തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി തുടച്ചുനീക്കാൻ സർക്കാർ ആരംഭിച്ച പുതിയ പദ്ധതി പ്രൊജക്ട് സീറോ വലിയൊരു തുടക്കമാണെന്ന് നടൻ നിവിൻ പോളി. അഴിമതിക്കെതിരെ ധൈര്യത്തോടെ പോരാടാൻ പുതിയ തലമുറയ്ക്ക് കഴിയുമെന്നും സമൂഹത്തിൽ കാണുന്ന ഓരോ അഴിമതിയും തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും നിവിൻ പറഞ്ഞു. ‘പ്രൊജക്ട് സീറോ’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകാര്യം ലൊയോള സ്കൂളിൽ നടന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിവിൻ പോളിയും ചേർന്ന് ‘വിജിലൻസ് വിസിൽ’ മുഴക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊജക്ട് സീറോ വലിയൊരു തുടക്കമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരുപാട് നാളുകളായി ഞാനെല്ലാം ആഗ്രഹിച്ചിട്ടുള്ള ഒന്നാണ്.
അഴിമതിരഹിതമായിട്ടുള്ള ഒരു നാട്. അഴിമതിയില്ലാതെ ധൈര്യത്തോട് മുന്നോട്ട് സഞ്ചരിക്കാൻ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാവുക എന്നത് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അത് പുതിയ തലമുറക്ക് കൊടുക്കുന്ന ഒരു സന്ദേശവും ഉറപ്പും ഒരു വിശ്വാസവുമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് 'ആക്ഷൻ ഹീറോ ബിജു' എന്ന പേരിലുള്ള ഒരു സിനിമ ഞാൻ ചെയ്തിരുന്നു.
കുറച്ചു പേരെങ്കിലും കണ്ടിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ വലിയ ഇടിക്കാരനായുള്ള പൊലീസുകാരനൊന്നുമല്ലെങ്കിലും ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്ന നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ഞാനതിൽ അഭിനയിച്ചിട്ടുള്ളത്.
ഒരു സമൂഹം നിലനിൽക്കുന്നത് നിയമത്തിലുള്ള വിശ്വാസത്തിലാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നമ്മുടെ നിയമത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് നമ്മളെല്ലാവരും നിലനിൽക്കുന്നത്. എന്നാണോ ആ നിയമത്തിലുള്ള വിശ്വാസം നമുക്ക് നഷ്ടപ്പെടുന്നത് ആ സമൂഹവും പതുക്കെ തകരാൻ തുടങ്ങുമെന്നാണ് ഞാൻ മനസിലാക്കുന്നത്. പണം കൊണ്ട് കൊടുക്കുന്ന കൈക്കൂലി മാത്രമല്ല അഴിമതി.
ഒരു വ്യക്തിയുടെ അവസരം ഇല്ലാതാക്കുന്നത്, ഒരു വിദ്യാർഥിയുടെ അവസരം ഇല്ലാതാകുന്നതും. എത്ര പഠിച്ചാലും കുറുക്കു വഴികളിലൂടെ മുന്നോട്ട് പോകുന്നവർക്കാണ് വിജയം എന്നൊരു തോന്നൽ. അല്ലെങ്കിൽ നമുക്ക് എത്ര മെറിറ്റ് ഉണ്ടെങ്കിലും പണവും അധികാരവും കൊണ്ട് ഇത് മറി കടക്കാൻ പറ്റുമെന്നുള്ള ഒരു വിശ്വാസം. ഇതെല്ലാം അഴിമതിയുടെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതിൽ ഏറ്റവും വലിയ കാര്യം നേരായ വഴിയിലൂടെ സഞ്ചരിച്ചിട്ട് ഒരു കാര്യവുമില്ലെന്ന ഒരു തോന്നലാണ്. എത്ര നന്നായി പ്രവർത്തിച്ചാലും ഇതു കൊണ്ടൊന്നും ഒരു കാര്യവുമില്ല. പണവും അധികാരവും കൊണ്ട് മാത്രമേ വിജയിക്കാനാകൂ എന്നൊരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. അത് മാറാൻ ഈ മൂവ്മെന്റ് സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഓഫീസുകളിൽ നിന്ന് മാത്രമല്ല, സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും അത് തുടങ്ങണം. നമ്മൾ കോപ്പിയടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക. നമ്മുടെ ചുറ്റുമുള്ള നമ്മുടെ സുഹൃത്തുക്കളുടെ വിജയവും കഴിവും അംഗീകരിക്കാൻ നമുക്ക് സാധിക്കുക. മോശം കാര്യങ്ങളിലേക്ക് നയിക്കുന്ന കൂട്ടുകാരുണ്ടെങ്കിൽ അവരിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുക.
'വടക്കൻ സെൽഫി' എന്നൊരു സിനിമ ചെയ്തപ്പോൾ ഉമേഷ് എന്ന എന്റെ കഥാപാത്രത്തിന്റെ റീൽസ് ഇടയ്ക്കിടെ പൊങ്ങി വരുന്നത് കാണാം. അജു വർഗീസിനോട് ഉമേഷ് പറയുന്നൊരു ഡയലോഗ് ഉണ്ട്, 'അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പല തവണ എന്നെ കുഴിയിൽ ചാടിച്ചിട്ടുള്ളവനാണ് നീ'. - എന്ന്. അത്തരം കൂട്ടുകാരെ നമ്മൾ ഐഡന്റിഫൈ ചെയ്യുക. ഇത് ഞാൻ അജുവിനെതിരെ പറയുന്നതല്ല കേട്ടോ.
എന്റെ വീട്ടിൽ ഞാൻ ഫോൺ ചെയ്യുമ്പോൾ അല്ലെങ്കിൽ സിനിമകളുടെ പ്രൊമോഷനൊക്കെ വരുമ്പോൾ എന്റെ മകൻ എന്നോട് ചോദിക്കാറുണ്ട്, ഇതെന്തു കൊണ്ടാണ് സംസാരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചില്ല എന്നൊക്കെ.
ആദ്യം എനിക്കിത് ഭയങ്കര അത്ഭുതമായിട്ട് തോന്നിയെങ്കിലും പുതിയ തലമുറയിൽ ഞാൻ കാണുന്ന ഒരു കാര്യമാണ്. അവർ ചോദ്യം ചെയ്യും. അവർ തെളിവുകൾ ആവശ്യപ്പെടും. അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് കിട്ടുന്നത് ഒരു ധൈര്യമാണ്. - നിവിൻ പോളി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates