ഷോപ്പിങ് മാളിൽ വച്ച് തനിക്കു നേരെ ആരാധകരുടെ അതിക്രമം ഉണ്ടായതിൽ പ്രതികരിച്ച് നടി നിധി അഗർവാൾ. അന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് നടി പിടിഐയോട് പ്രതികരിച്ചു. പ്രഭാസ് ചിത്രം ദ് രാജാസാബിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തി മടങ്ങിപ്പോകുമ്പോഴാണ് നിധിയെ ആരാധകർ വളഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
അന്ന് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഇതേക്കുറിച്ച് വിശദമായി സംസാരിക്കാൻ ശരിയായ സമയം കണ്ടെത്തുമെന്നും നിധി അഗർവാൾ പറഞ്ഞു. "ആ സംഭവത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ ശരിയായ സമയത്ത് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണ്.
ഞാൻ പറയുന്ന ഏത് കാര്യവും തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. അതുകൊണ്ട് ഞാൻ സംസാരിക്കും. പക്ഷേ കുറച്ച് സമയത്തിനു ശേഷം മാത്രം," നിധി അഗർവാൾ പറഞ്ഞു. സുരക്ഷാ ജീവനക്കാരെ പോലും വകവയ്ക്കാതെയാണ് നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തിയത്.
ഏറെ പണിപ്പെട്ടാണ് നിധി കാറിലേക്ക് കയറിയതും. നടിയുടെ ശരീരത്ത് തൊടാനും വസ്ത്രം വലിച്ചു കീറാനുമൊക്കെ ആരാധകർ ശ്രമിച്ചിരുന്നു. ആളുകളുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു.
നാല് ഭാഗത്തു നിന്നും ആരാധകരെത്തിയതോടെ നടി പെട്ടു പോവുകയായിരുന്നു. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പൊലീസ് കേസെടുത്തിരുന്നു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് രാജാ സാബ്. മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates