നടൻ സൂര്യയുടെ കരിയറിലെ ശക്തമായ തിരിച്ചുവരവായിരിക്കും 'കറുപ്പ്' എന്ന സൂചന നൽകി സംവിധായകൻ ആർജെ ബാലാജി. രാജാവ് തന്റെ സിംഹാസനത്തിനായി വരുന്നു എന്നാണ് സൂര്യയെക്കുറിച്ച് കറുപ്പിന്റെ മധുരയിൽ വച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ബാലാജി പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ ആരാധകരെ ഇരട്ടി ആവേശത്തിലാക്കിയിരിക്കുകയാണിപ്പോൾ.
32 മാസങ്ങൾ കൊണ്ട് നിർമിച്ച ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ് കറുപ്പെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. "ആദ്യ പകുതി വളരെ ശക്തമാണ്. രണ്ടാം പകുതി എന്റർടെയ്ൻമെന്റും തിയറ്ററിക്കൽ എലമെന്റ്സും കൂട്ടിച്ചേർത്താണ് ഒരുക്കിയിരിക്കുന്നത്.
നമ്മളെല്ലാവരും കാത്തിരുന്ന സൂര്യ സാറിനെ നിങ്ങൾക്ക് കാണാൻ കഴിയും. ഓരോ പത്ത് മിനിറ്റിലും സിനിമയിൽ ഒരു ഹൈ പോയിന്റ് ഉണ്ടാകും".- ആർജെ ബാലാജി പറഞ്ഞു. ഡാൻസ് മുതൽ ആക്ഷൻ വരെ ഒരുപാട് കാര്യങ്ങൾ ചിത്രത്തിലുണ്ടെന്നും സൂര്യയുടെ മറ്റൊരു ഷെയ്ഡ് പ്രേക്ഷകർക്ക് കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജാവ് തന്റെ സിംഹാസനത്തിനായി വരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. "സാധാരണയായി സൂപ്പർ താരങ്ങളുടെ സിനിമകളിൽ എല്ലാ രംഗങ്ങളിലും നായകൻ ഉണ്ടാകും. പക്ഷേ കറുപ്പിൽ, അദ്ദേഹമില്ലാത്ത ധാരാളം രംഗങ്ങളുണ്ട്. സിനിമയിൽ നമ്മുടെ കഥകളുണ്ട്. പക്ഷേ അദ്ദേഹം ഇത് സമ്മതിക്കുകയും അഭിനയിക്കുകയും ചെയ്തു.
സ്‌ക്രീനിൽ, അദ്ദേഹത്തിന്റെ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും".- ആർ ജെ ബാലാജി പറഞ്ഞു. മേയ് 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സായ് അഭ്യങ്കാർ ആണ്. 2005 ൽ പുറത്തിറങ്ങിയ ആറു എന്ന ചിത്രത്തിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates