Mani Ratnam, Prasanth Punnapra വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മണിരത്നം സിനിമയിൽ അഭിനയിക്കാൻ പോകുന്നത് തമിഴ് അറിയാമെന്ന് പറഞ്ഞ്; അരവിന്ദ് സ്വാമിയെ കാണുമെന്ന് ജന്മത്ത് വിചാരിച്ചിട്ടില്ല'

ഫ്രീസറിനകത്തു നിന്ന് ഇറങ്ങി വരുന്ന പോലെയായിരുന്നു ഞാനപ്പോൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മണിരത്നം സിനിമ 'കടലി'ൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടനും മിമിക്രി താരവുമായ അയ്യപ്പ ബൈജു എന്നറിയപ്പെടുന്ന പ്രശാന്ത് പുന്നപ്ര. ഒരു ആർട്ടിസ്റ്റ് ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കുന്ന സംവിധായകനാണ് മണിരത്നമെന്ന് പ്രശാന്ത് പറഞ്ഞു. അരവിന്ദ് സ്വാമിയെ പോലൊരു നടനെ ജന്മത്ത് കാണാൻ പറ്റുമെന്ന് താൻ കരുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മണിരത്നം സാർ വിളിച്ചത് എന്താണെന്നു വച്ചാൽ, അങ്ങനെയൊരു കാരക്ടർ ഉണ്ട് അതിൽ. സത്യത്തിൽ ആ കാരക്ടറിന്റെ പ്രാധാന്യം എന്താണെന്ന് വച്ചു കഴിഞ്ഞാൽ, ഇയാൾ എവിടെയും കാണും. ചിലപ്പോൾ പല സ്ഥലങ്ങളിലായിരിക്കും കിടന്നുറങ്ങുന്നത്. അവിടുത്തെ പല രഹസ്യങ്ങളും ഇയാൾ കാണുന്നുണ്ട്. ഇയാൾ കാണുന്നുണ്ടെന്ന കാര്യം വേറെയാരും അറിയുന്നില്ല.

ഇയാളാണ് സത്യത്തിൽ ഈ കാരക്ടേഴ്സിന്റെ ഓരോരുത്തരുടെയും സ്വഭാവം ഈ കഥയിൽ പറയുന്നത്. പക്ഷേ ആ കഥ എഡിറ്റ് ചെയ്ത് വന്നപ്പോൾ കഥ വേറെ രീതിയിൽ ആയിപ്പോയി. ആ കഥാപാത്രത്തിന് പ്രാധാന്യമില്ലാതെ പോയി. ആ കഥാപാത്രം വേറെയൊരാളാണ് ആദ്യം ചെയ്തത്. അത് സാറിന് ഇഷ്ടമായില്ല. സാറിന്റെ മനസിൽ അത് ശരിയായില്ല എന്നൊരു തോന്നലുണ്ടായിരുന്നു.

അതിന്റെ എഴുത്തുകാരൻ ജയമോഹൻ സാർ ഒരു റിലാക്സേഷന് വേണ്ടി ഞങ്ങളുടെ സിഡിയും വിഡിയോയുമൊക്കെ കാണും. ജയമോഹൻ സാർ പറഞ്ഞു, കേരളത്തിൽ ഇങ്ങനെയൊരു പയ്യനുണ്ട്. സാർ ഒന്ന് നോക്ക് കൊള്ളാം എന്നുണ്ടെങ്കിൽ എടുക്ക് അല്ലെങ്കിൽ നമുക്ക് ഈ കാരക്ടറിനെ വിടാം എന്ന് പറഞ്ഞു. അങ്ങനെ എന്നെ വിളിച്ചതാണ്. ഒരു ദിവസം ഒന്ന് വന്ന് വർക്ക് ചെയ്തിട്ട് പോകാൻ പറഞ്ഞു.

അങ്ങനെ പറഞ്ഞ സിനിമയിൽ, ഞാൻ 18 ദിവസം അതിൽ വർക്ക് ചെയ്തു. അതിൽ‌ എനിക്ക് വേണ്ടി കുറേ സീനുകൾ എഴുതിയിട്ടുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ എനിക്കുണ്ടായ ഒരു സന്തോഷം. കാരണം ഞാൻ എവിടെയാണ് നിൽക്കുന്നത് എന്നുള്ള സംഭവം ആലോചിച്ചിട്ട്. മുഴുവൻ ആർട്ടിസ്റ്റുകളും നല്ല അഭിനേതാക്കളാണ്. നാടകത്തിൽ നിന്നൊക്കെ വന്നവരുണ്ട്.

അവരുടെയൊക്കെ കൂടെയാണ് ഞാൻ നിൽക്കുന്നത്. അരവിന്ദ് സ്വാമി... ഞാൻ ജന്മത്ത് വിചാരിച്ചിട്ടില്ല ആ മനുഷ്യനെയൊക്കെ കാണുമെന്ന കാര്യം. എന്റെ ക്ലോസ് അപ് ഷോട്ടായിരുന്നു ആദ്യം. അത് പടത്തിൽ ഇല്ല. നായകന്റെ ചെറുപ്പ കാലം. ഞങ്ങളെല്ലാവരും പട്ടചാരായം കുടിക്കുന്ന സ്ഥലത്ത് ആ കൊച്ചു പയ്യൻ വരുന്നത് ആയിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു സീനാണ്.

ഞാൻ ഇവിടുന്ന് പോകുന്നത് എനിക്ക് തമിഴ് അറിയാമെന്ന് പറഞ്ഞാണ്. അവിടെ ചെന്ന് സ്ക്രിപ്റ്റ് നോക്കിയപ്പോൾ തമിഴ്... ഇതെന്ത് സംഭവം എന്നൊരു തരത്തിലായി പോയി ഞാൻ. പടത്തിന്റെ അസോസിയേറ്റ് എന്റെ വിഡിയോയൊക്കെ കണ്ടതിന്റെ ക്രേസിൽ നിൽക്കുവാ. ഞാനിത് പൊളിക്കുമെന്നാണ് അവന്റെ വിചാരം. ഈ ഡയലോ​ഗ് കണ്ടപ്പോൾ തന്നെ ഞാൻ പൊളിഞ്ഞു.

വരണ്ടായിരുന്നു എന്നൊക്കെ എനിക്ക് തോന്നി. അസോസിയേറ്റിനോട് ഞാൻ പറഞ്ഞു, എനിക്ക് പ്രോംപ്റ്റ് ചെയ്ത് തന്നാൽ മതി, ഡയലോ​ഗ് ഞാൻ പഠിക്കുന്നില്ല എന്ന്. നമ്മൾ പൊളിക്കും എന്ന രീതിയിൽ തന്നെയാണ് അവൻ നിൽക്കുന്നത്. മേക്കപ്പ് ഒക്കെ കഴിഞ്ഞ് മണിരത്നം സാറിനെ കാണിക്കാൻ അവർ കൊണ്ടു പോയി, അതോടെ എന്റെ ഉള്ള ധൈര്യം കൂടി പോയി.

സാർ അപ്പോൾ എന്നോട് ഡയലോ​ഗ് ഒന്ന് പറയാൻ പറഞ്ഞു. ഡയലോ​ഗോ... എന്ന മട്ടിൽ ഞാൻ നിന്നു. അപ്പോൾ സാറിന് മനസിലായി, ഇതുപോലെ എത്രയോ എണ്ണത്തിനെ കണ്ടിട്ട് ഇരിക്കുകയാണ് അദ്ദേഹം. 'കൂൾ ഡൗൺ, കുഴപ്പമില്ല' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അങ്ങ് പോയി. അത് കഴിഞ്ഞ് ഫസ്റ്റ് ഷോട്ട് ഒന്ന് ആലോചിച്ച് നോക്കിക്കേ. ഈ ഡയലോ​ഗിന്റെ ക്ലോസ്.

അദ്ദേഹവും കാമറാമാനും എന്റെ മുൻപിൽ വന്നിങ്ങനെ ഇരിക്കുകയാ. അപ്പോൾ അവിടെ നിന്ന ഒരാളോട് ഞാൻ, അണ്ണാ ഒരു ബീഡി തരാൻ പറഞ്ഞു. അങ്ങനെ ബീഡി വലിക്കുന്ന മാനറിസമൊക്കെ വച്ച് ഞാനൊരു ലുക്ക് ഒക്കെയിട്ട് പറഞ്ഞു. ഫസ്റ്റ് ടേക്കിൽ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞ് എഴുന്നേറ്റു. ഞാൻ ഞെട്ടിപ്പോയി. ഫ്രീസറിനകത്തു നിന്ന് ഇറങ്ങി വരുന്ന പോലെയായിരുന്നു ഞാനപ്പോൾ.

പിന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഈ ഡയലോ​ഗ് കഴിഞ്ഞാൽ എന്നെ പറഞ്ഞു വിടണേ എന്നായിരുന്നു എന്റെ മനസിൽ. പക്ഷേ ഒരു 18 ദിവസത്തോളം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അത് നമ്മൾ ആസ്വദിച്ചു എന്നുള്ളതാണ്. ചെറിയ ആർട്ടിസ്റ്റുകളുടെ അഭിനയിക്കുമ്പോഴുള്ള ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കുന്ന ഒരു സംവിധായകനെ ഞാൻ കണ്ടിരിക്കുന്നത് മണിരത്നത്തിലാണ്.

ഒരു ആർട്ടിസ്റ്റ് ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കുന്നതാണ് ഒരു സംവിധായകന്റെ കഴിവ്. ആസ്വാദനം വേണം. അത്രയും എനർജറ്റിക് ആണ് അദ്ദേഹം". - റീൽ ആൻഡ് റിയൽ മീഡിയ വർക്ക്സിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു.

Prasanth Punnapra share working experience with Mani Ratnam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'