ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ധുരന്ധർ 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഭാഗം തിയറ്ററുകളിലെത്തി വെറും മൂന്ന് മാസത്തിനുള്ളിലാണ് രണ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്നലെ ഇന്ത്യയൊട്ടാകെ ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ നടന്നിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
നാല് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലാണ് ആദിത്യ ധർ ഒരുക്കിയിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ ഗ്രിപ്പിംഗും വൈകാരികവുമാണ് രണ്ടാം ഭാഗമെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നു.
ഏതൊരു ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട പടം....നാലു മണിക്കൂർ പോയതറിഞ്ഞില്ല. 2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങാം.. എന്നാണ് സിനിമ കണ്ട ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. ഉറപ്പായും തിയറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക .... മാരക തിയറ്റർ എക്സ്പീരിയൻസ് ആണ്,
രൺവീർ ഭീകര പെർഫോമൻസ്...മാധവൻ കികിടു പെർഫോമൻസ്.. അർജുൻ രാംപാൽ വക മികച്ച ഒരു പെർഫോമൻസ്...അങ്ങനെ എണ്ണി എണ്ണി പറയാൻ കുറേ ഐറ്റംസ് ഉണ്ട്, ഇന്ത്യയുടെ റിവഞ്ച് പ്ലാൻ എഫക്ട് ഇത്ര മികച്ച രീതിയിൽ എടുത്ത് ആദിത്യ ധറിന് തന്നെ ആണ് മൊത്തം കയ്യടി., ടെക്നിക്കലി പടം അതിഗംഭീരമാണ്- എന്നൊക്കെയാണ് സിനിമ കണ്ടവർ എക്സിൽ കുറിച്ചിരിക്കുന്നത്.
ഓരോ കഥാപാത്രത്തിനും വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ആക്ഷൻ രംഗങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണെന്നും സോഷ്യൽ മീഡിയയിലെ കുറിപ്പുകളിൽ പറയുന്നു. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദർശ് ചിത്രത്തിന് അഞ്ചിൽ നാലര മാർക്ക് നൽകി 'മാസ്റ്റർപീസ്' എന്ന് വിശേഷിപ്പിച്ചു.
അതേസമയം ആദ്യ ഭാഗത്തേക്കാൾ ചിത്രം കളക്ഷൻ കൊയ്യുമെന്നാണ് ബോക്സ് ഓഫീസ് പ്രവചനങ്ങൾ. 1300 കോടിയാണ് ആഗോളതലത്തിൽ ധുരന്ധർ നേടിയത്. ഈ റെക്കോർഡ് എന്തായാലും രണ്ടാം ഭാഗം മറികടക്കുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുമാർ ഉൾപ്പെടെ പറയുന്നത്.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രം മാറാൻ സാധ്യതയുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ധുരന്ധർ 2 വിന്റെ ദൈർഘ്യം കൂടുതലാണെന്നും സംഗീതം കുറച്ച് പിന്നിലായിപ്പോയെന്നും ചിലർ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വീക്ഷണങ്ങൾ കൂടുതൽ ശക്തമായി പുതിയ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ആദിത്യ - രൺവീർ കൂട്ടുകെട്ട് ഇന്ത്യൻ സിനിമാ പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്തിയിട്ടില്ലെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates