രാജ്യാന്തര ശ്രദ്ധ നേടിയ ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കുന്ന ആർആർആർ (രൗദ്രം രണം രുദിരം) സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ അങ്ങനെ വമ്പൻ താരനിരയിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോൾ സിനിമയിൽ നിന്നുള്ള ചെറിയ കാഴ്ച പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കാണാനിരിക്കുന്നത് ഗംഭീര കാഴ്ചാനുഭവം
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടേയും രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ബാഹുബലിക്കും മുകളിൽ നിൽക്കുന്ന ഗ്രാഫിക്സും ലൊക്കേഷൻ സെറ്റുകളുമായാണ് ഇത്തവണ രാജമൗലി ആർആർആറിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. മണിക്കൂറുകൾക്കകം പത്ത് ലക്ഷത്തിൽപ്പരം ആളുകളാണ് വിഡിയോ കണ്ടത്.
അടുത്ത വർഷം തിയറ്ററുകളിൽ
ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ബാഹുബലിക്ക് ശേഷം എത്തുന്ന രാജമൗലിയുടെ സിനിമയായതിനാൽ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates