വിവാദങ്ങള്‍ക്കൊടുവിലാണ് ദില്‍ജീത്ത് ദൊസാഞ്ച് ചിത്രം സത്‌ലജ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതെ പോയ ചിത്രം സീ 5ലൂടെയാണ് റിലീസ് ചെയ്തത്. എന്നാല്‍ സ്ട്രീമിങ് ആരംഭിച്ച് 48 മണിക്കൂറിനകം തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. റിലീസിന് പിന്നാലെ ചിത്രം കയ്യടികള്‍ നേടുന്നതിനിടെയാണ് ഈ അപ്രതക്ഷ്യമാകല്‍ സംഭവിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം പോസ് ചെയ്തിരിക്കുകയാമെന്നാണ് സീ 5 അറിയിച്ചിരിക്കുന്നത്. തങ്ങള്‍ ചിത്രത്തിനും മേക്കേഴ്‌സിനുമൊപ്പമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് സീ 5 സ്ട്രീമിങ് നിര്‍ത്തിവച്ചതായി അറിയിച്ചിരിക്കുന്നത്. ചിത്രം പിന്‍വലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സീ 5 സംസാരിച്ചിട്ടില്ല.
നേരത്തെ പഞ്ചാബ് 95 എന്ന പേരിലായിരുന്നു ചിത്രം റിലീസിന് ഒരുക്കിയിരുന്നത്. പിന്നീടാണ് സത്‌ലജ് എന്ന പേരില്‍ ജൂലൈ 3ന് സീ 5ലെത്തുന്നത്. എന്നാല്‍ ജൂലൈ 5 ആയപ്പോഴേക്കും ചിത്രം പിന്‍വലിച്ചു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ സിബിഎഫ്‌സി ചിത്രത്തിന് 127 കട്ടുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായില്ല.ഇതോടെയാണ് റിലീസ് നീണ്ടു പോയത്.
പഞ്ചാവി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് സിങ് ഖാല്‍റയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 1980 കളിലും 1990 കളിലേയും പ്രതിസന്ധികാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പഞ്ചാബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട കാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് കൊണ്ടുവന്ന വ്യക്തിയാണ് ജസ്വന്ത് സിങ് ഖാല്‍റ. 1995ല്‍ ഖാല്‍റ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് നിരവധി പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് 127 കട്ടുകള്‍ നിര്‍ദ്ദേശിച്ചെന്നും പിന്നീട് ജസ്വന്ത് സിങ് ഖാല്‍റയുടെ പേര് തന്നെ മാറ്റാനും നിര്‍ദ്ദേശിച്ചെന്നുമാണ് സംവിധായകന്‍ ഹണി ട്രഹാന്‍ ആരോപിച്ചത്. അതേസമയം നേരത്തെ ചിത്രം നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കണമെന്ന് ആരാധകരോട് ദില്‍ജീത്ത് തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രക്തസാക്ഷിയായ ജസ്വന്ത്‌സിങ് ഖാല്‍റയ്ക്ക് സംഭവിച്ചത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമയ്ക്കും സംഭവിച്ചതെന്നാണ് ദില്‍ജീത്ത് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates