പ്രമുഖ വ്യവസായി സി ജെ റോയിയുടെ മരണം മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗളൂരുവിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് അദ്ദേഹം ആത്മഹത്യ ചെയ്തത്. വ്യവസായി എന്നതിനപ്പുറത്തേക്ക് സിനിമയോടും ഏറെ പ്രിയമുള്ള ആളായിരുന്നു സി ജെ റോയ്. സിനിമ നിർമാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു.
മോഹൻലാൽ ചിത്രം 'കാസനോവ'യിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള റോയ്‌യുടെ ചുവടുവയ്പ്പ്. കോൺഫിഡന്റ് ഗ്രൂപ്പ് സഹനിർമാതാക്കളായ പുതിയ ചിത്രം അനോമി റിലീസിനൊരുങ്ങവേയാണ് റോയ്‌യുടെ അപ്രതീക്ഷിത വിയോഗം. 2012 ൽ മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കാസനോവ.
ആ വർഷം റിപ്പബ്ലിക് ഡേ റിലീസ് ആയിട്ടാണ് കാസനോവ പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം പുറത്തിറങ്ങി 14 വർഷം പൂർത്തിയായ വേളയിലാണ് റോയ്‌യുടെ മരണം. അക്കാലത്ത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു കാസനോവ. പാൻ ഇന്ത്യൻ സിനിമ എന്ന ആശയം വരുന്നതിന് മുൻപ് തന്നെ അത്തരം വ്യവസായ സാധ്യതകളെ കുറിച്ച് റോയ് സംസാരിച്ചിരുന്നു.
സിനിമകളുടെ വിദേശ വിപണിയെ കുറിച്ചൊക്കെ അദ്ദേഹം അക്കാലത്തു തന്നെ സുഹൃത്തുക്കളുമായി ആശയങ്ങൾ പങ്കുവച്ചിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' എന്ന ചിത്രവും സി ജെ റോയ് നിർമ്മിച്ചു. 2013 ൽ ആയിരുന്നു 'ലേഡീസ് ആൻഡ് ജെന്റിൽമാന്റെ' റിലീസ്.
'വെള്ളിമൂങ്ങ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം 'മേം ഹൂം മൂസ' എന്ന ചിത്രവും, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും സി ജെ റോയ് നിർവഹിച്ചിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രവും സി ജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു നിർമ്മിച്ചത്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന 'അനോമി: ദ് ഇക്വേഷൻ ഓഫ് ഡെത്ത്' ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
ഭാവനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമയ്ക്ക് പുറമേ റിയാലിറ്റി ഷോകളുടെ നിർമാണ രംഗത്തും സജീവമായിരുന്നു റോയ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് മലയാളികൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത എല്ലാ റിയാലിറ്റി ഷോകളും വൻ വിജയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates