Sharreth, Saradakkutty  ഫെയ്സ്ബുക്ക്
Entertainment

'ശരത് പറഞ്ഞു കൊടുത്ത അർത്ഥത്തിലും ഭേദം, ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരമായിരുന്നു'; വിമർശിച്ച് ശാരദക്കുട്ടി

മിതമായ ഭാഷയിൽ അതിനെ അഹങ്കാരമെന്നേ പറയാനാകൂ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

റിയാലിറ്റി ഷോയ്ക്കിടെ സംഗീത സംവിധായകൻ ശരത് ‘സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ’ എന്ന ഗാനത്തിലെ വരികളുടെ അർത്ഥം വിശദീകരിച്ച രീതിയെ വിമർശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഗാനത്തിന്റെ കാവ്യസന്ദർഭവും ശൃംഗാരഭാവവും പരിഗണിക്കാതെയാണ് ശരത് വരികളെ വ്യാഖ്യാനിച്ചതെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

റിയാലിറ്റി ഷോയിലെ അവതാരകയായ കൗമാരക്കാരിയോട് ഗാനവരിയുടെ അർത്ഥം ചോദിച്ച ശരത്, തെറ്റായ ഉത്തരം നൽകിയതിനെ തുടർന്ന് കുട്ടിയെ പരിഹസിച്ചെന്നും ശാരദക്കുട്ടി കുറിച്ചു. എന്നാൽ പിന്നീട് ശരത് തന്നെ ഗാനത്തിന്റെ അർത്ഥം വിശദീകരിച്ചപ്പോൾ ആ വ്യാഖ്യാനം കൂടുതൽ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

ഒരു ഗാനത്തിന്റെ അർത്ഥം വിശദീകരിക്കുമ്പോൾ അതിന്റെ സാഹിത്യപശ്ചാത്തലവും കാവ്യസന്ദർഭവും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. "ചലച്ചിത്രസംഗീത സംവിധായകൻ വരികളുടെ അർത്ഥസുഷമ രചയിതാവിൻ്റെ അത്ര കൃത്യതയോടെ അറിയണമെന്ന് നിർബ്ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നും പറയാം. അങ്ങനെയും മലയാള ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ കുറിപ്പിൻ്റെ സന്ദർഭം ഇതാണ്: ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായിരിക്കുന്ന സംഗീതസംവിധായകൻ ശരത്, അവതാരകയായ പെൺകുട്ടിയോട് സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ... എന്ന വരിയുടെ അർത്ഥം ചോദിക്കുന്നു.

കൗമാരക്കാരിയായ അവതാരക അർത്ഥം തെറ്റിച്ചു പറയുമ്പോൾ ശരത് പതിവ് രീതിയിൽ കണക്കിന് പരിഹസിക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ വിപണന തന്ത്രം എന്നേ കരുതിയുള്ളു. എന്നിട്ടൊടുവിൽ ശരത് പാട്ടിൻ്റെ അർത്ഥം ആ കുട്ടിക്കു പറഞ്ഞു കൊടുക്കുന്നത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എല്ലാമറിയാമെന്ന ഭാവത്തിൽ പറയുമ്പോൾ എന്തെങ്കിലുമൊരു തയ്യാറെടുപ്പു വേണ്ടേ ?

സാമ്യമകന്നോരുദ്യാനമേ കൽപകോദ്യാനമേ .... എന്ന പ്രശസ്ത ഗാനത്തിന് ശരത് പറഞ്ഞു കൊടുത്ത അർത്ഥത്തിലും ഭേദം ആ പെൺകുട്ടി പറഞ്ഞ പൊട്ടത്തരം തന്നെയായിരുന്നു. അതിലൊരു തമാശയെങ്കിലുമുണ്ടായിരുന്നു.

മലയാളത്തിലെ അതിപ്രശസ്തമായ പ്രണയഗാനമാണത്. ഉണ്ണായി വാര്യരുടെ നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാര പ്രധാനമായ പദത്തിലെ ഭാഗങ്ങൾ ചേർത്ത് വയലാറെഴുതിയ ആ ക്ലാസിക് ​ഗാനത്തെ ദേവരാജൻ മാസ്റ്റർ തൊട്ടതെങ്ങനെയെന്നെങ്കിലും, അതിനുപയോഗിച്ച രാഗഭംഗിയുടെ ഔചിത്യമെങ്കിലും മനസ്സിലാക്കാതെ അതിൽ കയറി മേയാൻ ശരത് കാണിച്ച ആ ധൈര്യം അപാരം തന്നെ. മിതമായ ഭാഷയിൽ അതിനെ അഹങ്കാരമെന്നേ പറയാനാകൂ.

"മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും

കുഞ്ജകുടീരങ്ങളിൽ

ലാവണ്യവതികൾ ലാളിച്ചുവളർത്തും

ദേവഹംസങ്ങളേ

നിങ്ങൾ

ദൂതുപോയൊരു മനോരഥത്തിലെൻ

ദേവിയുണ്ടോ ദേവീ"

കച്ചമണികൾ നൃത്തം വെക്കുന്ന വൃശ്ചികരാവുകൾ, കഥകളി മുദ്രയാം കമലദളം, മഞ്ജുതരയുടെ മഞ്ഞ്, ദേവഹംസങ്ങൾ ദൂതു പോകുന്ന മനോരഥം ഇതൊക്കെ എന്തെന്നറിയാതെ ആ കൽപകോദ്യാനത്തെ അദ്ദേഹം വ്യാഖ്യാനിച്ചു കളഞ്ഞു കുളിച്ചു .

ക്ലാസെടുക്കാൻ ഒരുമ്പെടുമ്പോൾ, പരിഹസിക്കാൻ വെമ്പൽ വരുമ്പോൾ മിനിമം തയ്യാറെടുപ്പെങ്കിലും വേണം ഇവിടെ വിധികർത്താവിൻ്റെ അജ്ഞത, അരസികത ഒക്കെയാണ് അങ്ങ് മുഴച്ചു വരുന്നത്..

നളദമയന്തിമാരുടെ മധുവിധു രാത്രിയിലെ ഉദ്യാനവർണ്ണനയിലൂടെ ശൃംഗാരകേളിക്കുള്ള ക്ഷണവും അതിൻ്റെ സൂക്ഷമസൂചനകളുമാണ് ഉണ്ണായി വാര്യരുടെ ഈ പദത്തിന്റെ ഉള്ളടക്കം. ഇന്ദ്രന്റെ നന്ദനവനത്തിനു പോലും ഉപമിക്കാൻ കഴിയാത്തത്ര മനോഹരവും കാമോദ്ദീപകവും സമാനതകളില്ലാത്തതുമാണ് ആ ഉദ്യാനം. അതാണ് കൽപകോദ്യാനമെന്നതിൻ്റെ അർത്ഥദീപ്തി. ഗാനരചയിതാക്കൾ എത്രയോ കാലമായി താലോലിക്കുന്നതും കല്പാന്തകാലത്തോളം നിലനിൽക്കുന്നതുമായ ഒരു പ്രമദവനം തന്നെയാണത്.

ഉണ്ണായി വാര്യരെ ഇത്രയ്ക്ക് ലളിത സുന്ദരമായി മലയാള ഗാനശാഖക്ക് സമ്മാനിച്ച മഹാപ്രതിഭകളാണ് വയലാറും ദേവരാജനും. ശരത് പഠിപ്പിക്കുന്നതു പോലെ തെങ്ങിൻ തോപ്പുകൾ നിറഞ്ഞ കേരളമല്ല അത്. അതിതീവ്രമായ പ്രണയമുഹൂർത്തത്തിൽ ചരാചരങ്ങളിലെല്ലാം തുടിക്കുന്ന കാമമാണ് കവി വരികളിൽ അടക്കി വെക്കുന്നത്. അടക്കിപ്പിടിച്ച ശൃംഗാരമാണീ വരികളിൽ തുളുമ്പാതെ തുളുമ്പുന്നത്.

തെങ്ങിൻ തോപ്പും കാട്ടുതാറാവുകൾ ഇണകളെ തിരയുന്ന കായൽ തീരങ്ങളും പ്രണയികൾക്ക് കൽപകോദ്യാനങ്ങൾ തന്നെ. വയലാർ അതും എഴുതിയിട്ടുണ്ട്. പക്ഷേ ഇവിടെ അർത്ഥം അതൊന്നുമല്ല.

അതിൽ കേരളത്തിലെ അതിവിശിഷ്ടമായ ഒരു സാഹിത്യസൃഷ്ടി നൽകിയ തിളക്കമുണ്ട്. അതിൻ്റെ മുഴുവൻ സത്തയും ഉൾക്കൊള്ളിച്ച് , അതിൽ വീണ്ടും പ്രണയത്തിൻ്റെ മാധുരി കോരിനിറച്ച് വയലാറെഴുതിയതാണ് കൽപകോദ്യാനം എന്ന വാക്ക്.

ഗായകൻ സുദീപ് കുമാറും സംഗീത സംവിധായകൻ ബിജിബാലും ചേർന്ന് നടത്തുന്ന ഗാനചർച്ചകൾ ശരത് ഒന്നു ശ്രദ്ധിക്കണം. എത്ര സുന്ദരമായാണ് ഗായകൻ വരികളെ മനസ്സിലാക്കി പാടുന്നത്! എത്ര ആദരവോടെയാണ് സംഗീതസംവിധായകൻ അവയെ തൊട്ട് കൂടുതൽ ദീപ്തമാക്കുന്നത്!.

ശരത് ഈണം കൊടുക്കൂ. പക്ഷേ അർത്ഥമറിയാതെ വ്യാഖ്യാനിക്കരുത്. അതും പോരാതെ, മുന്നിൽ നിൽക്കുന്ന കൊച്ചുകുട്ടികളെ പരിഹസിക്കരുത്. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികൾക്ക് അറിവു കൊടുക്കുന്നതാണ് ഉചിതം.

ചിന്തയിൽ ഭാവദീപ്തി ഉള്ളവർക്കേ പാട്ടോ അതിൻ്റെ അർത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂ. ദേവരാജൻ മാസ്റ്റർ പറഞ്ഞതായി രവി മേനോൻ ഉദ്ധരിച്ച ഒരു കാര്യം ഇവിടെ ഓർമ്മയിൽ നിന്ന് കുറിക്കട്ടെ. അക്ഷരസ്ഫുടതയില്ലായ്മ ക്ഷമിക്കാം. റേഞ്ച് കുറവായാൽ അതും ക്ഷമിക്കാം. പക്ഷേ, ഭാവദീപ്തിയില്ലാത്തവരോട് ആ സംഗീത സംവിധായകന് ക്ഷമിക്കാനാവില്ല. നമുക്കും".- ശാരദക്കുട്ടിയുടെ വാക്കുകൾ.

Saradakkutty criticize Music Director Sharreth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം'; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി

'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !

മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം