മുൻപിൽ കാമറ ഓൺ ആക്കി വച്ചിട്ട് ഇന്നസെന്റ്, നെടുമുടി വേണു, പറവൂർ ഭരതൻ, പപ്പു, മുകേഷ് എന്നിവരൊക്കെ നിന്നങ്ങ് ജീവിച്ച സിനിമയായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ 'ധീം തരികിട തോം'. മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്.
അതിലേറ്റവും ഹിറ്റായത് നടൻ മുകേഷിന്റെ 'ഒത്തില്ല... ഒത്തില്ല' എന്ന ഡയലോഗാണ്. ഇന്നും സാഹചര്യത്തിനും സന്ദർഭത്തിനുമനുസരിച്ച് ഈ ഡയലോഗ് നമ്മൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥ പറയുകയാണ് മുകേഷ്. ഇപ്പോൾ ആ ഡയലോഗ് പറഞ്ഞെല്ലാവരും ചിരിക്കുന്നുണ്ടെന്നും, പക്ഷേ അന്ന് അത്രമാത്രം ടെൻഷനടിച്ച ഒരു സീനായിരുന്നു അതെന്നും മുകേഷ് ഓർത്തെടുത്തു.
'കോസ്മിക് സാംസൺ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു മുകേഷ്. "ആ കാലഘട്ടത്തിൽ പ്രിയദർശന്റെ സിനിമകളിൽ ഗ്രൂപ്പ് കളിയാണ്. ഓടരുത് അമ്മാവാ ആളറിയാം, അയൽവാസി ഒരു ദരിദ്രവാസി ഇങ്ങനെ ഒരുപാട് ഗ്യാങ് ഉണ്ട്.
മണിയൻപിള്ള രാജു, ജഗദീഷ്, ശ്രീനിവാസൻ, കുതിരവട്ടം പപ്പു അങ്ങനെയാണ്. പ്രത്യേകമായിട്ടൊരു കാരക്ടർ ഇല്ല, ഗ്രൂപ്പ് ആണ്. ആർക്ക് വേണമെങ്കിലും ഏത് ഡയലോഗും പറയാം, ഓക്കെയാണ്. അല്ലാതെ, ഒരു കഥാപാത്രം അയാൾ ആ ഡയലോഗ് പറയില്ല എന്നൊന്നില്ല. ആര് പറഞ്ഞാലും ഓക്കെയാണ്. ഗ്രൂപ്പിൽ നിൽക്കുകയല്ലേ. പ്രിയദർശന്റെ ഒരു സന്തോഷത്തിൽ നിന്നും ഒരു ഡയലോഗ് വന്നു.
'നീ പറ, രണ്ട് പ്രാവശ്യം ആ ഡയലോഗ് പറയുന്നത് തെറ്റിച്ച് കഴിഞ്ഞാൽ നിന്നെ മാറ്റും. വേറെ ആൾക്ക് കൊടുക്കും' എന്ന്. അപ്പോഴുള്ള നമ്മുടെ ഒരു ടെൻഷനുണ്ട്. ഇതെങ്ങനെയെങ്കിലും കറക്ടായി വരണം. അങ്ങനെയുള്ളൊരു ഫൈറ്റിലാണ് നമ്മളെല്ലാവരും കേറി വരുന്നത്. ഒത്തില്ല... എന്ന് പറഞ്ഞ സംഭവം കൊല്ലത്ത് നടന്നതാണ്, സാധാരണ നടക്കുന്നതാണ്. കാര്യം വല്ലവരും വഴക്കിടുമ്പോൾ, ഒരാളുടെ അടുത്തു വന്ന് നിന്നിട്ട് വേറൊരാൾ പറയും, അടിച്ചോ... അടിച്ചോ... നമ്മൾ കൂടെയുണ്ടെന്ന്.
അടി തുടങ്ങുമ്പോഴേക്കും മാറിക്കളയും, അടി കാണാനാണ് ഇവരിങ്ങനെ പറയുന്നത്. ഇങ്ങനെയൊരു സിറ്റുവേഷൻ 'ധീം തരികട തോ'മിൽ വന്നപ്പോൾ ഞാൻ പ്രിയനെ മാറ്റി നിർത്തിയിട്ട് പറഞ്ഞു, 'എന്റെ കയ്യിൽ ഇതിനൊരു ക്ലൈമാക്സ് ഉണ്ട്. ഞാനതിലൂടെ സഞ്ചരിച്ച ആളാണ്. പക്ഷേ ഒന്നോ രണ്ടോ പ്രാവശ്യം തെറ്റിച്ചാലും എനിക്ക് തന്നെ തരണം അത്, മാറ്റിക്കൊടുക്കരുത്' എന്ന്.
ഇത് കേട്ടപ്പോൾ പ്രിയന് ഇഷ്ടപ്പെട്ടു. പ്രിയൻ പറഞ്ഞു, 'ആ ശരി അത് നീ തന്നെ പറഞ്ഞോ, തെറ്റിയാലും നീ തന്നെ പറഞ്ഞോ' എന്ന്. ഇതാണ് ഒത്തില്ല... എന്നതിന് പിന്നിലുള്ള ഒരു ശോകകഥ. ഇപ്പോൾ പറഞ്ഞ് ചിരിക്കുന്നു. പക്ഷേ അന്ന് അത്രമാത്രം ടെൻഷനടിച്ച ഒന്നായിരുന്നു അത്".- മുകേഷ് പറഞ്ഞു. 'ധീം തരികട തോമി'ൽ ഇന്നസെന്റിന്റെ കഥാപാത്രവും നെടുമുടി വേണുവിന്റെ കഥാപാത്രവും തമ്മിൽ വഴക്കിടുന്ന സീനിലാണ് മുകേഷ് ഒത്തില്ല... ഒത്തില്ല എന്ന ഡയലോഗ് പറഞ്ഞ് സ്കോർ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates