ഷാജി കൈലാസ്, മഞ്ഞുമ്മല്‍ ബോയ്സ് പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

'അച്ഛന്റെ പ്രതീക്ഷകളാണ് അന്ന് ഡാമിൽ മുങ്ങി ഇല്ലാതായത്, ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു': പ്രശംസിച്ച് ഷാജി കൈലാസ്

ഷാജി കൈലാസിന്റെ സഹോദരൻ മരിക്കുന്നത് ഇത്തരത്തിൽ ഒരു ​യാത്രയ്ക്കിടയിലാണ്

സമകാലിക മലയാളം ഡെസ്ക്

മഞ്ഞുമ്മൽ ബോയ്സ് സിനിമയെ പ്രശംസിച്ച് സംവിധായകൻ ഷാജി കൈലാസ്. ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്നാണ് ഷാജി കൈലാസ് കുറിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ് ഈ ചിത്രം എന്നാണ് അദ്ദേഹം കുറിക്കുന്നത്. ഷാജി കൈലാസിന്റെ സഹോദരൻ മരിക്കുന്നത് ഇത്തരത്തിൽ ഒരു ​യാത്രയ്ക്കിടയിലാണ്. സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം

ജീവിതം തൊട്ട സിനിമ

കാണാവുന്ന സാഹിത്യം എന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അതു പതുക്കെ വലുതാവാൻ തുടങ്ങി. രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം.

വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി. പിന്നീടാണ് വിവരങ്ങൾ ഞാൻ മനസ്സിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ... അഗസ്ത്യാർകൂടത്തിലേക്ക് ആയിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അതനുഭവിച്ചവർക്കേ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോ എന്ന് പ്രേക്ഷകർ മറന്നു പോകുന്നത്.

അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർ കാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്, ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നു എന്നു മാത്രം. മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി. അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ... ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല, ഭാഗ്യം തുണച്ചില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു. അച്ഛന്റെ കരച്ചിൽ ഓർത്തു. പരസ്പരം ആരും മിണ്ടാത്ത മൂകമായ ആ രാത്രി ഓർത്തു. മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറക്കാരെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. അത്ര നല്ല സിനിമ. ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT