ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും ബാങ്കബിള്‍ ആക്ടര്‍ ആയിരുന്നു നിവിന്‍ പോളി. തൊട്ടതെല്ലാം പൊന്നാക്കിയ താരം. ഹിറ്റുകള്‍ തുടരെ തുടരെ സമ്മാനിച്ച് മലയാളത്തിലെ യൂത്തന്മാരിലെ ജനപ്രിയനായി മാറുകയായിരുന്നു നിവിന്‍ പോളി. എന്നാല്‍ പിന്നീട് കൊവിഡ് സമ്മാനിച്ച ഇടവേളയും, പരീക്ഷണ സിനിമകള്‍ക്ക് പിന്നാലെ പോയതുമെല്ലാം നിവിന്‌റെ കരിയറില്‍ തിരിച്ചടിയായി. വര്‍ഷങ്ങളോളം വിജയം അകന്നു നിന്നു. എന്നാല്‍ അപ്പോഴൊന്നും നിവിനെ മലയാളി മറന്നിരുന്നില്ല, വെറുത്തിരുന്നില്ല.
മലയാളികളുടെ മനസില്‍ നിവിന്‍ പോളിയ്ക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ചിത്രം സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. 2025 അവസാനിക്കുന്നത് നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവോടു കൂടിയാണ്. സാക്ഷാല്‍ മോഹന്‍ലാലിനെ ക്ലാഷില്‍ പരാജയപ്പെടുത്തിയാണ് നിവിന്‍ തിരികെ വരുന്നത്. 2026 ന്റെ തുടക്കത്തിലും നിവിന്‍ പോളി തന്നെയായിരിക്കും തിയേറ്ററുകള്‍ ഭരിക്കുകയെന്നാണ് സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന സിനിമ നാലാം നാളിലെത്തുമ്പോള്‍ മിക്കയിടത്തും ഷോകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മിക്ക ഷോകളും ഹൗസ്ഫുള്ളായിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. സമാനതകളില്ലാത്ത തിരിച്ചുവരവാണ് നിവിന്‍ പോളി സ്വന്തമാക്കിയത്. 600 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിന്‍ പോളി ഒരു സിനിമ റിലീസാകുന്നത് പോലും. എന്നിട്ടും ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത നിവിന്‍ പോളിയുടെ ജനപ്രീതിയും, നിവിന്റെ സോണില്‍ ഇന്നും പകരക്കാരനില്ലെന്നതുമാണ്.
ക്രിസ്മസ് ദിവസമായ വ്യാഴാഴ്ചയാണ് സര്‍വ്വം മായ റിലീസ് ചെയ്യുന്നത്. ഓരോ ദിവസം കഴിയുന്തോറും ചിത്രത്തിന്റെ കളക്ഷന്‍ കൂടിക്കൂരി വരുന്നതാണ് കാണുന്നത്. മൂന്ന് ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 12.65 കോടിയാണ് സര്‍വ്വം മായ നേടിയത്. റിലീസിന് ശേഷമുള്ള ആദ്യ ഞയാറാഴ്ചയായ ഇന്നലെ മാത്രം ചിത്രം കേരളത്തില്‍ നിന്നും നേടിയത് 5.72 കോടിയാണ്. ആദ്യത്തെ വിക്കെന്‍ഡില്‍ സര്‍വ്വം മായ കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 18.37 കോടിയാണ്. ചിത്രത്തിന്റെ ഇന്ത്യാ കളക്ഷന്‍ 6.60 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതോടെ സര്‍വ്വം മായ പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടി ചിത്രം കളങ്കാവലിനെയാണ്. കേരളത്തില്‍ നിന്നും ഏറ്റവും മികച്ച ഓപ്പണിങ് വീക്കെന്‍ഡ് ഗ്രോസ് നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് സര്‍വ്വം മായ കളങ്കാവലിനെ പിന്നിലാക്കിയത്. എമ്പുരാനും തുരടുമാണ് സര്‍വ്വം മായയ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. കളങ്കാവലിന് പിന്നാലെ അഞ്ചാമതുള്ളത് ഡീയസ് ഈറെയും ആറാമതുള്ളത് ആലപ്പുഴ ജിംഖാനയുമാണ്. ഹൃദയപൂര്‍വ്വം, രേഖചിത്രം എന്നിയാണ് ഏഴിലും എട്ടിലുമുള്ളത്.
അതേസമയം സര്‍വ്വം മായ അധികം വൈകാതെ തന്നെ 50 കോടിയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടകം തന്നെ സിനിമയുടെ ആഗോള കളക്ഷന്‍ 40 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നിവിന്‍ പോളിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍ക്ക് ഹൈപ്പ് നല്‍കുന്നതാണ് സര്‍വ്വം മായയുടെ കളക്ഷന്‍.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. റിയ ഷിബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ജസ്റ്റിന്‍ പ്രഭാകരാണ് സംഗീതം. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയുടെ നിര്‍മാണം ഫയര്‍ഫ്‌ളൈ ഫിലിംസാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates