ചെന്നൈയ്ക്കുള്ള യാത്രാമധ്യേയാണ് വിനീത് ശ്രീനിവാസന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്ത കേട്ടത്. തന്നെ താനാക്കിയ, ജീവനോളം സ്‌നേഹിച്ച അച്ഛന്‍ ഇനിയില്ല. യാത്രയുപേക്ഷിച്ച് വീട്ടിലേക്ക് ഓടിയെത്തി വിനീത്. കോഴിക്കോടു നിന്നും അനിയന്‍ ധ്യാനുമെത്തി. ചേതനയറ്റ ശ്രീനിവാസന്റെ മൃതദേഹത്തിനരികിലിരുന്ന് ഓര്‍ത്തോര്‍ത്ത് കരയുന്ന വിനീതും ധ്യാനും, അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ കൂടെക്കരയുന്ന അമ്മ വിമലയും മലയാളി മനസില്‍ ഒരിക്കലും മായാത്ത നോവായിരിക്കും.
തന്റെ മക്കള്‍ക്കായി ഒരിക്കലും ശ്രീനിവാസന്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അവരെ അവരുടെ വഴിക്ക് വിട്ടു. കാലം അവരെ സിനിമയിലേക്ക് തന്നെ എത്തിച്ചു. കാലവും സിനിമയും ശ്രീനിയ്ക്ക് നല്‍കിയ റിട്ടേണ്‍ ഗിഫ്റ്റുകളായിരിക്കും ഒരുപക്ഷെ അത്.
മലയാള സിനിമ കണ്ട ഏറ്റവും വികാരനിര്‍ഭരമായ യാത്രയയപ്പുകളിലൊന്ന് നല്‍കിയാണ് ശ്രീനിവാസനെ ഇന്നലെ മലയാളക്കര യാത്രയാക്കിയത്. സോഷ്യല്‍ മീഡിയ എഴുത്തുകളില്‍ നിറയുകയാണ് കാലാതീതനായ എഴുത്തുകാരന്‍. ശ്രീനിയുടെ വേര്‍പാടില്‍ മക്കളായ ധ്യാനും വിനീതും പലപ്പോഴായി അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുള്ള കളിയും കാര്യവുമൊക്കെ ചര്‍ച്ചയാകുന്നു. അതിലൊന്നാണ് അച്ഛനെ കെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച് പണ്ട് വിനീത് പറഞ്ഞ വാക്കുകള്‍.
2022 ല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് അച്ഛനെ കെട്ടിപ്പിടിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തില്‍ വിജയരാഘവന്റെ അച്ഛന്‍ മകനായ പ്രണവ് മോഹന്‍ലാലിനോട് വിരോധമില്ലെങ്കില്‍ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിക്കുന്ന രംഗത്തിന്റെ പിറവിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
''അച്ഛനെ ഒന്നു കെട്ടിപ്പിടിക്കുക അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്നു സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നെ സംബന്ധിച്ചാണെങ്കില്‍ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചിട്ടുള്ള സന്ദര്‍ഭങ്ങളൊക്കെ ഞാന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്.'' എന്നാണ് വിനീത് പറഞ്ഞത്.
''വീട്ടില്‍ ഒന്നും അങ്ങനെ പുറമേ പ്രകടിപ്പിക്കുന്ന ആളല്ല അച്ഛന്‍. എല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതം. പക്ഷേ, ചില ദിവസങ്ങളില്‍ അച്ഛന്‍ എന്നെ വിളിച്ച് പാട്ടു പാടാന്‍ പറയും. അച്ഛന് പാട്ട് വലിയ ഇഷ്ടമാണ്. പാട്ടു പാടിക്കഴിഞ്ഞാല്‍ അച്ഛന്‍ കെട്ടിപ്പിടിക്കും. അച്ഛന്റെ കെട്ടിപ്പിടുത്തം കിട്ടാന്‍ വേണ്ടി പാട്ടുപാടാന്‍ ഞാന്‍ എപ്പോഴും തയാറായി നില്‍ക്കും'' എന്നും വിനീത് പറയുന്നുണ്ട്.
അച്ഛനെ കെട്ടിപ്പിടിച്ച മറ്റൊരു സന്ദര്‍ഭം കൂടി വിനീത് ഓര്‍ക്കുന്നുണ്ട്. വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസായ ദീവസമായിരുന്നു അത്. ''സിനിമ എങ്ങനെയാകും എന്ന ആശങ്കയിലായിരുന്നു ഞാന്‍. അന്ന് അച്ഛന്‍ വീട്ടിലുണ്ട്. 'എങ്ങനെയുണ്ട് സിനിമ' എന്ന് അച്ഛന്‍ എന്നോടു ചോദിച്ചു. എന്റെ കണ്ണു നിറഞ്ഞു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ചു. അതൊക്കെ ഓര്‍ക്കുമ്പോള്‍ പോലും ആത്മധൈര്യം കിട്ടും.'' എന്നും വിനീത് പറയുന്നുണ്ട്.
വിനീതിന് പാട്ടു പാടിക്കൊടുത്ത് കെട്ടിപ്പിടുത്തം വാങ്ങാനും, സിനിമയെന്താകും എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ ചേര്‍ത്തുപിടിച്ച് കെട്ടിപ്പിടിക്കാനും ഇനി ശ്രീനിവാസനില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates