കഴിഞ്ഞ ദിവസമാണ് വെങ്കിടേഷ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങ് ഹൈദരാബാദില്‍ നടന്നത്. കൃതി ഷെട്ടിയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ചില വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മുതിര്‍ന്ന സംവിധായകന്‍ രാഘവേന്ദ്ര റാവുവിന്റെ നായികമാരോടുള്ള സമീപനമാണ് വിമര്‍ശനം നേരിടുന്നത്.
പേരിടാത്ത ചിത്രത്തിന്റെ പൂജ ചടങ്ങില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തിയിരുന്നു. നിര്‍മാതാവ് അല്ലു അരവിന്ദായിരുന്നു ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. രാഘവേന്ദ്ര റാവുവാണ് ആദ്യത്തെ ഷോട്ട് സംവിധാനം ചെയ്തത്. ഇതിനിടെയുള്ള വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പ്രചരിക്കുന്ന വിഡിയോയില്‍ നടി കീര്‍ത്തി സുരേഷിന്റെ കയ്യില്‍ പിടിച്ച് വലിക്കുന്ന രാഘവേന്ദ്ര റാവുവിനെ കാണാം. പിന്നീട് സമാനമായ രീതിയില്‍ കൃതി ഷെട്ടിയുടെ കയ്യില്‍ പിടിച്ചും വലിക്കുന്നുണ്ട്. കൃതിയുടെ തോളില്‍ കൈ വച്ചു കൊണ്ട് വെങ്കിടേഷിന് എങ്ങനെയാണ് നില്‍ക്കേണ്ടതെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് രാഘവേന്ദ്ര വൈറല്‍ വിഡിയോയില്‍.
വിഡിയോ ചര്‍ച്ചയായതോടെ നിരവധി പേരാണ് രാഘവേന്ദ്രറാവുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ കിളവന്‍ എന്തിനാണ് നടിമാരെ തൊടാന്‍ എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അനുവാദമില്ലാതെ സ്ത്രീകളെ തൊടാന്‍ ആരാണ് ഇയാളെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇതാദ്യമായിട്ടല്ല ഇയാള്‍ സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
നേരത്തെ നടി നിഹാരിക കൊനിഡേലയോടും രാഘവേന്ദ്ര പരസ്യമായി മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍ അയാള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. തന്റെ സിനിമകളില്‍ നടിമാരുടെ ദേഹത്തേക്ക് പൂവും പഴങ്ങളുമൊക്കെ വലിച്ചെറിയുന്ന, സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുളള സംവിധായകനാണ് രാഘവേന്ദ്ര. ഇപ്പോഴും ഇയാള്‍ക്ക് സ്വീകാര്യതയുണ്ടെന്നത് അത്ഭുതമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
'നടിമാരോട് ചെയ്യുന്ന കാര്യങ്ങളില്‍ നിന്നും ഇയാളെങ്ങനെയാണ് രക്ഷപ്പെടുന്നത്. അന്നത്തെ കാലത്തെ കാര്യം മനസിലാകും. സോഷ്യല്‍ മീഡിയ ഇല്ലായിരുന്നല്ലോ. പക്ഷെ ഇന്നും ഇയാള്‍ ഇങ്ങനെയാണെന്നത് അമ്പരപ്പിക്കുന്നതാണ്.' എന്നാണ് ചിലര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates