‍ സിന്ദൂര്‍ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മേജര്‍ രവി. ഇതിന് മുന്നോടിയായി സിനിമയുടെ തിരക്കഥ പൂജ ചെയ്തത് കഴിഞ്ഞ ദിവസമാണ്. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മേജര്‍ രവിക്കെതിരായ ബോയ്‌കോട്ട് ക്യാംപെയ്‌നിന് പിന്നില്‍ മോഹന്‍ലാല്‍ ആരാധകരാണ്. മേജര്‍ രവിയുടെ പെഹല്‍ഗാം സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ മേജര്‍ രവിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകളാണ് ഇപ്പോഴത്തെ ബോയ്‌കോട്ടിന്റെ കാരണമായി കരുതപ്പെടുന്നത്. ഗുജറാത്ത് കലാപം ചിത്രീകരിച്ചതിന്റെ പേരില്‍ എമ്പുരാന്‍ വലിയ വിവാദമായി മാറിയിരുന്നു. സിനിമയ്‌ക്കെതിരെ ആര്‍എസ്എസ് മുഖപത്രമടക്കം രംഗത്തെത്തിയിരുന്നു.
ഈ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി അവതരിപ്പിച്ചു, കലാപത്തിന്റെ തുടക്കം കാണിച്ചില്ല, മോഹന്‍ലാല്‍ സിനിമ കണ്ടിരുന്നില്ല, പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചതാണ് തുടങ്ങിയ ആരോപണങ്ങളാണ് മേജര്‍ രവി ഉന്നയിച്ചത്. മേജര്‍ രവിയുടെ ആരോപണങ്ങള്‍ക്കെതിരെ പൃഥ്വിരാജിന്റെ അമ്മയായ നടി മല്ലിക സുകുമാരനും രംഗത്തെത്തി. ഇരുവരും തമ്മില്‍ വാക്‌പോര് തന്നെ നടന്നു.
വിവാദങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകരെക്കുറിച്ച് മേജര്‍ രവി ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞതും ചര്‍ച്ചയായി മാറിയിരുന്നു. ''യഥാര്‍ത്ഥ ഫാന്‍സിന് കാരണങ്ങള്‍ അറിയാം. ഇത് വച്ച് ജീവിക്കുന്ന പത്ത് പതിനഞ്ചു പേരുണ്ട്. ഇവര്‍ക്ക് എന്നെ മനസിലാകില്ല. ഒരു ആരാധകന്‍ ആനപ്പുറത്തു നിന്നും വീണ് കിടക്കുമ്പോള്‍ ഞാന്‍ അമ്പതിനായിരം രൂപ കൊടുത്തിരുന്നു. അതൊന്നും ആരും അറിഞ്ഞിട്ടില്ല. ആ സമയത്തൊക്കെ എന്നെ എയറില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നത്. ഞാന്‍ ആരെന്നും ഞാനും മോഹന്‍ലാലും തമ്മിലുള്ള ബന്ധമെന്തെന്നും അവര്‍ക്കറിയില്ല'' എന്നാണ് മേജര്‍ രവി പറഞ്ഞത്.
''മോഹന്‍ലാലിനെ താങ്ങിപ്പിടിച്ച് നടന്നിട്ട് എനിക്കൊന്നും കിട്ടാനില്ല. ഞാന്‍ അദ്ദേഹത്തെ വച്ചല്ല ജീവിക്കുന്നത്. എനിക്ക് എന്റേതായ വരുമാനമുണ്ട്. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ജീവിക്കുന്നവനാണ്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.'' എന്നും മേജര്‍ രവി പറഞ്ഞിരുന്നു. മേജര്‍ രവിയുടെ ഈ വാക്കുകളും സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിട്ടുണ്ട്.
അതേസമയം മേജര്‍ രവിയുടെ സിനിമകളുടെ ഫലവും ഇപ്പോഴത്തെ എതിര്‍പ്പുകള്‍ക്ക് കാരണമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കീര്‍ത്തിച്ചക്രയും കുരുക്ഷേത്രയും വലിയ വിജയങ്ങളായിരുന്നുവെങ്കിലും തുടര്‍ന്നു വന്ന കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എല്ലാം കനത്ത പരാജയങ്ങളായിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ മേജര്‍ രവിയ്ക്ക് കൈ കൊടുക്കുന്നതില്‍ ചില ആരാധകര്‍ക്ക് ഭയമുണ്ട്. മോഹന്‍ലാലിന്റെ വിജയക്കുതിപ്പ് അവസാനിപ്പിക്കുമോ മേജര്‍ രവി എന്നാണ് ആരാധകരുടെ ഭയം.
അതേസമയം മോഹന്‍ലാല്‍ ആയിരിക്കുമോ മേജര്‍ രവിയുടെ പുതിയ സിനിമയിലെ നായകന്‍ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. നിലവില്‍ മോഹന്‍ലാലിന്റേതായി അണിയറയിലുള്ളത് ദൃശ്യം ത്രീയാണ്. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന പാട്രിയറ്റ്, അതിഥി വേഷത്തിലെത്തുന്ന ഭഭബ, തെലുങ്ക്-മലയാളം സിനിമ വൃഷഭ എന്നിവയാണ് മോഹന്‍ലാലിന്റേതായി റിലീസ് കാത്തു നില്‍ക്കുന്ന മറ്റ് സിനിമകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates