മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പാര്‍വതി തിരുവോത്ത്. മമ്മൂട്ടിയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതികരണം വരുമ്പോഴേക്കും വൈകിപ്പോയെന്നും പാര്‍വതി പറയുന്നു. പൊങ്കാല എന്നതിന്റെ അര്‍ത്ഥം താന്‍ അന്നാണ് മനസിലാക്കിയതെന്നും പാര്‍വതി പറയുന്നു. ഷോഷായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
ആക്രമണങ്ങളും ഭീഷണികളും കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സംസാരിക്കാതിരുന്നിട്ടില്ല. ഞാന്‍ മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പക്ഷെ ഒരാഴ്ചയ്ക്കകം തന്നെ വിഷയം വളരെ വലുതായിരുന്നു. അന്ന് എനിക്ക് പൊങ്കാല എന്നാല്‍ എന്താണെന്ന് അറിയില്ലായിരുന്നു. പൊങ്കാല എന്നാല്‍ ക്ഷേത്രത്തിലെ ഉത്സവം മാത്രമായിരുന്നു. പക്ഷെ കേരളത്തില്‍ പൊങ്കാല എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ട്രോള്‍ ചെയ്യപ്പെടുന്നുവെന്നാണ് അര്‍ത്ഥം.
എല്ലാവും പൊങ്കാല തുടങ്ങിയെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. ട്വിറ്ററില്‍ പോയി നോക്കാന്‍ പറഞ്ഞു. അവിശ്വസനീയമായ ആക്രമണമായിരുന്നു. പക്ഷെ ബലാത്സംഗ ഭീഷണയും വധഭീഷണിയും വരുന്നത് വരെ എന്നെ അതൊന്നും ബാധിച്ചിരുന്നില്ല. അതോടെ ഇത് നിയമവിരുദ്ധമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും തീരുമാനിച്ചു. ഞാനായിരുന്നില്ല അവരുടെ പ്രശ്‌നം, ഒരു സ്ത്രീ സംസാരിച്ചുവെന്നതായിരുന്നു. ഞാനായിരുന്നില്ല. ഞാന്‍ എന്തിനെയാണോ പ്രതിനിധീകരിക്കുന്നത് അതായിരുന്നു പ്രശ്‌നം. അത് മനസിലായതോടെ എനിക്ക് കരുത്ത് ലഭിച്ചു. ആക്ടിവിസത്തിന്റെ ഭാഗമായി ഞാന്‍ ചെയ്യുന്ന ഓരോ കാര്യവും, എന്റെ നട്ടെല്ല് എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ആ കരുത്ത് വരുന്നത് ഞാന്‍ ഒരു വ്യക്തിയായി മാത്രം പൊരുതുന്നു എന്ന തോന്നലില്‍ നിന്നല്ല, മറിച്ച് ഒരു കൂട്ടായ്മയുടെ പ്രതിനിധിയാണ് ഞാന്‍ എന്ന ബോധ്യത്തില്‍ നിന്നാണ്.
എനിക്ക് വേണ്ടിയാണ് പൊരുതുന്നതെന്ന് ചിന്തിക്കുന്ന നിമിഷം എല്ലാം അവസാനിക്കും. വീട്ടില്‍ പോയിരിക്കും. എന്റെ സഹോദരിയുടെ മകള്‍ വളര്‍ന്നു വരുമ്പോള്‍ അവള്‍ക്കും ഇതേ പോരാട്ടം നടത്തേണ്ടി വരരുത്. ഈ ചിന്ത എനിക്കുള്ള ഇന്ധനമായി. ഞാന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ചില്‍ ആയിരുന്നു. പക്ഷെ നിങ്ങള്‍ ചില്ലായിട്ട് കാര്യമില്ല, ആളുകള്‍ ചില്‍ അല്ലെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തോട് പ്രതികരിക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം വരാന്‍ വൈകി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.
പുറത്തു കടക്കാന്‍പോലും എനിക്ക് ഭയമായി. ഭീഷണികള്‍ യഥാര്‍ത്ഥമാണെന്ന് തോന്നി. എന്റെ ആരോഗ്യത്തെ അതെല്ലാം സാരമായി ബാധിച്ചു. ഇത് സംഭവിക്കുന്നത് ഡിസംബറിലാണ്. ഫെബ്രുവരിയില്‍ എനിക്ക് അവാര്‍ഡ് ലഭിച്ചു. അപ്പോഴേക്കും സൈബര്‍ ആക്രമണം പീക്കിലെത്തിയിരുന്നു. ഞാന്‍ വേദിയിലേക്ക് കയറിയപ്പോള്‍ എല്ലാവരും കൂവുകയായിരുന്നു. ജീവിതം മാറ്റി മറിച്ച നിമിഷമായിരുന്നു. അവാര്‍ഡ് വാങ്ങാനായി വേദിയിലേക്ക് ചെല്ലുകയും പതിനായിരം പേര്‍ ഒരുമിച്ച് കൂവുകയും ചെയ്യുന്നു. അത് നിങ്ങളുടെ ഡിഎന്‍എയെ തന്നെ മാറ്റും. ഒന്നുകില്‍ നിങ്ങള്‍ ഇല്ലാതാകും. അല്ലെങ്കില്‍ മനസ് ഉരുക്കുപോലാകും.
കയ്യടികളല്ല കൂവലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തലകറങ്ങി വീഴരുത്, പ്രസംഗം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങണം എന്നാണ് ചിന്തിച്ചത്. ആ 7 മിനുറ്റ 7 വര്‍ഷം പോലെയാണ് തോന്നിയത്. ആ അനുഭവങ്ങളാണ് എന്നെ ഇന്ന് കാണുന്ന ഞാന്‍ ആക്കിയത്.
ഞാന്‍ എല്ലാം ഒറ്റയ്ക്ക് നേരിട്ടു എന്നുമല്ല അര്‍ത്ഥം. എനിക്ക് നല്ല സപ്പോര്‍ട്ടിങ് സിസ്റ്റം ഉണ്ടായിരുന്നു. പിന്തുണയ്ക്കാന്‍ സിനിമയ്ക്ക് പുറത്തുള്ള എന്റെ സുഹൃത്തുകള്‍ കൂടെ നിന്നു. സിനിമയിലുള്ളവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എനിക്കൊപ്പം ആണെന്ന് കണ്ടാല്‍ അവരുടെ വേഷം നഷ്ടമാകും. എനിക്കൊപ്പം നിന്നവര്‍ക്ക് ലഭിച്ച ശിക്ഷ വളരെ വലുതായിരുന്നു. എനിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ നടന്മാരുണ്ട്. അതേസമയം ഒപ്പം നിന്നവരുമുണ്ട്. പ്രതിസന്ധികളുടെ പീക്കിലാണ് ആസിഫ് അലിയും ടൊവിനോ തോമസും എനിക്കൊപ്പം ഉയരെ ചെയ്യുന്നത്.
പല നിര്‍മാതാക്കളും എന്നെ മാറ്റിനിര്‍ത്തിയപ്പോള്‍, പ്രമുഖ നിര്‍മാതാവായ പി.വി. ഗംഗാധരന്റെ മക്കള്‍ (എസ്‌ക്യൂബ് പ്രൊഡക്ഷന്‍സ്) എന്നെ വിളിച്ച് ആ സിനിമയിലെ പ്രധാന വേഷം നല്‍കുകയും ഇന്‍ഡസ്ട്രിയില്‍ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം എനിക്ക് നല്‍കുകയും ചെയ്തു. ആസിഫ് കാമുകന്റെ വേഷവും ടൊവിനോ സുഹൃത്തിന്റേയും വേഷം ചെയ്തു. സിനിമ വലിയ വിജയം നേടുകയും ചെയ്തു. അതാണ് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള അനുഗ്രഹം. കാരണം വളരെ അനായാസം എന്നെ തുടച്ചുമാറ്റാന്‍ പറ്റുമായിരുന്നു. ഏപ്രിലിലാണ് ആ സിനിമ ഇറങ്ങിയത്. സിനിമ കണ്ട് നേരെ പോയത് ഒരു അഭിമുഖത്തിനാണ്. അന്ന് പറഞ്ഞത് ഇനി പറയുമോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇനിയുമൊരു പതിനഞ്ച് തവണ പറയാനും തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates