leftover 
Entertainment

ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് തുടക്കം; സലിം അഹമ്മദിന്റെ ‘ലെഫ്റ്റോവർ’ പ്രഖ്യാപിച്ചു

അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളില്‍

Author : സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച് ന്യൂട്ടൻ സിനിമ. ന്യൂട്ടൻ സിനിമ നിർമ്മിച്ച് സെമ്മലർ അന്നം സംവിധാനം ചെയ്ത ‘മയിലാ’യുടെ പ്രത്യേക സ്ക്രീനിംഗ് മെയ് 12ന് കാനിലെ ലെറിന്‍ സിനിമ ക്ലബ്ബിൽ (LérinsCinéma Club) നടക്കും.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി സ്വതന്ത്ര ചലച്ചിത്ര ശൈലിയും കലാത്മക ധൈര്യവും ആഗോള പ്രസക്തിയും കൈവരിക്കുന്ന സിനിമകളുമായി ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. സംവിധായകരുടെ വ്യക്തിമുദ്ര പതിഞ്ഞ സിനിമകളുടെ ശക്തമായ നിരയുമായി കാൻ മാർഷേ ദു ഫിലിമിൽ അരങ്ങേറ്റം കുറിക്കുന്ന ന്യൂട്ടൻ സിനിമയുടെ ബൂത്ത് പലേ (Palais) -1, 27.03 ലാണ്.

ഇതോടൊപ്പം, ന്യൂട്ടൻ സിനിമ സലിം അഹമ്മദിന്റെ അഞ്ചാമത്തെ സംവിധാന ചിത്രമായ ‘ലെഫ്റ്റോവർ' പ്രഖ്യാപിച്ചു. അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് നിർവഹിക്കുന്നത്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് എ.ശ്രീകർ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ ആഷിക് എസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ ഗായത്രി കിഷോർ, മേക്കപ്പ് സലാം എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയതോടൊപ്പം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയും ശ്രദ്ധ നേടിയിരുന്നു. ‘പത്തേമാരി', 'കുഞ്ഞനന്തൻ്റെ കട', 'ആൻഡ് ദി ഓസ്കാർ ഗോസ് ടു...'’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ.

"ലെഫ്റ്റോവർ നിശബ്ദത, ഓർമ്മ, ധാർമികമായ പ്രാധാന്യം എന്നിവയിൽ നിന്നുമാണ് രൂപം കൊണ്ടത്. അതിശയോക്തികളില്ലാതെ വേദനയെ അവതരിപ്പിക്കുന്ന, വിശദീകരണം ആവശ്യമില്ലാത്ത മാന്യതയെ നിലനിർത്തുന്നതുമായ ഈ ചിത്രം അതിർത്തികൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു പൊതുവായ അനുഭവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ന്യൂട്ടൻ സിനിമയിലൂടെ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന് മുന്നിലെത്തിക്കാൻ കഴിയുന്നതിൽ ഞാൻ അതിയായ സന്തോഷവാനാണ്" - സലിം അഹമ്മദ് പറഞ്ഞു.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ടൗളൂസ് ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച 'മയിലാ’ ടൗളൂസിൽ ഓഡിയൻസ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ലെഫ്റ്റോവറിന്റെ വേൾഡ് പ്രീമിയർ പ്ലാനുകൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും.

ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് പട്ടികയിൽ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന വിത്താനഗെ, അനുഷ്ക സേനാനായകെ എന്നിവർ ചേർന്ന് രചന നിർവ്വഹിച്ച 'ദി ഗാംബ്ലർ' എന്ന ചിത്രവും ഉൾപ്പെടുന്നു. റോഷൻ മാത്യു, ശ്വേത ബസു പ്രസാദ്, പ്രകാശ് രാജ്, മഹേന്ദ്ര പെരേര, ലക്ഷൺ അബേനായകെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും എടിറ്റിംഗ് എ. ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്. കെ. സംഗീതവും തപസ് നായക് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ദ സോർബോൺ കോൺസ്പിറസിയും, മുൻപ് തന്റെ ആദ്യ ചിത്രത്തിലൂടെ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ നിതിൻ ലൂക്കോസ് ഒരുക്കുന്ന ദ വൈൽഡ് ഹണ്ടും ഈ നിരയിൽ ഉൾപ്പെടുന്നു.

ലെഫ്റ്റോവർ, മയിലാ എന്നിവയുടെ തിയറ്റർ റിലീസും മറ്റ് ഫെസ്റ്റിവൽ ജേർണിയുമായി ബന്ധപ്പെട്ട് ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര വിൽപ്പന പ്രതിനിധികളുമായും ഇന്ത്യൻ വിതരണ പങ്കാളികളുമായും അന്തിമ ചർച്ചകൾ നടത്തിവരികയാണ്.

Leftover

ന്യൂട്ടൻ സിനിമയുടെ സ്ഥാപകനും സിഇഒയും നിർമ്മാതാവുമായ ആന്റോ ചിറ്റിലപ്പിള്ളി പറഞ്ഞു: “സ്വന്തമായൊരു ചലച്ചിത്രഭാഷയും സാമൂഹിക ബോധവുമുള്ള സംവിധായകർക്ക് ഒരിടമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലെഫ്റ്റോവർ, മയിലാ, കൂടാതെ വരാനിരിക്കുന്ന സിനിമകളിലൂടെ സ്വതന്ത്ര സിനിമാ പ്രവർത്തകരോടൊപ്പം നിൽക്കാനും, ബുദ്ധിമുട്ടുള്ള എന്നാൽ പറയേണ്ടതുമായ വിഷയങ്ങളുള്ള കഥകൾ സംരക്ഷിക്കാനും, കേൾക്കാതെ പോകുന്ന ശബ്ദങ്ങളെ ലോക സിനിമയുടെ വേദിയിലേക്ക് കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നു."

ന്യൂട്ടൻ സിനിമ, സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കൾ, പ്രാതിനിധ്യം കുറഞ്ഞ ശബ്ദങ്ങൾ എന്നിവയ്‌ക്കായുള്ള ഒരു അന്താരാഷ്ട്ര നിർമ്മാണ സ്ഥാപനമാണ്. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, കൊളംബോ, ശ്രീലങ്ക, ഇന്ത്യയിലെ കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.

Newton Cinema announces their new movie Leftover. The film will be directed by Salim Ahamed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു; ജ്യോത്സനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമനം; ആരാണ് രാധന്‍ പണ്ഡിറ്റ്?

വടക്കന്‍ കേരളത്തില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; കാരണമിത്?

'മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തും' : തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമോ വിജയ് ? ആശങ്കയോടെ കേരളം

SCROLL FOR NEXT