Pradeep Rawat, Vikramaditya Rawat വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അത് ഞങ്ങളെ തകർത്തു കളഞ്ഞു, പിന്നെ കാണുന്നത് ഡോക്ടർമാർ സിപിആർ നൽകുന്നത്'; നടൻ പ്രദീപിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകൻ

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. പിന്നെ അമ്മ കരയാൻ തുടങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടന്‍ പ്രദീപ് സിങ് റാവത്തിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചൈന ടൗൺ, കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനായിരുന്നു പ്രദീപ്. രക്താർബുദത്തിന് ചികിത്സയിലിരിക്കെ 74-ാം വയസിലായിരുന്നു താരത്തിന്റെ അന്ത്യം. നടൻ ആമിർ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തിന് എത്തിയിരുന്നു.

സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ അ​ദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മകൻ വിക്രമാദിത്യ റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചു. ആരോഗ്യവാനായ തന്‍റെ അച്ഛൻ വെറും രണ്ട് മാസം കൊണ്ടാണ് രോഗബാധിതനായതെന്ന് വിക്രമാദിത്യ പറയുന്നു.

രക്താർബുദത്തിന്റെ തീവ്രമായ ഒരു വകഭേദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നതിന് മുൻപ്, ചെറിയൊരു വയറു വേദനയോ അല്ലെങ്കിൽ അണുബാധയോ ആണെന്നാണ് തങ്ങൾ ആദ്യം കരുതിയിരുന്നതെന്ന് വിക്രമാദിത്യ പറഞ്ഞു. "ഞങ്ങൾ ഒരു ഡോക്ടറെ കാണിച്ചു. വയറിലുണ്ടാകുന്ന അണുബാധയോ മറ്റോ ആകാം അതെന്നായിരുന്നു അവർ പറഞ്ഞത്.

അവർ പലതരം മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി അമ്മ പറഞ്ഞു. രക്തപരിശോധന നടത്തിയപ്പോൾ, അദ്ദേ​ഹത്തിന്റെ രക്തത്തിലെ ശ്വേതരക്താണുക്കളുടെ (white blood cells) എണ്ണം വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഉടൻ തന്നെ അദ്ദേഹത്തെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെവെച്ച് രക്താർബുദമാകാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. പിറ്റേ ദിവസം രോഗം സ്ഥിരീകരിച്ചു. അത് ഞങ്ങളെ തകർത്തു കളഞ്ഞു".- വിക്രമാദിത്യ പറഞ്ഞു. വെറും രണ്ട് മാസം മുൻപ് പ്രദീപിന്റെ പരിശോധനാ ഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും വിക്രമാദിത്യ കൂട്ടിച്ചേർത്തു.

"ഇന്നലെ അദ്ദേഹത്തിന്റെ പ്ലേറ്റ്‌ലെറ്റ് എണ്ണം 3,000- ലേക്ക് താഴ്ന്നു, ശരിക്കും അത് 3 ലക്ഷത്തിന് മുകളിലായിരിക്കണം. ഞങ്ങൾ ഐസിയുവിന് മുന്നിലേക്ക് ഓടി. ഡോക്ടർമാരെല്ലാം അകത്തായിരുന്നു. ഞാൻ വാതിൽ തുറന്നപ്പോൾ അവർ അദ്ദേഹത്തിന് സിപിആർ നൽകുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. പിന്നെ അമ്മ കരയാൻ തുടങ്ങി. അത്രമാത്രം".- നിറകണ്ണുകളോട് വിക്രമാദിത്യ പറഞ്ഞു.

"അദ്ദേഹം ഇപ്പോൾ ഏറ്റവും മികച്ച ഒരിടത്താണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയധികം ആളുകൾ അദ്ദേഹത്തെ കാണാൻ വന്നതിൽ അദ്ദേഹത്തിന് ഒരുപാട് സന്തോഷമുണ്ടാകും. അദ്ദേഹം വളരെയധികം സന്തോഷത്തിലായിരിക്കുമെന്ന് എനിക്കുറപ്പാണ്. എല്ലാവർക്കും ഒത്തിരി നന്ദി".- വിക്രമാദിത്യ കൂട്ടിച്ചേർത്തു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു പ്രദീപ് റാവത്ത്.

മുപ്പത് വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ പ്രദീപ് റാവത്ത് അവതരിപ്പിച്ചു. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗജിനിയിലെ ക്രൂരനായ വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

Pradeep Rawat's son breaks recalls actor's final moments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ബാസ്ബോൾ' കാലം കഴിഞ്ഞു; ഇം​ഗ്ലണ്ട് തുടങ്ങുന്നു രണ്ടാം 'റൂട്ട്'!

'ലാൽ സാർ വരെ സമ്മതിച്ചു, പക്ഷേ ചേച്ചി അവസാന നിമിഷം കാലുവാരി'; 'തുടക്ക'ത്തിൽ അഭിനയിക്കാൻ സുചിത്രയെ സമീപിച്ചതിനെക്കുറിച്ച് ജൂഡ്

ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരിക്ക്

ഇനി ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തില്ല, സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ്