പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം സിനിമാ- സീരിയൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തുവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അഭിനേതാക്കളും മറ്റ് സഹപ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് ആദിത്യന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്.
‘എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ? അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനഃപൂർവം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇത്’- സീരിയൽ താരം മനോജ് കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘പ്രിയപ്പെട്ട ആദിത്യ, വിശ്വസിക്കാൻ പറ്റുന്നില്ല. വാനമ്പാടി ,സ്വാന്തനം (സീരിയൽ) സംവിധായകൻ ആദിത്യൻ വിടപറഞ്ഞു. ഈശ്വര സഹിക്കാൻ പറ്റുന്നില്ല..വാനമ്പാടിയിലെ എന്റെ ഭദ്രയും, ആകാശദൂദിലെ ജെസിയും ഈ കൈകളിൽ ഭദ്രം ആയിരുന്നു’- സീമ ജി നായർ കുറിച്ചു.
നടി ഉമാ നായരും ആദരാഞ്ജലികളുമായി എത്തി. 'എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത് നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല.... ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്തു നൽകട്ടെ ഈശ്വരൻ'- ഉമാ നായർ കുറിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates