Pingami ഫെയ്സ്ബുക്ക്
Entertainment

'മുത്തപ്പനോ..? അതെന്താ അങ്ങനൊരു പേര്..?', ശങ്കരാടി തിരിച്ചു വരാനായി ഞാനും കാത്തു നിൽക്കും'; 'പിൻ​ഗാമി'യെക്കുറിച്ച് രഘുനാഥ് പലേരി

ആ മുഖഭാവം കാണവേ, മുത്തപ്പൻ ഒരിക്കൽ കൂടി ക്യാപ്റ്റനു മുന്നിൽ വന്നിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ആക്ഷൻ ത്രില്ലർ ഴോണറിൽ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു പിൻ​ഗാമി. 1994 ൽ പുറത്തിറങ്ങിയ ചിത്രം വർഷമിത്ര കഴിഞ്ഞിട്ടും മലയാളി മനസുകളിൽ മായാതെ നിൽക്കുകയാണ്. വളരെ വേറിട്ടൊരു പ്രതികാര കഥ, അസാധാരണമായ ആവിഷ്കാരം അതായിരുന്നു ഒറ്റവാക്കിൽ പറഞ്ഞാൽ പിൻഗാമി. രഘുനാഥ് പലേരിയുടെ "കുമാരേട്ടൻ പറയാത്ത കഥ" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത്.

മോഹൻലാൽ തന്നെയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ ശങ്കരാടി അവതരിപ്പിച്ച മുത്തപ്പൻ എന്ന കഥാപാത്രവും അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാനിടയില്ല. മുത്തപ്പൻ എന്ന കഥാപാത്രത്തിന്റെ പിറവിയെക്കുറിച്ച് രഘുനാഥ് പലേരി പങ്കുവച്ചിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്. സത്യത്തിൽ തിരക്കഥ എഴുതുമ്പോൾ, ആ മനുഷ്യൻ മുന്നിലേക്ക് ഓടി വരുമ്പോൾ, അദ്ദേഹത്തിന് നൽകാൻ അങ്ങനെയൊരു പേര് എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.

ആ പേര് ആ കഥാപാത്രം തന്നെ പറഞ്ഞതാണ്. സ്വയം പേരിട്ട ഒരു കഥാപാത്രം.- രഘുനാഥ് പലേരി കുറിച്ചു. അതോടൊപ്പം മുത്തപ്പനായി അഭിനയിച്ച ശങ്കരാടിയുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. ശങ്കരാടിയെ വിട്ട് ശങ്കരാടിയിൽ നിന്നും വന്ന് പിന്നീട് ശങ്കരാടിയിലേക്ക് തന്നെ തിരിച്ചു പോയൊരു മുത്തപ്പൻ എന്നും രഘുനാഥ് പലേരി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു കാര്യവുമില്ലാതെ ശങ്കരാടി കുറച്ചു മുൻപ് മനോജാലക വാതിൽക്കൽ വന്ന്, വന്നോട്ടേന്ന് ചോദിച്ചു. വരാൻ പറഞ്ഞ് തൊഴുതതും, അദ്ദേഹം വന്നു. തെല്ലിട മുന്നിൽ ഇരുന്ന് പുഞ്ചിരി തന്ന് തിരികെ പോയി. ഒരു സന്തോഷം. ഒരാനന്ദം. ഓർമ്മിച്ചില്ലെങ്കിലും ചില ഓർമ്മകൾ ചിലരെ കൈപിടിച്ചു കൊണ്ടുവന്ന് ഒപ്പമിരുത്തും.

എന്നെ ഭാഗ്യവാനാക്കും. കഥാദർശനത്തിനും കഥാപാത്ര ഉൾക്കാഴ്ച്ചകളിലേക്കും കാണുന്നതിനുമ പ്പുറം, മറ്റു പലതും കാണാൻ കഴിയുന്നൊരു അകക്കാഴ്ച്ച അഭിനയ നേരം ശങ്കരാടിക്ക് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. സംഭാഷണം കയ്യിൽ നൽകി ഉരുവിടുന്ന നേരത്തുള്ള കഥാപാത്ര മനസ്സ് ഇത്തിരി ഒന്ന് മനസ്സിലേക്ക് ഇട്ടു കൊടുത്താൽ, ശേഷം തേജസ്സ് ശങ്കരാടിയിൽ നിന്നങ്ങ് പ്രസരിച്ചോളും.

ശങ്കരാടീ ശരീരം പോലെ ശങ്കരാടി ശബ്ദത്തിനും പലതരം ഭാവതലങ്ങൾ കാണാം. അദ്ദേഹം വെറുതെ സംഭാഷണം പറയുകയല്ല, മനസ്സിൽ നിന്നും പറിച്ചെടുക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. മുഖത്ത് നിന്നടരുന്നത് ദീർഘഭാഷണം ആയാലും ഒന്നോ രണ്ടോ വാക്കുകൾ ആയാലും, വെറും ഒരു ചിരിത്തുണ്ട് മാത്രമായാലും, അതിനൊരു ദൃഢതയും വശ്യതയും പ്രാണനും ഉണ്ടാവും. കഥയേയും കഥാപാത്രങ്ങളേയും അതങ്ങിനെ പരസ്പരം ബന്ധിച്ചു നിർത്തും. തിരശ്ശീലയിൽ നിന്നും ആ രംഗം മാഞ്ഞു മാറിയാലും ശങ്കരാടി തിരിച്ചു വരാനായി കഥയും കഥാപാത്രങ്ങളും കാത്തു നിൽക്കുന്നപോലെ ഞാനും കാത്തു നിൽക്കും.

എനിക്കത് വല്ലാതെ അനുഭവപ്പെട്ട സിനിമയാണ് ശ്രീ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പിൻഗാമി. തിരക്കഥയിൽ മോഹൻലാൽ ആയിരുന്നു നായകൻ. പട്ടാളത്തിൽ ക്യാപ്റ്റനായ വിജയ്‌മേനോൻ തന്റെ ചെറുപ്പകാല വസതിയിലേക്ക് ചെല്ലുന്ന ഭാഗം എഴുതവേ, തീരെ പ്രതീക്ഷിക്കാതെയാണ് അവിടെ തിരക്കഥയിൽ ഒരു കഥാപാത്രം കടന്നു വന്നത്. എഴുതുംവരെ എന്നിൽ അങ്ങിനെ ഒരാൾ ഇല്ലായിരുന്നു.

വിജയ്‌മേനോൻ അവിടെ എത്തുന്നു എന്നത് മാത്രമായിരുന്നു മനസ്സിൽ. പക്ഷെ തിരക്കഥയിലെ ആ ഭാഗത്തേക്ക് വിജയ്‌ മേനോനെ പോലെ ഞാനും എഴുതിക്കൊണ്ട് ഗെയ്റ്റ് തുറന്ന് പ്രവേശിച്ചതും, മുന്നിലേക്ക് വടിയും കുത്തിപ്പിടിച്ച് കുട്ടിത്തമുഖം അഴിച്ചു വെക്കാൻ മറന്ന പ്രായമായൊരാൾ ഓടി വന്ന് ഒരു കുഞ്ഞിനെ ദേഷ്യപ്പെടുംപോലെ എന്നെ അങ്ങ് ദേഷ്യപ്പെട്ടു.

''ആരാ പറഞ്ഞത് ഗെയ്റ്റ് തുറക്കാൻ ..?''

''അഛൻ പറഞ്ഞതാണെന്ന് ..'' ഞാൻ.

''ഓ.. അച്ചൻ പറഞ്ഞതാണോന്ന്..'' അരുമയോടെ അയാളും.

പിന്നീടങ്ങോട്ട് അയാളുടെ ഒരു മഹാ സാന്നിദ്ധ്യമായിരുന്നു സംഭവിച്ചത്. വാത്സല്യത്തോടെ എനിക്കൊപ്പം അകത്തേക്ക് വന്ന അയാൾ ഒരു ജന്മകാലം പരിചയമുള്ള ചങ്ങാതിയെ കാണുംവിധം എനിക്കൊപ്പം അവിടം ചുറ്റിനടന്നു. ആ വീടിനെക്കുറിച്ചു സംസാരിച്ചു. പൂട്ടിയ വാതിലിലെ പൂട്ട് പിടിച്ചു നോക്കി,

''തുറക്കാൻ പറ്റില്ല അല്ലേ..'' എന്നു ചോദിച്ച എന്നോട് നിഷ്‌ക്കളങ്കമായി സത്യം പറഞ്ഞു.

''തുറക്കാൻ പറ്റും. പക്ഷെ താക്കോല് അച്ചന്റെ കയ്യിലാ.''

പിന്നീടാണ് അദ്ദേഹത്തോട് പേര് ചോദിക്കുന്നത്.

ആഹ്‌ളാദത്തോടെ അദ്ദേഹം പേരും പറഞ്ഞു.

''മുത്തപ്പൻ''

അതിശയം തോന്നി..

''മുത്തപ്പനോ..?!! അതെന്താ അങ്ങിനൊരു പേര്..?!!''

ഏത് പേരിലേയും നിസ്സാരത്വം വെളിവാക്കി ഉള്ളിൽ തട്ടി ഇളം ശബ്ദത്തിൽ അദ്ദേഹം മറുപടി പറഞ്ഞു.

''അങ്ങിനൊരു പേര്. ജനിപ്പിച്ചവർക്ക് ഒരു തമാശ.''

സത്യത്തിൽ തിരക്കഥ എഴുതുമ്പോൾ, ആ മനുഷ്യൻ മുന്നിലേക്ക് ഓടി വരുമ്പോൾ, അദ്ദേഹത്തിന് നൽകാൻ അങ്ങിനൊരു പേര് എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആ പേര് ആ കഥാപാത്രം തന്നെ പറഞ്ഞതാണ്. സ്വയം പേരിട്ട ഒരു കഥാപാത്രം. തൃശൂരിലെ ഹോട്ടൽ മുറിയിൽ ഇരുന്ന് തിരക്കഥയുടെ ആ ഭാഗം എഴുതി മേശപ്പുറത്ത് വെച്ച് സ്വൽപ്പ നേരം ഞാൻ മാറി ഇരുന്ന സമയത്താണ് സത്യൻ അത് വായിച്ചത്. വായിച്ചതും സത്യൻ എനിക്കരികിൽ വന്നു സന്തോഷത്തോടെ പറഞ്ഞത് ഇന്നും

ഓർക്കുന്നു.

''മുത്തപ്പൻ ശങ്കരാടിയാവാം. അല്ലേ..?''

ശങ്കരാടി മുത്തപ്പനായ ശേഷം സിനിമയിലെ ആ രംഗത്തിൽ അയാൾക്കു മുന്നിലേക്ക് വന്ന് ഇത്തിരി നേരം ചിലവിട്ട് ക്യാപ്റ്റൻ വിജയ് മേനോൻ തിരികെ പോകും നേരം, ഗാനത്തിനവസാനം, ക്യാപ്റ്റനു മുന്നിൽ തൊഴുതു പിടിച്ച് ആശീർവദിക്കും വിധം കണ്ണടച്ചുള്ള മുത്തപ്പന്റെ ഒരു നിൽപ്പുണ്ട്. ഗാനത്തോട് ചേർന്നു തന്നെയാണ് സത്യൻ അത് ചിത്രീകരിച്ചത്. ആ മുഖഭാവം കാണവേ, മുത്തപ്പൻ ഒരിക്കൽ കൂടി ക്യാപ്റ്റനു മുന്നിൽ വന്നിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്. എനിക്കും വെറുതെ ഒന്നു കാണാൻ വേണ്ടി മാത്രം.

ചില അഭിനേതാക്കളുടെയും അഭിനേത്രികളുടെയും മുഖം ചിലനേരം കഥാപാത്ര മനസ്സ് പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാവും. അവരുടെ വാക്കും നോട്ടവും ശബ്ദവും എല്ലാം അവരിൽ നിന്നും ആ നേരം അന്യം നിൽക്കും. ശ്രീ ശങ്കരാടി തന്നത് അത്തരത്തിലുള്ള ഒരു മുത്തപ്പനാണ്. ശങ്കരാടിയെ വിട്ട് ശങ്കരാടിയിൽ നിന്നും വന്ന് പിന്നീട് ശങ്കരാടിയിലേക്ക് തന്നെ തിരിച്ചു പോയൊരു മുത്തപ്പൻ

Cinema News: Raghunath Paleri on Mohanlal's Pingami movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

'ഞാന്‍ എന്നെത്തന്നെ മറന്നു, കണ്ണുകള്‍ അറിയാതെ നനഞ്ഞു; മോദിയില്‍ കണ്ടത് അധികാരമല്ല, വിനയം'

'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം

നിവിന്റെ സ്റ്റാർഡം തുണച്ചില്ല; ബോക്സ് ഓഫീസിൽ വീണ് 'ബേബി ​ഗേൾ', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

രണ്ടല്ല, മൂന്ന് നേരം! കൊറിയൻ ബ്രഷിങ് ടെക്നിക്കും ഹിറ്റ്, പല്ലുകൾക്ക് ഇത് നല്ലതാണോ?

SCROLL FOR NEXT