വേട്ടയ്യൻ 
Entertainment

ഇതിപ്പോൾ മെയിൻ റോളുകളെല്ലാം മലയാളികൾ തൂക്കിയല്ലോ! വേട്ടയ്യന്റെ പവർഫുൾ താരനിര ഇങ്ങനെ

സാബു മോന്റെ ലുക്ക് ജയിലറിലെ വർമ്മന്റെ ലുക്കിനോട് സമാനമാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

സമകാലിക മലയാളം ഡെസ്ക്

അടുത്ത കാലത്ത് തമിഴ് - മലയാളം സിനിമ പ്രേക്ഷകർ വേട്ടയ്യൻ പോലെ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാകില്ല. കൂട്ടത്തിൽ ഒരുത്തൻ, ജയ് ഭീം എന്നീ ചിത്രങ്ങൾക്ക് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്തിന്റെ കരിയറിലെ 170-ാമത്തെ ചിത്രം. അനിരു​ദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

തിരുവനന്തപുരം, തിരുനെൽവേലി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. കാസ്റ്റിങ് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. തലൈവർക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ എത്തുന്ന താരങ്ങൾ ആരൊക്കെയാണെന്നറിയാൻ പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു.

ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനാണ് ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. സത്യദേവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബി​ഗ് ബി അവതരിപ്പിക്കുക. എന്നാൽ ചിത്രത്തിന്റെ മെയിൻ റോളുകളിൽ മലയാള സിനിമ താരങ്ങളുമെത്തുന്നുണ്ട്. മലയാളത്തിൽ നിന്ന് മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, സാബു മോൻ, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തിന്റെ ഭാ​ഗമായിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളേക്കുറിച്ചറിയാം.

രജനികാന്ത്

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജനികാന്തെത്തുക. തലൈവരുടേതായി വേട്ടയ്യന്റെ ഇതുവരെ പുറത്തുവന്ന എല്ലാ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എസ്പി എന്ന പേരിൽ ഒരു യമൻ വന്നിരിക്കുന്നുവെന്നാണ് പ്രിവ്യു വിഡിയോയിൽ രജനിയുടെ കഥാപാത്രത്തെക്കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നത്. സൂപ്പർ സ്റ്റാറിന്റെ ഒരു പവർഫുൾ പെർഫോമൻസ് തന്നെയായിരിക്കും ചിത്രത്തിലേതെന്ന് ഉറപ്പാണ്.

മഞ്ജു വാര്യർ

രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് ചിത്രത്തിൽ മഞ്ജു വാര്യരെത്തുന്നത്. താര എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രജനിക്കൊപ്പം മഞ്ജു വാര്യരും തകർത്തഭിനയിച്ച മനസിലായോ എന്ന ​ഗാനവും തരം​ഗമായി മാറിയിരുന്നു. ​ഗാനരം​ഗത്തിലെ മഞ്ജുവിന്റെ ലുക്കും ഏറെ ശ്രദ്ധ നേടി. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. വിടുതലൈ പാർട്ട് 2 വിലും മഞ്ജു മെയിൻ കഥാപാത്രമായെത്തുന്നുണ്ട്.

ഫ​ഹദ് ഫാസിൽ

പാട്രിക്ക് എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുക. ഒരു ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിക്രം, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാമന്നനിലെ ജാതിവെറിയനായ രത്നവേൽ എന്ന കഥാപാത്രവും കമൽ ഹാസൻ ചിത്രം വിക്രമിലെ അമറും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. വേട്ടയ്യനിൽ ഫഹദ് എന്ത് വെറൈറ്റി ആയിരിക്കും കൊണ്ടുവരിക എന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സാബു മോൻ

അവതാരകനും കോമഡി താരവുമായ സാബു മോനാണ് വേട്ടയ്യനിലെ മറ്റൊരു സർപ്രൈസ് കാസ്റ്റ്. ഇന്നലെ പുറത്തുവിട്ട പ്രിവ്യു വിഡിയോയിലൂടെയാണ് സാബു മോന്റെ ലുക്ക് പ്രേക്ഷകർ കാണുന്നത്. നെ​ഗറ്റീവ് റോളിലായിരിക്കും താരം ചിത്രത്തിൽ എത്തുക. എന്നാൽ സാബു ചിത്രത്തിലെ മെയിൻ വില്ലനായിരിക്കുമോ അതോ ലോക്കൽ ​ഗുണ്ടയാണോ എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. എന്നാൽ സാബു മോന്റെ ലുക്ക് ജയിലറിലെ വർമ്മന്റെ ലുക്കിനോട് സമാനമാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ജയിലറിൽ വർമ്മനായെത്തിയത് വിനായകനായിരുന്നു.

അമിതാഭ് ബച്ചൻ

വേട്ടയ്യന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അമിതാഭ് ബച്ചന്റെ സാന്നിധ്യമാണ്. സത്യദേവ് എന്ന കഥാപാത്രമായാണ് ബി​ഗ് ബി ചിത്രത്തിലെത്തുക. പ്രകാശ് രാജ് ആണ് അമിതാഭ് ബച്ചനായി ചിത്രത്തിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വേട്ടയ്യനിലെ പവർ ഹൗസിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുവെന്നാണ് ബി​ഗ് ബിയുടെ ക്യാരക്ടർ‌ പരിചയപ്പെടുത്തിയപ്പോൾ നിർമ്മാതാക്കൾ കുറിച്ചത്. 33 വര്‍ഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1991 ല്‍ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിലാണ് അമിതാഭ് - രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഇന്ത്യൻ സിനിമയിലെ രണ്ട് ഐക്കണുകളെയും ഒരുമിച്ച് കണ്ടതിൻ്റെ ആവേശത്തിലാണിപ്പോൾ ആരാധകർ.

അഭിരാമി

ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമായി തന്നെയാണ് അഭിരാമി എത്തുക. മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ, രോഹിണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. ഇവർക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാകും അഭിരാമി അവതരിപ്പിക്കുക. മുൻപ് മഹാരാജ എന്ന ചിത്രത്തിലെ അഭിരാമിയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

റാണ ദ​ഗുബതി

റാണാ ദഗുബതിയാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രജനിക്കൊത്ത വില്ലൻ തന്നെയായിരിക്കും റാണ. നടരാജ് എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT