കൊച്ചി: ഫെമിനിസ്റ്റ് ടാഗുകൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ഡബ്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തതിന് പിന്നാലെ തനിക്ക് അവസരങ്ങൾ കുറഞ്ഞതായും പാർവതി കൂട്ടിച്ചേർത്തു. സിനിമയിൽ ഇത്തരത്തിൽ അവസരം നഷ്ടപ്പെടുന്ന ഒരുപാട് അഭിനേതാക്കളുണ്ടെന്നും നടി വ്യക്തമാക്കി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു പാർവതി.
ആക്ടിവിസ്റ്റ് അല്ലെങ്കിൽ ഫെമിനിസ്റ്റ് ടാഗുകൾ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പാർവതി പറഞ്ഞു. "ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ, തുടർച്ചയായി വിജയങ്ങൾ നേടിയ ഒരു അഭിനേതാവ് മാത്രമായിരുന്നു ഞാൻ. എനിക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നു, എന്റെ കൂടെ ഇരിക്കുന്നു, സെൽഫി എടുക്കുന്നു. ഡബ്യുസിസി രൂപീകരിക്കപ്പെടുകയും മറ്റ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്ത അന്ന് മുതൽ പിന്നെ ആരും അധികം സമ്പർക്കം പുലർത്തിയിട്ടില്ല.
ഒരാളെ നിശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിയിലേക്ക് തള്ളിവിടുക എന്നതാണ്, അല്ലേ? അല്ലെങ്കിൽ, അങ്ങനെ അവർ ചിന്തിച്ചു. അഭിനയിക്കാൻ എനിക്ക് അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ എങ്ങനെ മികച്ചതാകും?".- നടി ചോദിച്ചു.
"വിവരങ്ങളെടുത്ത് നോക്കിയാൽ അറിയാം, തുടർച്ചയായി ഹിറ്റുകൾ നൽകിയ ഒരു അഭിനേതാവിന് മലയാളത്തിൽ ഇത്ര സിനിമകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വളരെ സെലക്ടീവ് ആണെന്നല്ല ഇതിനർഥം. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, ചാർലി ഇതിലൊക്കെ എല്ലാവരും നന്നായി ചെയ്തു. കൂടാതെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ഞാൻ മുൻപ് ജോലി ചെയ്തിരുന്ന ആളുകളെല്ലാം പൂർണമായും മാറിയിരിക്കുന്നു.
എന്റെ സിനിമകളുടെ കണക്ക് പരിശോധിച്ചാൽ, വർഷത്തിൽ ഏകദേശം രണ്ടെണ്ണമേ ഉണ്ടാകാറുള്ളൂ. എനിക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷേ ഒരേസമയം ഒരുപാട് സിനിമകൾ ഞാനൊരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട്, ഞാൻ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിൽ എനിക്ക് വിഷമം തോന്നിയിട്ടില്ല. പത്ത് അവസരങ്ങൾ ലഭിച്ചാലും വർഷത്തിൽ രണ്ട് സിനിമകൾ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. ഇത് ബോധപൂർവം ഒഴിവാക്കുന്നതിനേക്കുറിച്ചാണ് പറഞ്ഞത്.
എന്റെ കാര്യത്തിൽ മാത്രമല്ല, എനിക്ക് ചുറ്റുമുള്ള ഒരുപാട് പേർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. എന്റെ കാര്യത്തിൽ അത് കൂടുതൽ ദൃശ്യമായിരിക്കാം അത്രയേ ഉള്ളൂ. പക്ഷേ ജീവിക്കാനായി ഓഫീസ് ജോലി പോലെയുള്ള മറ്റ് ജോലികൾ ചെയ്യേണ്ടി വരുന്ന നിരവധി കലാകാരന്മാരുണ്ട്. അത് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാറുണ്ട്. അവർ എന്തുകൊണ്ടാണ് മറ്റൊരു ജോലി കണ്ടെത്താൻ നിർബന്ധിതരാകുന്നത്... അവർ ഒരു കരാർ ആവശ്യപ്പെട്ടതു കൊണ്ടാണോ? അല്ലെങ്കിൽ ‘ദയവായി എന്നെ ശല്യപ്പെടുത്തരുത്’ എന്ന് പറഞ്ഞതു കൊണ്ടോ?"- പാർവതി ചോദിച്ചു.
ഡബ്ല്യുസിസിയെക്കുറിച്ചും പാർവതി സംസാരിച്ചു. "ഡബ്ല്യുസിസി രൂപീകരിക്കുന്നതുവരെ കാര്യങ്ങൾ എത്രത്തോളം മോശമാണെന്ന് എനിക്ക് പൂർണമായി അറിയില്ലായിരുന്നു. ഇൻഡസ്ട്രിയിൽ നിന്ന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയില്ലായിരുന്നു. പ്രേക്ഷകരുമായുള്ള എന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു എന്റെ ഭയം. ശരിക്കു പറഞ്ഞാൽ, അതിനാണ് ഏറ്റവും വലിയ വില.
ഇപ്പോള്‍ പാര്‍വതി ഒരു ആക്ടിവിസ്റ്റ്, പ്രശ്‌നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി, അങ്ങനെയൊക്കെയാണ്. അതുകൊണ്ടിപ്പോൾ ഞാന്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ഇരട്ടിയോ അല്ലെങ്കിൽ മൂന്നിരട്ടിയോ ശ്രമം നടത്തേണ്ടി വരും.- പാർവതി പറഞ്ഞു. 2017 ഫെബ്രുവരിയിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഞങ്ങളെയെല്ലാം മാറ്റിമറിച്ചു.
എനിക്ക് ഇപ്പോഴും സങ്കടവും ദേഷ്യവുമൊക്കെയുണ്ട്. ആളുകൾക്ക് ലഭിക്കുന്ന ശിക്ഷാ ഇളവൊക്കെ എനിക്ക് വളരെ ഷോക്കാണ്. എന്റെ ഇത്തരത്തിലുള്ള പേടികളും, അത്തരം പേടികളുള്ള മറ്റ് സ്ത്രീകളും ഒത്തുചേരുന്ന ഒരു സ്ഥലമായി ആ കൂട്ടായ്മ (ഡബ്ല്യുസിസി) മാറി. അതൊരു പോഷകനദി പോലെയായിരുന്നു. നമ്മുടെ മുഖംമൂടികൾ, ഉള്ളിലെ പുരുഷാധിപത്യം എല്ലാം അഴിച്ചുമാറ്റി.... അന്യായമുള്ള ഒരു തൊഴിലിടത്ത് ഞാൻ ഉണ്ടാകില്ല എന്ന തീരുമാനമാണ് ഏറ്റവും കൂടുതൽ ദൃഢമായത്.
നീതിയും അന്തസുമാണ് ഏറ്റവും അടിസ്ഥാനപരമായി നമുക്ക് വേണ്ട കാര്യങ്ങൾ. തുല്യവും സുരക്ഷിതവുമായ ഒരു തൊഴിൽ അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അത് മാറിയിട്ടില്ല. പക്ഷേ, പോരാടുന്ന മനോഭാവം മാറി. എല്ലാത്തിനുമുപരി, എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് ഞങ്ങൾ കരുതിയിരുന്നു.
പക്ഷേ ഇപ്പോൾ, നമുക്ക് സംസാരിക്കാം - 'നമുക്ക് പരസ്പരം ഇഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. പക്ഷേ ഒരു പരിഹാരം കണ്ടെത്താൻ നമുക്ക് സംസാരിക്കാമോ?'. ഇൻഡസ്ട്രിയിലുള്ള മറ്റുള്ളവരോടുള്ള ഞങ്ങളുടെ മനോഭാവം അതാണ്. പോസിറ്റീവായ കാര്യങ്ങൾ വരുന്നുണ്ട്, ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അത് മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്".- പാർവതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates