വലിയ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.
പേട്രിയറ്റിനെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍. എന്തുകൊണ്ടാണ് താന്‍ പേട്രിയറ്റ് ചെയ്യാന്‍ തയ്യാറായതെന്നും, ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയത് എന്തുകൊണ്ടാകാമെന്നും സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
''എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. ഇവിടേയും പ്രേക്ഷകര്‍ കഥാപാത്രത്തേക്കാള്‍ മുന്‍ഗണന നടന് കൊടുത്തു. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പിന്നാലെ താന്‍ പേട്രിയറ്റ് ചെയ്യാനുണ്ടായ കാരണവും അദ്ദേഹം വിശദമാക്കുന്നുണ്ട്.
''അവര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അതിനാലാണ് ഞാന്‍ ചെയ്യാന്‍ തയ്യാറായത്. എങ്ങനെ വരുമെന്ന് നമുക്ക് അറിയില്ല. അതൊരു രഹസ്യക്കൂട്ടാണ്. പക്ഷെ ഒരു സിനിമ ചെയ്യുമ്പോള്‍ സ്‌നേഹത്തോടേയും ആത്മവിശ്വാസത്തോടേയുമാണ് ഞാന്‍ ചെയ്യുക. ഇത് എന്റെ ജോലിയാണ്. ഞാന്‍ ചെയ്യുന്നതിനെക്കുറിച്ച് ഉറപ്പുണ്ടാകണം. അത് എന്റെ ഉത്തരവാദിത്തമാണ്. ഒരു കഥാപാത്രത്തെ എനിക്ക് നല്‍കുമ്പോള്‍ 100 ശതമാനം സത്യസന്ധതയോടെയും ആത്മവിശ്വാസത്തോടേയുമായിരിക്കണം ഞാന്‍ അഭിനയിക്കേണ്ടത്. അത് തന്നെയാണ് ഞാന്‍ ചെയ്തതും. സിനിമയുടെ വിജയം നമുക്ക് പ്രചവിച്ചാക്കാനാകില്ല. ദൃശ്യം 3യുടെ കാര്യത്തിലും അതങ്ങനെയാണ്.'' മോഹന്‍ലാല്‍ പറയുന്നു.
പേട്രിയറ്റിലെ മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്ന രംഗം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതേക്കുറിച്ചും അവതാരകന്‍ ചോദിക്കുന്നുണ്ട്. പഴയ ചിത്രങ്ങളായ തന്മാത്ര, താളവട്ടം തുടങ്ങിയ ചിത്രങ്ങളും മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ മരിക്കുന്ന സിനിമകളും ചൂണ്ടിക്കാണിക്കുകയായിരുന്നു അവതാരകന്‍.
''തന്മാത്രയിലും താളവട്ടത്തിലും വൈകാരിക തലം വളരെ ഉയര്‍ന്നതായിരുന്നു. കഥാപാത്രത്തിന്റെ ഗ്രാഫ് അത്ര പെര്‍ഫെക്ടായിട്ടാണ് ഒരുക്കിയത്. അതിനാല്‍ ആ മരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായി മാറി. പക്ഷെ പേട്രിയറ്റിലേത് ചെറിയൊരു കഥാപാത്രമായിരുന്നു. അതായിരിക്കാം കാരണം. കഥാപാത്രത്തിന്റെ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല എന്നായിരിക്കാം. എനിക്കറിയില്ല. അല്ലാത്തപക്ഷം ഒരു കഥാപാത്രത്തിന് മരിക്കാം'' എന്നാണ് മോഹന്‍ലാല്‍ നല്‍കിയ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates