ഒരു സക്സസ്ഫുൾ സിനിമ ഉണ്ടാക്കാൻ ഇപ്പോൾ വളരെ പ്രയാസമുള്ള സമയമാണെന്ന് നടൻ മോഹൻലാൽ. കാരക്ടർ സെലക്ഷൻ പണ്ട് ആരെ വച്ച് വേണമെങ്കിലും ചെയ്യാമായിരുന്നുവെന്നും എന്നാലിപ്പോൾ അത് വളരെ പ്രധാനപ്പെട്ടതാണെന്നും ചെറിയ കാരക്ടർ പോലും നല്ല ആർട്ടിസ്റ്റിനെ വച്ച് ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞു.
തന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. "ഇതൊരു മികച്ച പ്രൊഫഷനാണെന്ന് ആദ്യം മനസിലാക്കണം.
ചുമ്മാ ഒരു സിനിമയിൽ അഭിനയിക്കാൻ അല്ലല്ലോ. ഞാൻ പലപ്പോഴും പറഞ്ഞിട്ടില്ലേ, എനിക്ക് ഒക്കെ കിട്ടിയ ഒരു ഭാഗ്യം എന്ന് പറയുന്നത് നല്ല എഴുത്തുകാരുണ്ടായിരുന്നു. നല്ല സഹതാരങ്ങളുണ്ടായിരുന്നു. സംവിധായകരുണ്ടായിരുന്നു. നമ്മളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന നിർമാതാക്കൾ ഉണ്ടായിരുന്നു. എല്ലാവരും കൂടി ചേരുമ്പോഴാണ് ഒരു അഭിനേതാവ് ഉണ്ടാകുന്നത്.
അതിന് വേണ്ടി പ്രാർഥിക്കണം. നല്ല കഥാപാത്രങ്ങൾ കിട്ടാൻ വേണ്ടി, നല്ല സംവിധായകരെ കിട്ടാൻ വേണ്ടി. അതൊരു ഹൈ മെഡിറ്റേഷൻ പോലെയാണ്. നാളെ എഴുന്നേറ്റിട്ട് ഒരു നല്ല സിനിമ ചെയ്യണം എന്ന് പറഞ്ഞാൽ നടക്കില്ലല്ലോ. നല്ല സിനിമ നിങ്ങളെ തേടി വരണം. അങ്ങനെ തേടി വരണമെങ്കിൽ നമുക്കിതിൽ ഒരുപാട് സമർപ്പണമുണ്ടാകണം, ആത്മവിശ്വാസം വേണം, സത്യസന്ധത വേണം...അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ഈ സിനിമയിൽ മാത്രമല്ല, എല്ലാ കാര്യത്തിലും. ഒരു ഡോക്ടർ ഏറ്റവും നല്ല ഡോക്ടറാകണമെങ്കിൽ, അയാൾ അതിന് പുറകേ നടക്കണം. അയാൾ പഠിക്കണം. എല്ലാ ദിവസവും പഠിച്ചു കൊണ്ടിരിക്കണം. അയാൾക്കൊരു ഭാഗ്യം വേണം. എല്ലാ ജോലിയിലും അതാണ്. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സിനിമയിൽ. എന്റെ ഒരു സിനിമ മോശമായാൽ, മോഹൻലാലിന് വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ച് എല്ലാവരും കൂടി എന്റെ നേരെ വരും.
അല്ലെങ്കിൽ സംവിധായകന്റെ നേരെ വരും. അങ്ങനെയല്ലല്ലോ. ഒരു സിനിമ സംഭവിക്കുകയാണ്. നമ്മുടെ സിനിമാ തിരഞ്ഞെടുപ്പുകൾ നോക്കണം. ഞങ്ങളൊക്കെ വരുന്ന സമയത്ത് അതിന് പറ്റിയിരുന്നില്ല. അന്ന് എല്ലാ സിനിമയിലും അഭിനയിച്ച് അങ്ങ് പോവുകയാ. അതിനെക്കുറിച്ച് അത്ര ബോധവാൻമാരായിരുന്നില്ല. എനിക്ക് കിട്ടിയ മറ്റൊരു ഭാഗ്യം, കൂടെ അഭിനയിച്ചവരെല്ലാം ബ്രില്യന്റ് അഭിനേതാക്കളായിരുന്നു. ഇപ്പോൾ ആരും ഇല്ല ഇവിടെ.
അതൊക്കെ ഇവർ മിസ് ചെയ്യും. കാരക്ടർ സെലക്ഷൻ പണ്ട് ആരെ വച്ച് വേണമെങ്കിലും ചെയ്യാം. ഇപ്പോൾ അത് വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ കാരക്ടർ പോലും നല്ല ആർട്ടിസ്റ്റിനെ വച്ച് ചെയ്യണം. സിനിമ പ്രത്യേക ദിശയിൽ കൂടി പോവുകയാണ്. ഒരു സക്സസ്ഫുൾ സിനിമ ഉണ്ടാക്കാൻ വളരെ പ്രയാസമുള്ള സമയമാണ്. നല്ല സിനിമകളുണ്ടാകട്ടെ. അതിന് വേണ്ടി നമുക്ക് പ്രാർഥിക്കാം.
നിങ്ങളുടെ പ്രൊഫഷനെ സ്പിരിച്വൽ ആയി കാണണം. രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി, ദൈവമേ എനിക്ക് നല്ലൊരു കഥാപാത്രം കിട്ടണമെന്ന് പറഞ്ഞാൽ കിട്ടില്ല. അത് ആരെങ്കിലും മനസിൽ വന്ന് എഴുതി ആ റോൾ കിട്ടാനുള്ള ഭാഗ്യം നിങ്ങൾക്കുണ്ടാകണം.
ആ ഭാഗ്യത്തിനെയാണ് നമ്മൾ പ്രൊമോട്ട് ചെയ്യേണ്ടത്. അതെങ്ങനെയാണെന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കണം. വല്ലോം മനസിലായോ മായ ?. മനസിലായോ മോനേ ? (ആശിഷിനോട്). രണ്ട് പേർക്കും മനസിലായി". - മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates