Deepa Nayar വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ചാക്കോച്ചനോടുള്ള ക്രഷ്, അച്ഛനെക്കൊണ്ട് സിനിമ നിര്‍മിപ്പിച്ചു; പിന്നെ കാണാമറയത്തേക്ക്...'; 25 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പറഞ്ഞ് 'പ്രിയം' നായിക

സമകാലിക മലയാളം ഡെസ്ക്

ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച്, എല്ലാക്കാലത്തേയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയെന്നത് എളുപ്പമല്ല. ആദ്യ സിനിമ വന്‍ വിജയം നേടുകയും പ്രകടനം കയ്യടി നേടുകയും ചെയ്യുമ്പോള്‍ മുന്നിലുള്ള ശോഭനമായൊരു കരിയര്‍ വേണ്ടെന്ന് വെക്കുന്നതും എളുപ്പമുളള കാര്യമല്ല. എന്നാല്‍ തനിക്ക് മുന്നിലുള്ള സിനിമയുടെ വലിയൊരു ആകാശത്തോട് മുഖം തിരിച്ച് നടന്നു പോയ നടിയാണ് ദീപ നായര്‍.

പേര് കേട്ടാല്‍ ഒരുപക്ഷെ ആളെ ഓര്‍മ വരണമെന്നില്ല. എന്നാല്‍ പ്രിയം നായിക എന്ന് പറഞ്ഞാല്‍ ആ സുന്ദരമായ മുഖം മലയാളികളുടെ മനസിലേക്ക് വരും. കുഞ്ചാക്കോ ബോബനും മൂന്ന് കുസൃതികുടുക്കകളുടേയും കൂടെ വന്ന് മലയാളി മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ് ദീപ. പിന്നീടൊരു സിനിമയിലും ദീപയെ കണ്ടിട്ടില്ല. എങ്കിലും ആ മുഖം മലയാളി മറന്നില്ല.

കാലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകള്‍ മനസിലാക്കിയ മലയാളി ദീപയെ തേടി കണ്ടെത്തുന്നത് അന്ന് അവര്‍ നേടിയ സ്വീകാര്യതയുടെ തെളിവാണ്. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും ദീപ ഇന്ന് കേരളവും ഇന്ത്യയുമൊക്കെ വിട്ട് മെല്‍ബണില്‍ സ്ഥിരതാമസമാക്കിയതായി അറിയുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നെല്ലാം ഒരുപാട് ദൂരെ, കുടുംബ ജീവിതം നയിക്കുകയാണ് ദീപയിന്ന്.

ദീപയുടെ സിനിമയുടെ ലോകത്തു നിന്നുമുള്ള വിട്ടു നില്‍ക്കല്‍ പക്ഷെ പലരുടേയും ഭാവനയ്ക്ക് പാത്രമായി. കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു ദീപ. ചാക്കോച്ചനൊപ്പം അഭിനയിക്കണമെന്ന മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ അച്ഛന്‍ നിര്‍മിച്ച ചിത്രമാണ് പ്രിയം. അന്ന് അച്ഛന് കൊടുത്ത വാക്ക് പാലിച്ചു കൊണ്ട് പിന്നെ ദീപ സിനിമയിലേക്ക് തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് പ്രശസ്തമായൊരു കഥ.

വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥകള്‍ക്കെല്ലാം ദീപ മറുപടി നല്‍കുകയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ സോഷ്യല്‍ മീഡിയ പേജ് ആരംഭിച്ചു കൊണ്ടാണ് ദീപ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മ്യൂസിങ്‌സ് ബൈ ദീപ നായര്‍ എന്നാണ് ദീപയുടെ പേജിന്റെ പേര്. തന്റെ ബിസിനസ് ആവശ്യത്തിന് വേണ്ടിയാണ് ദീപ പേജ് ആരംഭിച്ചത്. കാലങ്ങള്‍ക്ക് ശേഷം ദീപയെ കണ്ടതോടെ ചോദ്യങ്ങളുമായി ആരാധകര്‍ ഓടിയെത്തി. അങ്ങനെയാണ് ദീപ അവര്‍ക്ക് മറുപടി നല്‍കാന്‍ തീരുമാനിക്കുന്നത്.

'ഈ കൊച്ചല്ലേ കുഞ്ചാക്കോയുടെ കൂടെ അഭിനയിക്കാന്‍ വേണ്ടി മാത്രം അച്ഛനെക്കൊണ്ട് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യിച്ചത്?' എന്നായിരുന്നു ഒരു ചോദ്യം. ഇത്തരം അസത്യകഥകള്‍ കാരണമാണ് ഞാന്‍ പുതിയൊരു പേജ് ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നാണ് അതിന് ദീപ നല്‍കിയ മറുപടി. നമ്മളൊക്കെ കളിപ്പാട്ടത്തിന് കരഞ്ഞപ്പോള്‍ ആള് സിനിമ അങ്ങ് ചോദിച്ചു, പ്രൊഡ്യൂസ് ചെയ്യിപ്പിച്ചു എന്ന കമന്റിന് ദീപ നല്‍കിയ മറുപടി ദയവ് ചെയ്ത് നുണക്കഥകള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു.

അച്ഛന്‍ മോള്‍ക്ക് വേണ്ടി നിര്‍മിച്ച സിനിമ ആണോ ചേച്ചി പ്രിയം? എന്ന് ചോദ്യത്തിന് അത് ആരുടെയോ ഭാവനയില്‍ വിരിഞ്ഞ കഥ മാത്രമാണെന്നാണ് ദീപ മറുപടി നല്‍കിയത്. നിര്‍മാതാവിന്റെ സര്‍ നെയിമും നായര്‍ എന്നായിരുന്നത് കൊണ്ടുമാത്രമാണ് അങ്ങനൊരു തെറ്റിദ്ധാരണയുണ്ടായതെന്നും ദീപ പറയുന്നു. തന്റെ അച്ഛന്‍ സിനിമ നിര്‍മിച്ചിട്ടില്ലെന്നും ദീപ വ്യക്തമാക്കുന്നുണ്ട്.

2000 ലാണ് പ്രിയം പുറത്തിറങ്ങുന്നത്. സാബ് ജോണ്‍ എഴുതിയ സിനിമയുടെ സംവിധാനം സനല്‍ ആയിരുന്നു. കെകെ നായര്‍ ആയിരുന്നു നിര്‍മാണം. കുഞ്ചാക്കോ ബോബനും ദീപ നായര്‍ക്കുമൊപ്പം ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ് ബാലതാരങ്ങളായിരുന്ന അരുണ്‍, അശ്വിന്‍, മഞ്ജിമ മോഹന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ ബേണി ഇഗ്നേഷ്യസൊരുക്കിയ പാട്ടുകളെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്.

After 25 years of Priyam, Deepa Nayar opens up about the rumours regarding the movie and her crush on Kunchacko Boban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

SCROLL FOR NEXT