ന്യൂഡൽഹി: ഒരു സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസിയെ കേവലം അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിക്ക് തുല്യമായി കാണാനാകില്ലെന്നും ഇത്തരം പോളിസികൾ വാഹന ഉടമയ്ക്കും അതിൽ യാത്ര ചെയ്യുന്നവർക്കും പൂർണ്ണ സുരക്ഷ നൽകുന്നുണ്ടെന്നും സുപ്രീം കോടതി. ഇതിന് പുറമെ, ഇൻഷുറൻസ് എടുക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ അധിക ആനുകൂല്യങ്ങൾ സ്വയം തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ഏകീകൃത 'ഓപ്റ്റ് ഇൻ' സംവിധാനം നടപ്പിലാക്കാൻ കമ്പനികളോട് നിർദ്ദേശിക്കുകയും ചെയ്തു.
നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്.
1996 ജൂലൈ 13-ന് തിരുപ്പതിയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് മാരുതി 800 കാറിൽ യാത്ര ചെയ്യവേ ടി. രാമു എന്നയാൾ അപകടത്തിൽപ്പെട്ടതാണ് കേസിന് ആധാരം. സിംഗരായകൊണ്ടയ്ക്ക് സമീപം വച്ച് തിരിച്ചറിയാത്ത ഒരു ലോറി രാമുവിന്റെ കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ കഴിയാത്തതിനാൽ, അദ്ദേഹത്തിന്റെ കുടുംബം സ്വന്തം സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസി പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
വാഹന ഉടമയുടെ വ്യക്തിഗത അപകട പരിരക്ഷയ്ക്കായി (Personal Accident Risk) പ്രത്യേക പ്രീമിയം അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) തുടക്കത്തിൽ അപേക്ഷ തള്ളി. എന്നാൽ തെലങ്കാന ഹൈക്കോടതി ട്രൈ ബ്യൂണലിന്റെ തീരുമാനം റദ്ദാക്കുകയും, യാത്രക്കാരനായി വാഹനത്തിൽ സഞ്ചരിച്ച ഉടമയ്ക്ക് സമഗ്ര ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് 7.5% വാർഷിക പലിശയോടെ ₹10,00,500 രൂപ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. തെലങ്കാന ഹൈക്കോടതിയുടെ വിധി ശരിവച്ച സുപ്രീംകോടതി ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ തള്ളി.
2009 നവംബർ 16-ലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (IRDA) സർക്കുലർ ചൂണ്ടിക്കാണിച്ച കോടതി, സമഗ്ര പോളിസി പാക്കേജ് ഉള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു. മോട്ടോർ അപകട ക്ലെയിമുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ അമിതമായ സാങ്കേതിക സമീപനം സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു
1. തേർഡ് പാർട്ടി ഇൻഷുറൻസ് (Third-Party Insurance)
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇത് മൂന്നാം കക്ഷികൾക്ക് (Third Party) ഉണ്ടാകുന്ന പരിക്കുകൾ, മരണം അല്ലെങ്കിൽ വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു. എന്നാൽ ഇത് ഇൻഷുറൻസ് എടുത്ത സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല. ഈ പോളിസി പൊതുവെ "ആക്ട് ഒൺലി പോളിസി" (Act Only Policy) എന്നാണ് അറിയപ്പെടുന്നത്.
2. കോംപ്രിഹെൻസീവ് / പാക്കേജ് ഇൻഷുറൻസ് (Comprehensive / Package Insurance)
ഇൻഷുർ ചെയ്ത വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുള്ള പരിരക്ഷ. പോളിസിയുടെ വ്യവസ്ഥകൾ അനുസരിച്ച്, ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കെല്ലാം ലഭിക്കുന്ന പരിരക്ഷയാണിത്.
3. ഓൺ ഡാമേജ് കവർ (Own Damage Cover)
റോഡ് അപകടങ്ങൾ, തീപിടിത്തം, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലം വാഹനത്തിനുണ്ടാകുന്ന പരിക്കുകൾക്ക് ലഭിക്കുന്ന പരിരക്ഷ.
4. കൊമേഴ്‌സ്യൽ വെഹിക്കിൾ ഇൻഷുറൻസ് (Commercial Vehicle Insurance)
വ്യാപാര/വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് കൊമേഴ്‌സ്യൽ വെഹിക്കിൾ ഇൻഷുറൻസ് ബാധകമാകുന്നത്.
ട്രക്കുകൾ, ചരക്ക് വാഹനങ്ങൾ (Goods carriers), വാണിജ്യാവശ്യങ്ങൾക്കുള്ള പാസഞ്ചർ വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഇൻഷുറൻസ് എടുക്കുന്ന പ്രക്രിയ കൂടുതൽ സുതാര്യവും ഉപഭോക്തൃസൗഹൃദവുമാക്കാൻ സുപ്രീം കോടതി പുതിയൊരു നിർദ്ദേശവും മുന്നോട്ടുവെച്ചു. ഇൻഷുറൻസ് വാങ്ങുന്ന സമയത്ത് 'കസ്റ്റമർ ഓപ്ഷൻ ഫോം'നൽകാനാണ് നിർദ്ദേശം. ഓൺലൈൻ വഴിയോ നേരിട്ടോ പോളിസികൾ എടുക്കുമ്പോൾ ഉപഭോക്താവിന് ലഭ്യമായ എല്ലാ ഇൻഷുറൻസ് കവറേജുകളും ഒറ്റനോട്ടത്തിൽ കാണാനും ഓരോ പോളിസിയുടെയും ആനുകൂല്യങ്ങൾ കൃത്യമായി മനസിലാക്കാനും അടയ്ക്കേണ്ട പ്രീമിയം തുകകൾ തമ്മിൽ താരതമ്യം ചെയ്യാനും ചെക്ക് ബോക്സുകൾ ഉപയോഗിച്ച് ആവശ്യമുള്ള അധിക കവറേജുകൾ സ്വയം തെരഞ്ഞെടുക്കാനും അവസരമുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. ഇതിനായി ഒരു മാതൃകാ ഫോർമാറ്റും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ഇതിൽ മാറ്റങ്ങൾ വരുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates