ഈച്ചര വാര്യര്‍, പിറവി, രാജൻ 
Entertainment

എന്താണ് രാജൻ കേസ്? ഷാജി എൻ കരുണിന്റെ 'പിറവി'യുടെ പിന്നിലെ കഥ- വിഡിയോ

എന്റെ കണ്ണിൽ നിന്ന് കണ്ണീരടരുന്നതും എനിക്ക് തടയേണ്ടതുണ്ടായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

"രാജൻ വരുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു. രാത്രി എപ്പോഴും ഒരില ചോറ് കരുതി വയ്ക്കാൻ ഞാനെപ്പോഴും ഭാര്യയോട് പറഞ്ഞു കൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണി കിടന്ന്, വിശന്ന വയറോടെ, ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ അവന് വേണ്ടി ചോറ് കരുതി വച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല. പട്ടികൾ അകാരണമായി കുരയ്ക്കുകയും ഓളിയിടുകയും ചെയ്യുന്ന രാത്രികളിൽ ഉമ്മറ വാതിൽ തുറന്ന് അച്ഛാ എന്ന വിളി ഉയരുന്നുണ്ടോ എന്ന് ഇരുട്ടിലേക്ക് ചെവി കൂർപ്പിച്ച് പല തവണ ഞാൻ നിന്നു.

പിന്നെ വാതിലടക്കാതെ കിടക്കയിലേക്ക് വീണു. കുഞ്ഞിമോനേ... എന്ന കരച്ചിൽ എന്റെ നെഞ്ചിലെ ​ഗദ്​ഗദത്തിൽ കുഴഞ്ഞു. എന്റെ കണ്ണിൽ നിന്ന് കണ്ണീരടരുന്നതും എനിക്ക് തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ രാധ ഇതൊന്നും അറിഞ്ഞു കൂടാ". രാജനെ കാണാതായി എന്നറിഞ്ഞ ശേഷമുള്ള രാത്രികളെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫ ടി വി ഈച്ചര വാര്യര്‍ ഒരച്ഛന്റെ ഓർമക്കുറിപ്പുകളിൽ പറയുന്നത് ഇങ്ങനെയാണ്.

കോഴിക്കോട് എഞ്ചിനീയറിങ് കോളജിൽ പഠിച്ചിരുന്ന രാജൻ എന്ന ചെറുപ്പക്കാരനെ പൊലീസ് പിടിച്ചു കൊണ്ടുപോകുകയും പിന്നീട് അയാളെ കാണാതാവുകയും ചെയ്ത സംഭവത്തെ പശ്ചാത്തലമാക്കിയാണ് ഷാജി എൻ കരുണ്‍ ‘പിറവി’യുടെ കഥ പറയുന്നത്. 1989 ല്‍ പുറത്തിറങ്ങിയ പിറവി ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ നേടി.

എസ് ജയചന്ദ്രന്‍ നായര്‍, രഘുനാഥ് പാലേരി, ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. പ്രേംജി, അര്‍ച്ചന, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, സി വി ശ്രീരാമന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച നടനുള്ള അവാര്‍ഡും ചിത്രത്തിലൂടെ പ്രേംജിക്ക് ലഭിച്ചു. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞ മകൻ തിരികെ വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് കോളജിലും ഹോസ്റ്റലിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും തിരക്കി ചെല്ലുന്ന വൃദ്ധനായ പിതാവിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

അടിയന്തരാവസ്ഥ കാലത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു രാജൻ കൊലക്കേസ്. 1976 മാര്‍ച്ച് ഒന്നിനാണ് രാജന്‍, ജോസഫ് ചാര്‍ലി എന്നീ വിദ്യാര്‍ഥികളെ കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത്. നക്‌സല്‍ ബന്ധം ആരോപിച്ചായിരുന്നു നടപടി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു രാജന്‍. കക്കയം പൊലീസ് ക്യാമ്പിലേക്കാണ് രാജനെ കൊണ്ടുപോയതെന്ന് പറയപ്പെടുന്നു.

രാജന് ക്യാമ്പില്‍ മര്‍ദനമേറ്റുവെന്നും പിന്നീട് പൊലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി എന്നുമാണ് അന്ന് പ്രചരിച്ചിരുന്നത്. മൃതദേഹം എന്ത് ചെയ്തുവെന്നുള്ളതിനെ സംബന്ധിച്ച് ഇതുവരെ വിവരം വെളിച്ചത്തുവന്നിട്ടില്ല. രാജന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്റെ രാജിയിലേക്കു വരെ നയിച്ചിരുന്നു. രാജന്‍ വധക്കേസില്‍ അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ജയറാം പടിക്കലിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു.

എന്നാല്‍ അപ്പീലില്‍ ശിക്ഷ റദ്ദാക്കപ്പെട്ടു. രാജന്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിറവിയിലൂടെ ഷാജി എന്‍ കരുണ്‍ പ്രേക്ഷകന് മുന്നിലെത്തിക്കുന്നത് മറ്റൊന്നാണ്. കുടുംബത്തിന് തുണയായി മാറേണ്ട ഒരാളുടെ നഷ്ടവും അതിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയാതെ നിൽക്കുന്ന ഒരു കുടുംബത്തിന്റെ നിസഹായവസ്ഥയിലൂടെയുമാണ് പിറവി പ്രേക്ഷകനെ കൂടെ കൂട്ടുന്നത്. കാത്തിരിപ്പ് എന്ന മനുഷ്യാവസ്ഥയിലേക്ക് മാത്രമാണ് പിറവി കടന്നു പോകുന്നത്.

പിറവി ചിത്രീകരിച്ചത് പൂർണമായും മഴക്കാലത്താണ്‌. സീനുകൾ എല്ലാം നോട്ടിൽ തയ്യാറാക്കി വയ്‌ക്കും. അഭിനേതാക്കളെ ചമയിച്ചും നിർത്തും. പിന്നെ മഴ വരാൻ കാത്തിരിക്കും.- പിറവിയെക്കുറിച്ച് ഷാജി എൻ കരുൺ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. മഴ നനഞ്ഞ മണ്ണിൽ രാഘവ ചാക്യാർ ഒരിക്കലും തിരിച്ചുവരാത്ത മകൻ രഘുവിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.

ചാറ്റൽ മഴ ആ അച്ഛന്റെ മനസിന്റെ ഭാ​ഗമാണ്. സിനിമ കണ്ട ശേഷവും പിന്നെയും രാഷ്‌ട്രീയ കേരളം ഒന്നടങ്കം ആവർത്തിച്ചു ചോദിച്ചു: "നിങ്ങളെന്തിനാണ്‌ എന്റെ മകനെ മഴയത്ത്‌ ഇങ്ങനെ നിർത്തുന്നത്‌?". രാജന്റെ പിതാവ് ഈച്ചര വാര്യര്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ച് കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് രാജന്‍ കൊലക്കേസ് സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. തോരാത്ത മ‍ഴയില്‍ ദിക്കറിയാതെ പുഴയിൽ അനാഥമായ കടത്തു വള്ളത്തിന്റെ ദൃശ്യത്തിലൂടെ പിറവി അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസിൽ ഒരു സങ്കട കടൽ കൂടിയാണ് ബാക്കിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT