ഷാരൂഖ് ഖാന്റെ ജീവിതത്തിലെ ഏറ്റവും സംഘീര്‍ണമായ സമയമായിരുന്നു മകന്‍ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞ നാളുകള്‍. 2021 ഓക്ടോബറിലാണ് ആര്യനെ മയക്കുമരുന്ന് കേസില്‍ പിടി കൂടുന്നതും ജയിലില്‍ കഴിയേണ്ടി വരുന്നതും. തുടര്‍ന്ന് നടനും കുടുംബത്തിനും നേരിടേണ്ടി വന്ന മാധ്യമ വിചാരണയും സോഷ്യല്‍ മീഡിയ ആക്രമണങ്ങളുമെല്ലാം സമാനതകളില്ലാത്തതാണ്. 2022 ല്‍ കേസില്‍ ആര്യന്‍ ഖാന് കോടതി ക്ലീന്‍ ചിറ്റ് നല്‍കി.
മുന്‍ അറ്റോണി ജനറല്‍ ആയ മുകുള്‍ രോഹ്തഗിയാണ് ആര്യന് വേണ്ടി ഹാജരായത്. കേസ് നടക്കുമ്പോള്‍ അദ്ദേഹം ലണ്ടനിലായിരുന്നു. ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചപ്പോള്‍ താന്‍ ആദ്യം നിരസിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തന്റെ ഭാര്യയോട് ഷാരൂഖ് ഖാന്‍ സംസാരിച്ച ശേഷം കേസ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
''അതൊരു സാധാരണ ജാമ്യം മാത്രമായിരുന്നു. അതുപോലെ ആയിരം തവണ ഞാന്‍ ജാമ്യമെടുത്തിട്ടുണ്ട്. പക്ഷെ ഉള്‍പ്പെട്ട വ്യക്തി വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിനാല്‍ എല്ലാവരും ശ്രദ്ധിച്ചു. ഞാന്‍ ആ സമയത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു. കൊവിഡ് സമയമായിരുന്നു'' മുകുള്‍ രോഹ്തഗി പറയുന്നു.
''മിസ്റ്റര്‍ ഖാന് എന്റെ നമ്പര്‍ കിട്ടുകയും എന്നെ വിളിക്കുകയും ചെയ്തു. എനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ ഭാര്യയോട് സംസാരിക്കാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം അവളോട് തന്റെ സങ്കടാവസ്ഥ പറഞ്ഞു. ഒരു ക്ലയന്റ് ആയി കരുതരുതെന്നും ഒരു അച്ഛനായിട്ട് കേള്‍ക്കണമെന്നും പറഞ്ഞു. അങ്ങനെ എന്റെ ഭാര്യയാണ് പോയി ചെയ്തു കൊടുക്കാന്‍ പറഞ്ഞത്. അല്ലെങ്കില്‍ കൊവിഡാണ് സൂക്ഷിക്കണം എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ഇത്രയും ദൂരേക്ക് പോയി കേസ് തീര്‍ക്കാന്‍ പറയുകയാണെന്ന് ഞാന്‍ പറഞ്ഞു''.
''മിസ്റ്റര്‍ ഖാന്‍ വളരെ മാന്യനാണ്. അദ്ദേഹം എനിക്കൊരു പ്രൈവറ്റ് ജെറ്റാണ് വാഗ്ദാനം ചെയ്തത്. പക്ഷെ ഞാനത് സ്വീകരിച്ചില്ല. ഞാന്‍ മുംബൈയില്‍ വന്നു. ഞാന്‍ താമസിക്കാറുള്ള ഹോട്ടലില്‍ തന്നെയായിരുന്നു ഷാരൂഖും താമസിച്ചിരുന്നത്. നരിമാന്‍ പോയന്റിലെ ട്രൈഡന്റില്‍.'' അദ്ദേഹം പറയുന്നു.
അദ്ദേഹം വളരെയധികം ശ്രദ്ധാലുവും ബുദ്ധിമാനുമാണെന്ന് ഞാന്‍ മനസിലാക്കി. അദ്ദേഹം ഒരുപാട് നോട്ടുകളും പോയന്റുകളുമൊക്കെ തയ്യാറാക്കിയിരുന്നു. അതേക്കുറിച്ച് എന്നോട് ചര്‍ച്ച ചെയ്തു. പിന്നെ ഞങ്ങളത് വാദിച്ചു. രണ്ട് അര ദിവസമോ മൂന്ന് അരദിവസമോ വേണ്ടി വന്നു ജാമ്യം അനുവദിച്ചു കിട്ടാന്‍. ഞാന്‍ തിരികെ ലണ്ടനില്‍ അവധി ആഘോഷിക്കാനായി പോവുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates