വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിനൊടുവിലാണ് നടി ശരണ്യ വിടപറഞ്ഞത്. മരിച്ചിട്ട് മാസങ്ങളായെങ്കിലും ശരണ്യയുടെ ഓർമ്മകൾ ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ ശരണ്യയുടെ യൂട്യൂബ് ചാനലിലൂടെ വീണ്ടും പ്രിയപ്പെട്ട പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ് അമ്മ ഗീത. അസുഖത്തോട് പോരാടിയിരുന്ന നാളുകളിൽ ഒപ്പം നിന്നവർക്കും മരണത്തിലും താങ്ങായി നിന്നവരോടും നന്ദി അറിയിക്കാനാണ് 'സിറ്റി ലൈറ്റ്സ്– ശരണ്യാസ് വ്ലോഗ്' എന്ന യൂട്യൂബ് ചാനലിലൂടെ അമ്മ എത്തിയത്.
ക്ഷമാപണത്തോടെയാണ് അവർ വിഡിയോ തുടങ്ങിയത്. "അവളെ അവസാനമായി കാണാനെത്തിയ പലരോടും ഞാൻ മോശമായി പെരുമാറി എന്ന് പറഞ്ഞുകേട്ടു. അത് ഒന്നും മനപൂർവമല്ല. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു", അമ്മ പറഞ്ഞു. സ്വന്തം മോളെപ്പോലെ ശരണ്യയെ ചേർത്തുനിർത്തിയ സീമ ജി നായരോടും ശരണ്യയെ പരിചരിച്ച ഡോക്ടർമാരോടും അമ്മ നന്ദി അറിയിച്ചു.
യൂട്യൂബ് ചാനലിലെ വിഡിയോകൾ കണ്ടുപോലും മകൾക്ക് കൈതാങ്ങായി നിന്ന് പ്രേക്ഷകരെയും ആ അമ്മ ഓർത്തു. യൂട്യൂബ് ചാനൽ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അതിൽ നിന്ന് കിട്ടിയ ചെറുതല്ലാത്ത വരുമാനം കൊണ്ട് ആശുപത്രിയിലെ ബിൽ അടയ്ക്കാനും കഴിഞ്ഞു. ഒപ്പം നിന്ന സിനിമാ സീരിയൽ രംഗത്തെ പ്രിയപ്പെട്ടവരോടും ഗീത നന്ദി അറിയിച്ചു.
"കഴിഞ്ഞ 10 വർഷവും രോഗത്തെ വെല്ലുവിളിച്ചു എന്റെ കുട്ടി, പക്ഷേ ഒടുവിൽ രോഗം എന്റെ മകളെ വെല്ലുവിളിച്ചു. അവിടെ ഡോക്ടർമാരും തോറ്റുപോയി. ഇതൊക്കെ പറയുമ്പോഴും എന്റെ നെഞ്ചിൽ ഒരു തീച്ചൂള കത്തിയമരുകയാണ്, അത് എത്ര വെള്ളമൊഴിച്ചു കെടുത്താൻ ശ്രമിച്ചിട്ടും കെടുന്നില്ല. കാരണം എന്റെ പ്രാണനാണ്, ഈ വീട്ടിലെ ചൈതന്യമാണ് പോയത്. അവളില്ലാത്ത ഒരു ദീപാവലി കടന്നുപോയി", ദുഃഖം കടിച്ചമർത്തി അമ്മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates