അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും തീ പിടിച്ച് എന്‍ജോയ് എന്‍ജാമി പാട്ടിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കം. പാട്ടിനെ ചൊല്ലി സംവിധായകന്‍ സന്തോഷ് നാരായണും റാപ്പര്‍ അറിവും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സന്തോഷ് നാരായണും മകല്‍ ധീയും ചേര്‍ന്ന് അറിവിന്റെ സംഭാവനകള്‍ മറിച്ചുവച്ച് പാട്ടിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റിയെന്നൊരു ആരാധകന്റെ ട്വീറ്റോടാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തപ്പെട്ടത്.
തനിക്ക് അര്‍ഹമായ പ്രതിഫലം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും പാട്ടിന്റെ ക്രെഡിറ്റ് സന്തോഷ് നാരായണിന്റേയും ധീയുടേയും പേരിലാണെന്നും ചൂണ്ടിക്കാണിച്ച് അറിവ് രംഗത്തെത്തുകയായിരുന്നു. 'അവര്‍ എനിക്ക് ബീറ്റ് അയച്ചു തന്നു. ഞാന്‍ വരികളെഴുതി.എന്റെ കള്‍ച്ചറല്‍ ഹിസ്റ്ററിയും ജീവിതാനുഭവും ചേര്‍ത്തുവച്ച് പ്രധാനപ്പെട്ട വോക്കല്‍ മെലഡി കമ്പോസ് ചെയ്യുകയും പാടുകയും ചെയ്തു. സംഗീതം ഒരുമിച്ചുള്ള ജോലിയാണ്. പക്ഷെ ക്രെഡിറ്റും പ്രതിഫലവും അങ്ങനെ തന്നെയായിരിക്കണം'' എന്നായിരുന്നു അറിവിന്റെ പ്രതികരണം.
''പാട്ട് ചിത്രീകരിച്ചത് എന്റെ ഗ്രാമത്തിലാണ്. എന്റെ മണ്ണിന്റേയും നാട്ടുകാരുടേയും കഥകളാണ് പറഞ്ഞത്. ആ ചരിത്രം ജനങ്ങളിലേക്ക് എത്തുമെന്ന് കരുതിയാണ് ഞാന്‍ പങ്കുവച്ചത്. പക്ഷെ എന്നെ വെറും ഫീച്ചറിങ് ആര്‍ട്ടിസ്റ്റ് മാത്രമാക്കി. പാട്ട് മുഴുവന്‍ എഴുതിയതും പ്രധാന മെലഡി കമ്പോസ് ചെയ്തതും ഞാനായിരുന്നു'' എന്നും അറിവ് അവകാശപ്പെടുന്നുണ്ട്.
''അഞ്ച് വര്‍ഷത്തിന് ശേഷം കൊളാബൊറേറ്റഴ്‌സിനാണ് പാട്ടിന്റെ അവകാശം, അവര്‍ക്ക് അതിന്റെ റോയല്‍റ്റിയും കിട്ുന്നുണ്ട്. എനിക്ക് പ്രതിഫലമോ പാട്ടിന്മേലുള്ള അവകാശമോ ലഭിച്ചില്ല. ഇത് സിമ്പതി കിട്ടാന്‍ പറയുന്നതല്ല. ക്രെഡിറ്റ്, അവകാശം, തൊഴില്‍ അവകാശത്തേയും ആത്മാഭിമാനത്തേയും കുറിച്ചാണ് പറയുന്നത്. എല്ലാ ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റുമാരോടും പറയുകയാണ്, കരാറുകള്‍ വെക്കുക. നിങ്ങളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കുക'' എന്നും അറിവ് പറയുന്നു.
പിന്നാലെയാണ് സന്തോഷ് നാരായണന്‍ മറുപടിയുമായെത്തുന്നത്. അറിവിന്റെ വാദങ്ങള്‍ സത്യസന്ധമല്ലെന്നാണ് സന്തോഷ് നാരായണന്‍ പറയുന്നത്.'' നിനക്ക് നിന്റെ അഭിപ്രായം പറയാം. നിന്റെ എല്ലാ ടെക്‌നിക്കല്‍/ഉടമസ്ഥത/നിയമ അവകാശവാദങ്ങളും ആത്മാര്‍ത്ഥയില്ലാത്തതാണ്, എന്നത്തേയും പോലെ. നീ തെരഞ്ഞെടുക്കുന്ന ഏത് മാധ്യമത്തിലൂടേയും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ? നീ എല്ലായിടത്തും എന്നെ ബ്ലോക്ക് ചെയ്തതിനാലാണ്. നിനക്ക് ഇവിടെ മറുപടി നല്‍കാം. ഞാന്‍ എപ്പോഴും തയ്യാറാണ്'' എന്നായിരുന്നു സന്തോഷ് നാരായണന്റെ മറുപടി.
അറിവ് തന്നെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബ്ലോക്ക് ചെയ്‌തെന്നും താന്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും അറിവ് താനുമായി സംസാരിക്കാന്‍ തയ്യാറായില്ലെന്നും സന്തോഷ് നാരായണന്‍ പറയുന്നു. ഇതിനിടയിലുപോയ വര്‍ഷം തന്റെ സഹോദരിയുടെ കല്യാണത്തിന് ക്ഷണിക്കാനായി അറിവ് തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും എന്നാല്‍ വിദേശത്ത് ആയിരുന്നതിനാല്‍ കാണാന്‍ പറ്റിയിരുന്നില്ലെന്നും സന്തോഷ് നാരായണന്‍ പറയുന്നുണ്ട്.
അതേസമയം താന്‍ സന്തോഷ് നാരായണന്റെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി പോയെന്നും എന്നാല്‍ തന്റെ ശ്രമങ്ങള്‍ എങ്ങുമെത്തിയില്ലെന്നുമാണ് അറിവ് പറയുന്നത്. ഇതൊരു സോഷ്യല്‍ മീഡിയ ചര്‍ച്ചയല്ലെന്നും വസ്തുതകള്‍ സംസാരിക്കട്ടെയെന്നും അറിവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates