സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പ്രിയം നായിക ദീപ നായരുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയതായിരുന്നു ദീപ നായര്‍. തന്നെ തേടിയെത്തിയ പാപ്പരാസികളോട് സംസാരിക്കുന്ന ദീപയുടെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ദീപ കേരളത്തിലെത്തുന്നത്.
പ്രിയം സിനിമയില്‍ അഭിനയിച്ച സമയത്ത് തനിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നുവെന്നും നടന്‍ അജു വര്‍ഗീസും തന്റെ ആരാധകനായിരുന്നുവെന്നാണ് ദീപ പറയുന്നത്. അജുവിന് അന്ന് തന്നോട് ക്രഷ് ആയിരുന്നുവെന്നും തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ദീപ പറയുന്നു.
''പ്രിയം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ആരാധകരുണ്ടായിരുന്നു. ഒരുപാട് പേര്‍ വിളിക്കുമായിരുന്നു. അജു വര്‍ഗീസ് വരെ വിളിച്ചിട്ടുണ്ട്. അജു ഫോണില്‍ വിളിക്കുമായിരുന്നു. ഞാന്‍ അജുവിനോട് സംസാരിച്ചിട്ടുണ്ട്. അജു ആ സമയത്ത് ചെറുതാണ്. ഞാന്‍ എന്‍ജിനീയറിങിന് പഠിക്കുമ്പോഴാണ് പ്രിയം സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പോയി. കോഴ്‌സ് കഴിഞ്ഞപ്പോള്‍ പിന്നെ സിനിമ ഓഫറുകള്‍ ഒന്നും വന്നില്ല. ചെറിയ ചെറിയ വേഷങ്ങള്‍ ഹിറ്റ് ആകാത്ത സിനിമകളില്‍ അഭിനയിച്ചിട്ടും കാര്യമില്ലല്ലോ. പ്രിയത്തിലൂടെ കിട്ടിയ ഇഷ്ടം കൂടി പോകും. സ്ത്രീകള്‍ക്ക് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്. പിന്നീട് വിവാഹം കഴിഞ്ഞു ഇപ്പോള്‍ ഭര്‍ത്താവും കുട്ടികളുമായി ഓസ്‌ട്രേലിയയില്‍ ആണ് താമസം'' എന്നാണ് ദീപ പറയുന്നത്.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. 'തൂക്കിയല്ലോ നാഥാ, വല്ല കുണ്ടിലും പോയി ഒളിക്കുന്നതാണ് നല്ലത് അജൂ, ഫോണൊക്കെ ഓഫാക്കി നാട് വിട്ടോ' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. അതേസമയം നേരത്തേയും അജുവിനെക്കുറിച്ച് ദീപ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ മുംബൈയില്‍ വച്ച് അപ്രതീക്ഷിതമായി അജുവിനെ കണ്ടതിനെക്കുറിച്ചുള്ള പോസ്റ്റിലാണ് ദീപ നടന് തന്നോടുള്ള ആരാധനയെക്കുറിച്ച് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates