Enna Vilai  
Entertainment

ദാദാ സാഹിബ് ഫാല്‍ക്കെ ചലച്ചിത്രോത്സവത്തില്‍ തിളങ്ങി നിമിഷ സജയന്‍ ചിത്രം; മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി 'എന്ന വിലൈ'

ചിത്രം സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എഴുതിയ സജീവ് പാഴൂർ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ 'എന്ന വിലൈ'ക്ക് റിലീസിന് മുൻപ് തന്നെ പുരസ്‍കാര നേട്ടം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‍കാരമാണ് ചിത്രത്തെ തേടിയെത്തിയത്.

കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് 'എന്ന വിലൈ' എന്നാണ് സൂചന.

വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമായാണ് 'എന്ന വിലൈ' ഒരുക്കിയിരിക്കുന്നത്. അവാർഡ് ഒരു അഭിമാനകരമായ നാഴികക്കല്ലാണെങ്കിലും, വലിയ പ്രേക്ഷക സമൂഹവുമായി ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമ്പൂർണ്ണ തീയേറ്റർ അനുഭവമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ ഊന്നിപ്പറയുന്നു.

ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുന്നത് തങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണ് എന്നും, തങ്ങളുടെ കഥയുടെ ശക്തിയെയും ടീം നടത്തിയ പരിശ്രമത്തെയും അത് സാധൂകരിക്കുന്നു എന്നും നിർമ്മാതാവ് ജിതേഷ് വി പറയുന്നു. അതേസമയം, വലിയ തീയേറ്റർ അനുഭവം നൽകാനായി നിർമ്മിച്ചിരിക്കുന്ന, ആകർഷകവും വൈകാരികവും വിശാലമായ പ്രേക്ഷക സമൂഹവുമായി ബന്ധിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതുമായ ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ഇത് അനുഭവിക്കാൻ കഴിയുമെന്നതിൽ തങ്ങൾ ആവേശത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഈ കഥ വളരെ വേരൂന്നിയതും യഥാർത്ഥവുമായ ഇടത്തിൽ നിന്നാണ് വരുന്നത് എന്നും, ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിരക്കഥയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത് ശരിക്കും സവിശേഷമാണ് എന്നും സജീവ് പഴൂർ പറയുന്നു. എന്നാൽ അവാർഡിനപ്പുറം, ആകർഷകവും ആഴത്തിലുള്ളതുമായ അനുഭവമായി തങ്ങൾ ഈ ചിത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും തീവ്രതയോടും വികാരത്തോടും കൂടി വികസിക്കുന്ന ഒരു കഥയാണിത് എന്നത് കൊണ്ട് തന്നെ, വലിയ സ്ക്രീനിൽ പ്രേക്ഷകർക്ക് അതുമായി ആഴത്തിലുള്ള ബന്ധം അനുഭവപ്പെടുമെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് പൂർത്തിയായത്.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

Nimisha Sajayan's Enna Vilai wins best screen paly at Dada Saheb Phalke Film Festival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ നിന്ന് ഇറങ്ങിയോടി ഓടയില്‍ ചാടി; യുവാവിന് ദാരുണാന്ത്യം

യുഡിഎഫ് അധികാരത്തില്‍ വരരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ട്; മുഖ്യമന്ത്രി ചര്‍ച്ച മാധ്യമസൃഷ്ടി: പി ജെ കുര്യന്‍

വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് സുരക്ഷിതമോ?

പാമ്പ് കടി; തെറ്റായ പ്രാഥമിക ശുശ്രൂഷ ജീവൻ അപകടത്തിലാക്കും

SCROLL FOR NEXT