പ്രേക്ഷകരില്‍ ഏറെ ആകാംക്ഷയേറ്റിയ പ്രഖ്യാപനമായിരുന്നു ദൃശ്യം 3 യുടേത്. മലയാള സിനിമയുടെ വിപണിമൂല്യം വര്‍ധിപ്പിച്ച ഒരു ജനപ്രിയ ചിത്രത്തിന്‍റെ മൂന്നാം ഭാഗം എന്ന നിലയ്ക്ക് വലിയ പ്രേക്ഷക പ്രതീക്ഷകളാണ് സംവിധായകന്‍ ജീത്തു ജോസഫിന് നിറവേറ്റാനുള്ളത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. "ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും എനിക്കറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ ജോർജ്കുട്ടിയായി കണക്കാക്കി ആ കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ ഞാൻ കൊണ്ടുവരുന്നത്.
മൂന്നാം ഭാഗത്തിന്റെ തിരക്കഥ മുഴുവൻ പൂർത്തിയായിട്ടുണ്ട്. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് ദൃശ്യം 3 യുടെ തിരക്കഥ പൂർത്തിയായത്. പക്ഷേ പ്രേക്ഷകർ എന്താണ് മൂന്നാം ഭാഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് എനിക്കറിയില്ല. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അവർ നിരാശരാകും.
ആദ്യ രണ്ടു ഭാഗത്തിനേക്കാൾ വ്യത്യസ്തമാകും മൂന്നാം ഭാഗം. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും".- എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞത്. എന്നാൽ ദൃശ്യം 3യിലെ കാസ്റ്റിങിനെക്കുറിച്ചും കഥയെക്കുറിച്ചുമൊക്കെയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.
ദൃശ്യം 2 വിലെ കഥാപാത്രങ്ങളെല്ലാം മൂന്നാം ഭാഗത്തിലും ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ദൃശ്യം 2 വിൽ മോഹൻലാലിനൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ കഥാപാത്രമായിരുന്നു മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിൻ ഐപിഎസ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ കോടതിയിൽ നടന്നു പോകുന്ന മുരളി ഗോപിയുടെ മുഖം ഇന്നും മായാതെ മലയാളി മനസിലുണ്ടാകും.
ചിത്രത്തിലെ മുരളി ഗോപിയുടെ ഡയലോഗുകളും പെർഫോമൻസുമെല്ലാം ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. 'സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിക്കുന്നത്, അയാൾ നമ്മളെയാണ്'- എന്ന മുരളി ഗോപിയുടെ ഡയലോഗുകളൊക്കെ ഇന്നും പ്രേക്ഷകർ പറഞ്ഞു നടക്കാറുമുണ്ട്.
ദൃശ്യം 3 യിലും മുരളി ഗോപി ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ദൃശ്യം 2 വിന്റെ നട്ടെല്ലായെത്തിയ മുരളി ഗോപി മൂന്നാം ഭാഗത്തിലും എത്തിയാൽ സിനിമ പ്രതീക്ഷകൾക്കും അപ്പുറമാകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
'എനിക്കുറപ്പുണ്ട്, നമ്മുടെ അടുത്ത വരവിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാൾ. ഒരുതരത്തിൽ പറഞ്ഞാൽ അത് തന്നെയല്ലേ, അയാൾക്കുള്ള ശിക്ഷയും'.- എന്ന മുരളി ഗോപിയുടെ കഥാപാത്രം ക്ലൈമാക്സിൽ ഗീത പ്രഭാകറിനോട് പറയുന്ന ഡയലോഗ് പോലെ, എന്തായിരിക്കും നാല് വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളികളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates