തമിഴ് സിനിമയിലെ നെടുംതൂണുകളായ ഫിലിംമേക്കേഴ്സ് ആയിരുന്നു ഭാരതിരാജയും ഭാഗ്യരാജും. ഇരുവരുടെയും വിയോഗം തമിഴ് സിനിമാ ലോകത്തിന് നികത്താനാകാത്തതാണ്. ഇരുവരുടെയും വേർപാടിന് പിന്നാലെ സംഘടപ്പിച്ച അനുസ്മരണ ചടങ്ങിൽ നടൻ രജനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഇരുവർക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ഓർത്തെടുത്തു കൊണ്ടായിരുന്നു രജനികാന്ത് തന്റെ സംഭാഷണം ആരംഭിച്ചത്. സന്ദർഭം കിട്ടണം നമുക്ക്. സന്ദർഭം ആര് തരും ?. ദൈവം തരണം. ഇപ്പോൾ അങ്ങനെയൊരു സന്ദർഭമാണ് വന്നിരിക്കുന്നത്. അവർ രണ്ടു പേരും മറ്റൊരു ലോകത്ത് നന്നായി ഇരിക്കുന്നു എന്ന് കരുതാം.
ദൈവം നമ്മുടെ 50-ാമത്തെ വയസിൽ വന്നൊരു ബെല്ലടിക്കും. ബെല്ലടിച്ചിട്ട് പറയും, ഭാര്യ, മക്കൾ, സ്വത്ത്, വീടൊക്കെ ആയി ഇവിടെ നീ സെറ്റിൽ ആകാമെന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത് എന്ന് ചോദിക്കും. അതൊന്നും നടക്കില്ല, ഞാൻ വിളിക്കുമ്പോൾ നീ മുകളിലേക്ക് വന്നോണം, ഞാൻ വിളിക്കുമ്പോൾ നിന്റെ ആരോഗ്യം എങ്ങനെയാണോ അങ്ങനെ തന്നെ നീ വന്നോണം.
ഇപ്പോൾ പോയി വേണമെങ്കിൽ ആരോഗ്യമൊക്കെ ഒന്ന് നോക്കിക്കോ എന്ന് പറയും. അപ്പോഴാണ് ഷുഗർ, കൊളസ്ട്രോൾ, ബിപി തുടങ്ങി എല്ലാം നമ്മൾ ചെക്ക് ചെയ്ത് ആരോഗ്യം നോക്കാൻ തുടങ്ങുന്നത്. 60-ാമത്തെ വയസിൽ അദ്ദേഹം രണ്ടാമത്തെ ബെല്ലടിക്കും. ഓക്കെ, എല്ലാം നിർത്തിക്കോ. എല്ലാം സെറ്റിൽ ചെയ്തോ.
നിനക്ക് ആരെയെങ്കിലും കാണാനുണ്ടെങ്കിൽ പോയി കണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രങ്ങളിൽ പോകണമെങ്കിൽ അതൊക്കെ ചെയ്തോ. ഇനി നീ ആരോഗ്യം ഒന്നും നോക്കാതെ ഇരിക്കുകയാണെങ്കിൽ നീ വിളിക്കാത്ത ആളുകൾ നിന്നെ വന്ന് കാണും. ആരൊക്കെയാണെന്ന് വച്ചാൽ ഹൃദയാഘാതം, ലിവർ, കിഡ്നി തുടങ്ങി എല്ലാത്തിനും പല പ്രശ്നങ്ങളും വരും.
അതുകൊണ്ട് എല്ലാം നന്നായി നോക്ക് എന്ന് 60 വയസിൽ നമ്മളോട് പറയും. 70-ാമത്തെ വയസിൽ മൂന്നാമത്തെ ബെല്ലടിക്കും. നിന്നെ ഞാൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും വിളിക്കും എന്ന്. ഭാഗ്യരാജിനെ ബെല്ലടിച്ചപ്പോൾ തന്നെ അങ്ങ് വിളിച്ചു. 70-ാം വയസിലെ മൂന്നാമത്തെ ബെല്ലടിച്ചപ്പോൾ തന്നെ അങ്ങോട്ട് വിളിച്ചു. അതും ആരും പ്രതീക്ഷിക്കാത്ത നേരത്ത്.
ഉറങ്ങി എഴുന്നേറ്റ് പിറ്റേന്ന് രാവിലെ അങ്ങ് പോയി. അദ്ദേഹത്തിന് അത് സന്തോഷമായി കാണും. പക്ഷേ ബാക്കിയുള്ളവരുടെ കാര്യമോ ?. അത് ഭയങ്കര കഷ്ടമാണ്. ആരും അത് പ്രതീക്ഷിച്ചില്ല. ഭാരതിരാജ സാർ, 84-ാം വയസിൽ പോയി. നീണ്ട കാലം അദ്ദേഹം ജീവിച്ചു, ദീർഘായുസോടെ. എല്ലാ കാര്യങ്ങളും അദ്ദേഹം കണ്ടു. അത് മതി. പക്ഷേ അദ്ദേഹം അവസാനത്തെ ഒരു മൂന്ന് നാല് വർഷം നല്ല രീതിയിൽ കഷ്ടപ്പെട്ടു. ആരോഗ്യം വളരെ മോശമായിരുന്നു.
അവസാനമൊക്കെ ആയപ്പോൾ അദ്ദേഹത്തെ കാണുന്നത് തന്നെ നമുക്ക് വിഷമകരമായിരുന്നു. എല്ലാവരും അതുകൊണ്ട് ആരോഗ്യമൊക്കെ നന്നായി നോക്കണം. അവരെ രണ്ടു പേരെയും കാണാൻ എവിടെ നിന്നൊക്കെയാണ് ആളുകൾ വന്നത്. വീട്ടിലേക്ക് സിനിമാ താരങ്ങളൊക്കെ വരുന്നത് സ്വാഭാവികം. ഞാൻ അതല്ല പറയുന്നത്. റോഡിലൂടെ സംസ്കാരത്തിനായി കൊണ്ടുപോകുമ്പോൾ എന്തോരം ആളുകളാണ് അവരെ കാണാൻ കാത്തുനിന്നത്.
'നമ്മളെ ഇത്രയും ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷിപ്പിച്ച ആളാണ് ആ പോകുന്നത്' എന്ന് പറഞ്ഞാണ് ആളുകൾ ഒരു നോക്ക് കാണാനായി എത്തിയത്. അവർ രണ്ടും പേരും ചെയ്ത നന്മയാണത്. 'അവർ പോയി' എന്നാണ് അവസാനമായി കാണാൻ വന്നവരെല്ലാം പറഞ്ഞത്. അവർ രണ്ടു പേരും ഇല്ലല്ലോ എന്നോർക്കുമ്പോൾ ചില നേരങ്ങളിൽ എനിക്ക് വിഷമം തോന്നും.
എന്റെ ഏതെങ്കിലും പടം ഹിറ്റായാൽ അപ്പോൾ ഭാരതി രാജ വിളിച്ചിട്ട് പറയും, 'രജനി സൂപ്പർ എടാ. എന്താണ് നീ ചെയ്ത് വച്ചിരിക്കുന്നതെന്ന്'. 'പടയപ്പ' പടം ഹിറ്റായപ്പോഴും എന്നെ വിളിച്ച് സന്തോഷം പങ്കുവച്ചിരുന്നു. ഇങ്ങനെയൊക്കെ ആര് വിളിച്ച് പറയും.
നന്മയുള്ള രണ്ട് ആത്മാക്കളായിരുന്നു അവർ. 47 വർഷമായി എനിക്കറിയാവുന്നതു കൊണ്ടാണ് ഞാൻ പറയുന്നത്. അവർ വന്നു, ജ്വലിച്ചു, മായയായി. റെസ്റ്റ് ഇൻ പീസ് (ആത്മാവിന് നിത്യശാന്തി നേരുന്നു) എന്ന് നമ്മൾ പറയാറുണ്ട്. റിട്ടേൺ ഈഫ് പോസിബിൾ (കഴിയുമെങ്കിൽ തിരിച്ചു വരിക) എന്ന് ഞാൻ പറയുകയാണ്. ആർഐപി. നന്ദി. - രജനികാന്ത് പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates