Meena Kumari ഫയല്‍
Entertainment

കല്യാണം കഴിക്കാന്‍ അച്ഛന് കൈക്കൂലി കൊടുത്ത മകള്‍; മൃതദേഹം വിട്ടുകിട്ടാന്‍ അടക്കേണ്ട പണമില്ലാതെ അനാഥപ്രേതം പോലെ മീന കുമാരി

ഇന്ന് മീന കുമാരിയുടെ ജന്മദിനമാണ്

സമകാലിക മലയാളം ഡെസ്ക്

ആള്‍ക്കൂട്ടത്തിലും കടുത്ത ഏകാന്തത അനുഭവിക്കുന്നവരാകും മിക്ക താരങ്ങളും. പണവും പ്രശസ്തിയും അംഗീകാരങ്ങളുമൊക്കെ തേടിയെത്തുമ്പോഴും ഏകരായി തുടേരണ്ടി വരുന്ന അവസ്ഥ. തങ്ങളുടെ ചിരിക്കുന്ന മുഖം മാത്രം പ്രതീക്ഷിക്കുന്നൊരു ലോകത്ത് അവനവന്റെ വേദനയും സങ്കടവുമെല്ലാം മറച്ചു വെക്കേണ്ടി വന്നേക്കാം.

ബോളിവുഡിന്റെ ട്രാജഡി ക്യൂന്‍ ആണ് മീന കുമാരി. ബാലതാരമായി സിനിമയിലെത്തി, ഇന്ത്യന്‍ സിനിമയിലെ ഐക്കണുകളിലൊന്നായി മാറിയ നടി. പേരും പെരുമയുമൊക്കെ നേടിയിട്ടും മീന കുമാരിയുടെ ജീവിതം കടുത്ത ഏകാന്തതയുടേതായിരുന്നു. അവര്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ എല്ലാ ദുരന്തനായികമാരേക്കാളും ദുരിതം നിറഞ്ഞതായിരുന്നു മീന കുമാരിയുടെ ജീവിതം.

സംഗീതജ്ഞനായ അലി ബക്‌സിന്റേയും ഇക്ബാല്‍ ബീഗത്തിന്റേയും മകളായാണ് മീന കുമാരി ജനിക്കുന്നത്. മീനയടക്കം മൂന്ന് മക്കളായിരുന്നു അലി-ഇക്ബാല്‍ ദമ്പതിമാര്‍ക്ക്. മീന ജനിക്കുമ്പോള്‍ തന്നെ സഹോദരി ഖുര്‍ദീഷ് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. മീനയുടെ പിതാവ് മക്കളെ സ്‌കൂളില്‍ അയക്കുന്നതിലോ പഠിപ്പിക്കുന്നതിലോ വിശ്വസിച്ചിരുന്നില്ല. ചെറിയ പ്രായം മുതല്‍ തന്നെ അവരെ സിനിമയില്‍ അഭിനയിച്ച് പണം കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം.

അങ്ങനെ നാലാമത്തെ വയസില്‍ മീന കുമാരി ക്യാമറയ്ക്ക് മുന്നിലെത്തി. പതിയെ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ കുഞ്ഞ് ചുമലിലായി. തന്റെ പ്രായത്തിലുള്ള ഏതൊരു സാധാരണ കുട്ടിയേയും പോലെ സ്‌കൂളില്‍ പോകണം പഠിക്കണമെന്നൊക്കെ മീനയും ആഗ്രഹിച്ചിരുന്നു. പക്ഷെ അച്ഛന്‍ സമ്മതിച്ചില്ല. കാര്‍ക്കശ്യക്കാരനായ അച്ഛനെ അനുസരിക്കാതെ നിര്‍വ്വാഹമില്ലായിരുന്നു.

ബാലതാരത്തില്‍ നിന്നും മീന പിന്നീട് നായികയായി. ബോളിവുഡിന്റെ ട്രാജഡി ക്യൂന്‍ ആയി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായി മീന വളര്‍ന്നുവെങ്കിലും അവരെന്നും അച്ഛന്റെ തടങ്കലിലായിരുന്നു. എന്ത് ചെയ്യണം, ഏത് സിനിമയില്‍ അഭിനയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് അലിയായിരുന്നു. ജീവിതത്തില്‍ ആദ്യമായി മീന കുമാരി അച്ഛനെ എതിര്‍ക്കുന്നത് തന്റെ പ്രണയത്തിന് വേണ്ടിയാണ്.

കമല്‍ അംരോഹിയുമായി പ്രണയത്തിലാകുന്നതോടെയാണ് മീന കുമാരി അവനവന് വേണ്ടി ജീവിക്കാന്‍ തീരുമാനിക്കുന്നത്. പ്രണയം വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കില്ലെന്ന് മീനയ്ക്ക് ഉറപ്പായിരുന്നു. അതിനാല്‍ അച്ഛനെക്കൊണ്ട് തങ്ങളുടെ വിവാഹത്തിന് സമ്മതിപ്പിക്കുന്നത് വരെ ആ ബന്ധം അവര്‍ രഹസ്യമായി സൂക്ഷിച്ചു. ഇക്കാലയളവുകൊണ്ട് അച്ഛന് നല്‍കാനായി രണ്ട് ലക്ഷം രൂപയും അവര്‍ മാറ്റിവെക്കുകയുണ്ടായി. തങ്ങളുടെ വിവാഹത്തിന് അച്ഛനെ സമ്മതിപ്പിക്കാന്‍.

കമലുമായുള്ള മകളുടെ പ്രണയത്തെ അലി എതിര്‍ത്തു. പക്ഷെ മീന കുമാരിയെ വീട് വിട്ടു പോകാന്‍ അദ്ദേഹം അനുവദിച്ചില്ല. ആ വീടിന്റെ ഏക ആശ്രയം മീനയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടു. അലി കൊണ്ടുവന്നൊരു വിവാഹ ആലോചന മീന നിരസിച്ചു. പിന്നാലെ തന്നെ കമലിനൊപ്പം സിനിമ ചെയ്യാനും ഒരുങ്ങിയതോടെ പിതാവിന്റെ ഭാവം മാറി. അങ്ങനെ തന്റെ പണം കൊടുത്ത് വാങ്ങിയ വീട്ടില്‍ നിന്നു തന്നെ മീന കുമാരിയെ ഇറക്കി വിട്ടു.

''ബാബുജീ, സംഭവിക്കാനുള്ളത് സംഭവിച്ചു. കോടതിയിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിക്കരുതേ. അത് ബാലിശമായിരിക്കും. എന്റെ വസ്ത്രങ്ങളും പുസ്തകങ്ങളുമല്ലാതെ ഞാന്‍ ഒന്നും ആ വീട്ടില്‍ നിന്നും ആഗ്രഹിക്കുന്നില്ല. ഈ കാറും നാളെ നിങ്ങളുടെ പക്കലേക്ക് അയക്കാം. എന്റെ വസ്ത്രങ്ങളും മറ്റും നിങ്ങളുടെ സൗകര്യം പോലെ അയച്ചു നല്‍കുക'' എന്ന് തന്റെ പിതാവിന്, വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മീന കുമാരി കത്തെഴുതുന്നുണ്ട്.

കമല്‍ അംരോഹിയെ മീന കുമാരി വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം പ്രശ്‌നഭരിതമായിരുന്നു. 1952 ല്‍ വാലന്റൈന്‍സ് ദിനത്തില്‍ അതീവ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരാകുന്നത്. കമല്‍ നേരത്തെ തന്നെ വിവാഹിതനും പിതാവുമായിരുന്നു. മീന കുമാരിയ്ക്ക് ദാമ്പത്യവും കരുതി വച്ചത് ദുരിതങ്ങളാണ്. 1964 ല്‍ ഇരുവരും പിരിഞ്ഞു.

ഇക്കാലയളവില്‍ അവര്‍ മദ്യത്തിന് കടുത്ത അടിമയായി മാറിയിരുന്നു. വിഷാദരോഗവും മീനയെ അലട്ടിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ടവള്‍ ആള്‍ക്കൂട്ടങ്ങളെ അവര്‍ വെറുത്തു. മീനയുടെ സിനിമാ ജീവിതത്തിലെ സുപ്രധാന ചിത്രമാണ് പാക്കീസ. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ മീന കുമാരി മരണപ്പെട്ടു. ലിവര്‍ സിറോസിനെ തുടര്‍ന്നായിരുന്നു മീന മരണപ്പെടുന്നത്.

രണ്ട് ദിവസം കോമയിലായിരുന്ന മീന കുമാരി 1972 മാര്‍ച്ച് 31 നാണ് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ മീനയുടെ പ്രായം 38 മാത്രമായിരുന്നു. മരിക്കുമ്പോഴേക്കും സാമ്പത്തികമായി തകര്‍ന്നിരുന്നു മീന കുമാരി. മീനയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടുകിട്ടാന്‍ അടക്കേണ്ടിയിരുന്ന 3500 രൂപ പോലും കുടുംബത്തിന്റെ പക്കലുണ്ടായിരുന്നില്ല. ഒടുവില്‍ ആ പണം നല്‍കിയത് താരത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെയായിരുന്നു.

'She ended life with a broken fiddle, with a broken song, with a broken heart, but not a single regret', മരിക്കുന്നതിന് മുമ്പുള്ള മീന കുമാരിയുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ ശവക്കല്ലറയില്‍ ഇപ്രകാരം കുറിച്ചുവെച്ചിട്ടുണ്ട്.

ഇന്ന് മീന കുമാരിയുടെ ജന്മദിനമാണ്. സിനിമയേക്കാള്‍ നാടകീയമായ, താന്‍ ചെയ്തുവച്ച കഥാപാത്രങ്ങളേക്കാള്‍ ഏകാന്തത പേറി മരണത്തിലേക്ക് നടന്നു പോയ മീനയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവനടി കൃതി സനോണായിരിക്കും മീനയാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Today is the birthday of bollywood's tragic queen Meena Kumari.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT