എട്ട് പതിറ്റാണ്ടായ ബോളിവുഡിന്റെ ശബ്ദമായിരുന്ന ആശ ഭോസ്‌ലെയ്ക്ക് വിട പറയുകയാണ് രാജ്യം. പകരം വെക്കാനില്ലാത്ത, പകരക്കാരില്ലാത്ത പ്രതിഭ എന്നൊക്കെ പറയുന്നത് ആശ ഭോസ്ലെയുടെ കാര്യത്തില്‍ ഒട്ടും ക്ലിഷേയല്ല. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് രണ്ടാമതൊന്ന് ചിന്തിക്കാതെ പറയാനാകുന്ന പ്രതിഭാസമായിരുന്നു ആശ ഭോസ്‌ലെ.
ലതാ മങ്കേഷ്‌കര്‍ എന്ന അതികായ ആയ സഹോദരിയുടെ നിഴലില്‍ ഒതുങ്ങിപ്പോകേണ്ടിയിരുന്നൊരു കരിയറായിരുന്നു ആശയുടേത്. എന്നാല്‍ അതില്‍ നിന്നും പുറത്ത് കടക്കുക മാത്രമല്ല, തന്റേത് മാത്രമായൊരു പാത വെട്ടിത്തുറക്കുകയും ചെയ്തു അവര്‍. അതിന് ആശ ഭോസ്ലെ നന്ദി പറയുക സംഗീത സംവിധായകന്‍ ഒപി നയ്യാറിനായിരിക്കും.
ലതയ്‌ക്കൊപ്പം പാട്ട് ചെയ്യില്ലെന്ന് തീരുമാനിച്ച നയ്യാര്‍ പക്ഷെ ആശയെ പാടിക്കുക മാത്രമല്ല, ആശയ്ക്ക് സ്വന്തമായൊരു മ്യൂസിക്കല്‍ ഐഡന്റിറ്റി തന്നെയാണ് നല്‍കിയത്. ആശയിലൂടെ ഇന്ത്യന്‍ സിനിമാ സംഗീതത്തിനും. ലത ഫോബിയയില്‍ നിന്നും തന്നെ പുറത്തെത്തിച്ചത് നയ്യാര്‍ ആയിരുന്നുവെന്ന് ആശ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
''അദ്ദേഹത്തെക്കുറിച്ച് നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷെ എന്നെ ഞാനാക്കിയത് അദ്ദേഹമാണ്. നയ്യാര്‍ സാബ് തന്റെ കൈകളില്‍ എന്നെ എടുക്കുന്നത് വരെ ലതാ മങ്കേഷ്‌കറിന് മുന്നില്‍ ഞാനാര്? അദ്ദേഹമാണ് എന്നിലെ ലതാ ഫോബിയ മാറ്റിയത്'' എന്നാണ് ആശ പറഞ്ഞത്.
50 കളില്‍ ഇന്ത്യന്‍ സംഗീതമെന്നാല്‍ തന്നെ ലതയുടെ ശബ്ദമായിരുന്നു ബെഞ്ച് മാര്‍ക്ക്. എല്ലാ സംഗീത സംവിധായകരും പാട്ടുകളൊരുക്കിയത് ലതയുടെ ശബ്ദവും ആലാപന രീതിയും മനസില്‍ കണ്ടായിരുന്നു. ''മറ്റെല്ലാ സംഗീത സംവിധായകരും എന്നോട് ഹൈ പിച്ചില്‍ പാടാനായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹം പക്ഷെ എനിക്ക് വളരെ ശക്തവും സ്മൂത്തുമായ ലോ പിച്ച് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചു. സ്ലോ ആയ, വിഷാദമുള്ള പാട്ടുകളിലെല്ലാം അദ്ദേഹം അത് നന്നായി ഉപയോഗിച്ചു'' എന്നാണ് ആശ പറഞ്ഞിട്ടുള്ളത്.
ആശയുടെ ശബ്ദത്തിന് ചേരുന്ന പാട്ടുകളായിരുന്നു നയ്യാര്‍ ഒരുക്കിയത്. അത് ആശയുടെ കരിയറിനെ മാത്രമല്ല, പിന്നണി ഗാനത്തിന്റെ നടപ്പുരീതികളെ തന്നെ മാറ്റി മറിച്ചു. 'ലേക്കേ പെഹല പെഹല പ്യാര്‍, ബഹുത്ത് ഷുഖിരിയ ബഡി മെഹര്‍ബാനി, മേം ഷായദ് തുമാരേലിയെ അജ്‌നബി, യെഹി വോ ജഗാ ഹേ,' തുടങ്ങിയ മനോഹരമായ പാട്ടുകള്‍ ആ കൂട്ടുകെട്ടില്‍ പിറന്നു.
തന്റെ പാട്ടുകളില്‍ ഏറ്റവും മനോഹരമെന്ന് ആശ ഭോസ്‌ലെ തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജാഡൂഗര്‍ സാന്‍വരിയയും ആ കൂട്ടുകെട്ടിലാണ് പിറന്നത്. താന്‍ ഒരുക്കി വച്ചത് പോലെ തന്നെ പാടിപ്പിക്കുന്നതിന് പകരം ആശയ്ക്ക് ഇഷ്ടമുള്ളത് പോലെ പാട്ടുകളോടൊപ്പം സഞ്ചരിക്കാന്‍ വിടുന്നതും നയ്യാറിന്റെ പതിവായിരുന്നു. അതും വഴിയൊരുക്കിയത് അനശ്വരമായ പാട്ടുകള്‍ക്കാണ്. താന്‍ കണ്ട സംഗീത സംവിധായകരില്‍ ഏറ്റവും നന്നായി പാടിയിരുന്നവരില്‍ ഒരാളെന്നാണ് നയ്യാറിനെക്കുറിച്ച് ആശ പറഞ്ഞിട്ടുള്ളത്. ഉറുദുവില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഗ്രാഹ്യവും പാട്ടുകളുടെ ഭംഗി കൂട്ടാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ആശ പറയുന്നത്.
''നയ്യാര്‍ സാബ് തന്റെ പാട്ടുകള്‍ കമ്പോസ് ചെയ്തത് പോലെയും പാടി തന്നിരുന്നതു പോലെയും ഞാനും മുഹമ്മദ് റാഫിയും പോലും പാടിയിരുന്നില്ല. അദ്ദേഹം പ്രതീക്ഷിച്ചതിന്റെ 80 ശതമാനം പോലും ഞങ്ങള്‍ക്ക് നല്‍കാനായിരുന്നില്ല. തങ്ങളുടേതായ ശൈലിയിലുള്ള നിരവധി സംഗീത സംവിധാകരുടെ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. പക്ഷെ അവരെല്ലാം ട്രെന്റ് സെറ്റര്‍മാരായിരുന്നു. ചിലര്‍ പുതിയ സ്റ്റൈല്‍ കൊണ്ടു വരിക മാത്രമല്ല, തങ്ങളെ ഫോളോ ചെയ്യാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യും. നയ്യാര്‍ അത്തരത്തിലൊരു സംഗീത സംവിധായകന്‍ ആയിരുന്നു. അദ്ദേഹത്തെ പലരും അനുകരിച്ചു. പക്ഷെ അദ്ദേഹം എന്നും ഒറിജിനലായിരുന്നു'' എന്നാണ് ആശ ഭോസ്‌ലെ പറഞ്ഞിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates