Sreenivasan, Sathyan Anthikad വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

സന്ദേശം പോലൊരു സിനിമ മോഹന്‍ലാലിനെ വച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നു; ശ്രീനി എനിക്ക് സുഹൃത്തും ഗുരുവും: സത്യന്‍ അന്തിക്കാട്

സന്ദേശത്തെക്കുറ്റം പറയുന്ന ചിലരുണ്ടാകും. അവര്‍ക്കത് വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ സാധിക്കാത്തതിനാലാണ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസന്‍ തനിക്ക് സുഹൃത്തും ഗുരുനാഥനുമായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. ശ്രീനിയും താനും സന്ദേശം പോലൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;

''ശ്രീനി എനിക്ക് സുഹൃത്തും ഗുരുനാഥനുമായിരുന്നു. ശ്രീനിയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ഞാന്‍ തിരക്കഥകള്‍ എഴുതുമ്പോള്‍ മറ്റുള്ളവര്‍ എഴുതിയ സിനിമകള്‍ സംവിധാനം ചെയ്യുമ്പോഴും ഉപയോഗിക്കാറുണ്ട്. ശ്രീനി എഴുതാത്ത കഥകള്‍, അവസാനം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വം വരെ, ശ്രീനിയുടെ കൂടെ അഭിപ്രായം കേട്ടിട്ടെ ഞാന്‍ ചെയ്തിട്ടുള്ളൂ. ശ്രീനിയെക്കുറിച്ച് പറയാന്‍ ഒന്നല്ല, ഒരായിരം അനുഭവങ്ങളും ഓര്‍മകളുമുണ്ട്.

വലിയൊരു കാലം ഞാനും ശ്രീനിയും സ്വന്തം വീട്ടുകാര്‍ക്കൊപ്പം താമസിച്ചതിനേക്കാള്‍ കൂടുതല്‍ താമസിച്ചത് ഞങ്ങള്‍ ഒരുമിച്ചാണ്. അതും ഒരു മുറിയില്‍. അതിന്റെ തമാശകളും, ചിലപ്പോള്‍ വഴക്കുമിടും. പിറ്റേദിവസം ആരെങ്കിലും ഒരാള്‍ സോറിയും പറയും. എന്റെ ചെറിയ മാരുതി കാറില്‍ കേരളം മുഴുവന്‍ ഞാനും ശ്രീനിയും സഞ്ചിരിച്ചിട്ടുണ്ട്. കഥയ്ക്ക് ആശയം കിട്ടാതാകുമ്പോള്‍, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചിലപ്പോള്‍ പോകും.അങ്ങനെ കുറേക്കുറേ മുഹൂര്‍ത്തങ്ങള്‍ ശ്രീനിവാസനൊപ്പമുണ്ട്.

എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളൊരു കാര്യമുണ്ട്. ശ്രീനിവാസന്‍ നടന്‍ ആയതു കൊണ്ട്, ശ്രീനിവാസന്‍ എന്ന എഴുത്തുകാരനെ വേണ്ടവിധത്തില്‍ നമ്മള്‍ ആഘോഷിച്ചിട്ടില്ല എന്ന് തോന്നുന്നു. മികച്ച തിരക്കഥാകൃത്തുകളെക്കുറിച്ച് പറയുമ്പോള്‍ ആ കൂട്ടത്തില്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്തുമെന്നേയുള്ളൂ. ശ്രീനി എഴുത്തുകാരന്‍ മാത്രമായിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ ശ്രീനിയുടെ തിരക്കഥകള്‍ നമ്മള്‍ ചര്‍ച്ച ചെയ്‌തേനെ എന്ന് എനിക്ക് തോന്നുന്നുണ്ട്.

ശ്രീനിയെപ്പോലെ മനുഷ്യ ജീവിതത്തെ തൊട്ടറിഞ്ഞ്, മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഉണ്ടാക്കാന്‍ അറിയുന്ന വേറെ ആരും തന്നെ ഉണ്ടായിട്ടില്ല. അതിന് സാഹിത്യത്തിന്റെ മേമ്പൊടി ഉണ്ടാകില്ല. തിരക്കഥ എന്ന് പറയുന്നത്, വേറെ തന്നെ സാഹിത്യശാഖയാണ്. ശ്രീനിവാസന്‍ ഉണ്ടാക്കിയിട്ടുള്ള കഥാപാത്രങ്ങള്‍ ആലോചിക്കുകയാണ് വടക്കുനോക്കിയന്ത്രം, തലയണമന്ത്രം, സന്ദേശം, വരവേല്‍പ്പ്, നാടോടിക്കാറ്റ്, എത്രയെത്ര വ്യത്യസ്തമായ കഥാപാത്രങ്ങള്‍.

ശൂന്യതയില്‍ നിന്നു പോലും ശ്രീനി തമാശയുണ്ടാക്കും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പറയാന്‍ സാധിക്കുന്ന ഡയലോഗുകള്‍ ശ്രീനിവാസനില്‍ നിന്നും വരുമ്പോള്‍ നമ്മള്‍ ചിരിക്കും. എന്താ വിജയാ നമുക്ക് ഈ ബുദ്ധി നേരത്തേ തോന്നാത്തത്? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് വളരെ സിമ്പിളായ ഡയലോഗ് ആണ്. പക്ഷെ അതൊരു മൂന്ന് പ്രാവശ്യം പറയുമ്പോഴേക്കും നമ്മുടെ മനസില്‍ പതിഞ്ഞു പോവുകയാണ്. ഇപ്പോഴും ആളുകളത് പഴഞ്ചൊല്ല് പോലെ പറയുന്നു.

മലയാള സിനിമയെ നന്മയുടെ ഭാഗത്തേക്ക് തിരിച്ചുവിട്ട എഴുത്തുകാരനാണ് ശ്രീനിവാസന്‍. ആ എഴുത്തുകാരന്‍ എന്ന രീതിയില്‍ ശ്രീനിയെ ഇനിയായിരിക്കും നമ്മള്‍ തിരിച്ചറിയുക. പലപ്പോഴും അത് അങ്ങനെയാണല്ലോ. ഒരാള്‍ വേര്‍പിരിയുമ്പോഴാണ് അയാളുടെ പ്രസക്തി നമ്മള്‍ തിരിച്ചറിയുന്നത്. ആ നിലയില്‍ ശ്രീനിവാസനെ നമ്മള്‍ കൂടുതല്‍ വായിക്കാന്‍ പോകുന്നതേയുള്ളൂ.

ശ്രീനിവാസനെ ഏറ്റവും കൂടുതല്‍ തൊട്ടറിഞ്ഞൊരു സുഹൃത്ത് എന്ന നിലയില്‍, എനിക്കറിയാം. ശ്രീനിവാസനോളം പ്രതിഭ തെളിയിച്ച ഒരാളെ ഞാന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. അസുഖ ബാധിതനെങ്കില്‍, ദൂരയെങ്കിലും ശ്രീനിവാസന്‍ ഉണ്ടെന്നത് ഒരു ധൈര്യമായിരുന്നു. അതാണ് ഇന്ന് നഷ്ടമായിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പു പോലും ഞാന്‍ ശ്രീനിവാസനുമായി ഫോണില്‍ സംസാരിച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ ഇവിടെ വരുമായിരുന്നു. ഞാന്‍ വരുന്നുവെന്ന് വിളിച്ച് പറഞ്ഞാല്‍ ഒമ്പതരയ്‌ക്കേ ശ്രീനിയേട്ടന്‍ കുളിച്ച് റെഡിയായിരിക്കുമെന്ന് വിമല പറയും. ഞാന്‍ വരാന്‍ പതിനൊന്നര, പന്ത്രണ്ട് മണിയാകും. വന്നപാടെ എന്നെ ചീത്ത പറയും. നിങ്ങളെന്താണ് ഇത്ര വൈകിയത്? അന്തിക്കാടു നിന്നും എത്തണ്ടേ എന്ന് ഞാന്‍ ചോദിക്കും. അത് കഴിഞ്ഞ് തമാശകള്‍ പറയും, ചിരിക്കും. തിരിച്ചു പോകുമ്പോള്‍ എനിക്കും ശ്രീനിവാസനും ഊര്‍ജ്ജം കിട്ടും.

സമൂഹത്തെ ഇത്രത്തോളം നിരീക്ഷിക്കുന്നൊരു വ്യക്തിയില്ല. നമ്മുടെ നാട്ടില്‍ നടക്കുന്നത് എന്തൊക്കെയാണ്? അതിലെ അപാകതകള്‍ എന്തൊക്കെയാണ്? കല, സാംസ്‌കാരികം, രാഷ്ട്രീയം, എല്ലാം. കഴിഞ്ഞ തവണ ഞാന്‍ വരും മുമ്പ് പറഞ്ഞത് സത്യന്‍ വരുമ്പോള്‍ എംടി വാസുദേവന്‍ നായരുടെ ജീവിചരിത്രവും ഇപി ജയരാജന്റെ ആത്മകഥയും കൊണ്ടു വരണം എന്നാണ്. എല്ലാത്തിലും നര്‍മം കാണുന്ന ആളാണ് ശ്രീനി. വെറുതെ വിശേഷം ചോദിച്ചാലും മറുപടിയിലൊരു നര്‍മം കാണുമായിരുന്നു.

കുറച്ച് ദിവസം മുമ്പ് അന്തിക്കാട് അദ്ദേഹം വന്നു. അപ്പോള്‍ അവിടുത്തെ കുറച്ച് നാട്ടുകാര്‍ വന്ന്, എങ്ങനെയുണ്ട് ശ്രീനിയേട്ടാ അസുഖമൊക്കോ എന്ന് ചോദിച്ചു. അസുഖമൊക്കെ വളരെ നന്നായി പോകുന്നു എന്നായിരുന്നു ശ്രീനിയുടെ മറുപടി. ശ്രീനിയുടെ നാവിന്‍ തുമ്പത്ത് എപ്പോഴും ഫലിതമുണ്ടായിരുന്നു.

സന്ദേശം പോലൊരു സിനിമയെക്കുറിച്ച് ഞാനും ശ്രീനിയും ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ കാലത്തുള്ള സാമൂഹിക അന്തരീക്ഷമല്ല ഇത്. അന്ന് കുറേക്കൂടി സഹിഷ്ണുത ഉണ്ടായിരുന്നു. സന്ദേശത്തെക്കുറ്റം പറയുന്ന അപൂര്‍വ്വം ചിലരുണ്ടാകും. അവര്‍ക്കത് വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ സാധിക്കാത്തതിനാലാണ്. നിഷ്‌കളങ്കനായൊരു വ്യക്തി, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണുന്ന കഥ സിനിമയാക്കണം എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു. മോഹന്‍ലാലിനെപ്പോലെ ഒരാള്‍ ചെയ്യുന്ന കഥാപാത്രം. രണ്ട് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുണ്ട് ഇവിടെ. ഇവരില്‍ ആര് പറയുന്നതാണ് ശരിയെന്ന് മനസിലാക്കാത്ത സാധാരണക്കാരന്റെ കഥ. ഇനിയത് നടക്കില്ലാത്തതു കൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.

Sathyan Anthikad talks about Sreenivasan and their friendship at the late actor's memorial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

'ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുമ്പോള്‍ ...; ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന പയ്യന്‍ ഇപ്പോള്‍ ഒറ്റക്കാണ്'

'ഒരു ദുസ്വഭാവവും ഇല്ലാത്ത ഭർത്താവ്, അതോർത്ത് എനിക്ക് ചിരി വന്നു'; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ പിറന്നത് ഇങ്ങനെ

മൂന്നാറില്‍ മൈനസ് തുടരുന്നു, ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ്; അറിയാം കാരണം?

SCROLL FOR NEXT