യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. യുഡിഎഫ് സർക്കാരിന്റെ ഈ പ്രഖ്യാപനം മികച്ചതാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അതോടൊപ്പം സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കണ്ടേയെന്നും അവരോട് ഒരു ചിറ്റമ്മ നയം എന്താണെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.
പൊലീസ് ട്രെയിനിങ്, ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എൻസിസി തുടങ്ങിയ സമയത്തൊക്കെ യുവതികൾ ആർത്തവ സമയത്ത് ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ച് സർക്കാർ അവർക്ക് എക്സ്ട്രാ ലീവ് കൊടുക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നൽകുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവിൽ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്ആർടിസി ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്ര, കൂടുതൽ പെൻഷൻ എന്നിവ പോലെയല്ല ഈ തീരുമാനം. സർക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാൽ ഈ മൂന്ന് ദിവസം അവധി മാത്രം ഉടൻ നടപ്പിലാക്കും)
പക്ഷേ എന്റെ സംശയങ്ങൾ...
1) അങ്ങനെയെങ്കിൽ പെൺകുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,? ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സർക്കാർ അവർക്ക് 3 ദിന എക്സ്ട്രാ അവധി മാസത്തിൽ കൊടുക്കാത്തത്?
2) മറ്റു സർക്കാർ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സർക്കാർ മനസ്സിലാക്കണം. അതിനാൽ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാർത്ഥിനികൾക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നത് )
ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടിൽ തന്നെ വിശ്രമത്തിൽ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാൻസിൽ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാൽ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാൽ മകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിൻ്റെ സാക്ഷ്യ പത്രമോ ക്ലാസ് ടീച്ചർ നേരിട്ട് വിളിച്ച് അന്വേഷിക്കുകയോ വേണം, ഈ അവധി ദുരുപയോഗം ചെയ്യുവാൻ അനുവദിക്കരുത്. ആർത്തവ സമയത്തു സ്കൂൾ, കോളജ് പരീക്ഷകൾ വന്നാൽ എന്ത് ചെയ്യും? ഈ വേദനയും വെച്ചു പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ടല്ലേ? പിഎസ്‌സി പരീക്ഷ ഈ ദിവസങ്ങളിൽ സംഭവിച്ചാൽ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും?
ഞാനായിരുന്നു സർക്കാർ എങ്കിൽ, ഈ ആവശ്യത്തിന് ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചർ മാർക്കും, എല്ലാ സ്ത്രീകളായ ജീവനക്കാർക്കും മാസത്തിൽ ഇരു എക്സ്ട്രാ ലീവ് നൽകും. സ്ത്രീകൾ കാരണം പോലും ലീവ് ആപ്ലിക്കേഷനിൽ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ എക്സ്ട്രാ ലീവ് ആയി കണക്കാക്കിയാൽ മതി ആയിരുന്നു.
ഇനി കൂടുതൽ വേദന കാരണം ക്ലാസ്സിൽ വരുവാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് രക്ഷിതാവിന്റെ റിക്വസ്റ്റ് കിട്ടുന്ന മുറക്ക് എക്സ്ട്ര ലീവ് കൊടുത്താൽ പോരെ? ഇതിലും കഠിനം ആയ പൊലീസ് ട്രെയിനിങ്, ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എൻസിസി തുടങ്ങിയ സമയത്തൊക്കെ പാവം യുവതികൾ ആർത്തവം സംഭവിച്ചാൽ ഈ പീരീഡിൽ ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ചു സർക്കാർ അവർക്കു എക്സ്ട്രാ ലീവ് കൊടുക്കണം.
ആർത്തവം ഒരു ബയോളിജിക്കൽ പ്രോസസ്സ് അല്ലേ? ചിലർക്കു ദിവസങ്ങളോളം വേദന തുടരും. ചിലർക്ക് ആദ്യ ദിവസം മുതൽ ഒരു പ്രശ്നവും ഉണ്ടാകില്ല. മാസത്തിൽ ആരും അറിയാതെ, അറിയിക്കാതെ ഒരു എക്സ്ട്രാ ലീവ് കൊടുക്കുന്നത് തീർത്തും ന്യായം.
(വാൽ കഷ്ണം....പെൺകുട്ടികൾക്ക് ഒരു ഉഗ്രൻ ഐഡിയ പറഞ്ഞു തരാം. രഹസ്യമാണേ.. ഇനിയിപ്പോൾ ശനിയാഴ്ചയോ ഞായറഴ്ചയോ പീരിഡ് ആയാല്‍ തിങ്കളാഴ്ച ആണ് പീരിഡ് ആയതന്ന് പറഞ്ഞ് മൂന്നു ദിവസം ലീവ് എടുത്തു അടിച്ചു പൊളിക്കുക. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഹോളിഡേയിൽ സംഭവിച്ചാലും സ്കൂൾ / കോളജ് തുറന്നതിനു ശേഷം സംഭവിച്ചു എന്നും പറഞ്ഞു ബുദ്ധിപൂർവം മൂന്നു ലീവ് എടുത്തു ദൂരെ ടൂറിനു പോയി അടിച്ചു പൊളിക്കുക.. ആർത്തവം എന്നത് 2026 മെയ് മാസം മുതൽ തുടങ്ങിയ ഒരു പുതിയ സംഭവം അല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates