അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഷംന കാസിം. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലുമൊക്കെ വളരെ സജീവമാണ് ഷംന. വിവാഹത്തിന് ശേഷവും അഭിനയത്തിലും നൃത്തത്തിലുമൊക്കെ സജീവമാണ് ഷംന. ഇപ്പോഴിതാ തനിക്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്ന ഭർത്താവിന് നന്ദി പറഞ്ഞു കൊണ്ട് വൈകാരിക കുറിപ്പുമായെത്തിയിരിക്കുകയാണ് ഷംന. തന്റെ ഉമ്മ നൽകിയ അതേ പിന്തുണയാണ് ഭർത്താവും നൽകുന്നതെന്ന് ഷംന പറയുന്നു.
"ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ പലപ്പോഴും നമ്മൾ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് വന്നെത്തുന്നത്. എന്റെ ഈ നർത്തകിയെന്ന ജീവിതം സാധ്യമായത് എന്റെ ഉമ്മ ഷംന കാസിമിന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ ശക്തിയും പിന്തുണയുമാണ് എന്നും എനിക്ക് അടിത്തറയായിരുന്നത്.
വിവാഹം കഴിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ, എന്റെ ഉമ്മ എന്നെ പിന്തുണച്ചതു പോലെ എന്റെ നൃത്തത്തെയും പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ലഭിക്കാനായി ഞാൻ പ്രാർഥിച്ചിരുന്നു. അൽഹം ദുലില്ലാഹ്, അതുപോലെ പിന്തുണയ്ക്കുന്ന ഒരു ഭർത്താവിനെ നൽകി അള്ളാഹു എന്നെ അനുഗ്രഹിച്ചു.
ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള ആളായിട്ടുപോലും, എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് അദ്ദേഹമാണ്. അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ജാതിയെക്കുറിച്ചോ, പശ്ചാത്തലത്തെക്കുറിച്ചോ, വ്യത്യാസങ്ങളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്.
മറിച്ച് മനുഷ്യരായിരിക്കുക, പരസ്പരം സ്നേഹവും ബഹുമാനവും കാണിക്കുക എന്നതിനെക്കുറിച്ചാണ് ഇത് ഓർമിപ്പിക്കുന്നത്. എല്ലാത്തിനും നന്ദി, അള്ളാഹുവേ..." എന്നാണ് ഷംന ഭർത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
മഞ്ഞുപോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലെത്തുന്നത്. തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന ഇപ്പോൾ സജീവമായിരിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രിയിൽ 'പൂർണ' എന്ന പേരിൽ പ്രശസ്തയായി. ഹൊറർ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് പൂർണ തെലുങ്കിൽ ശ്രദ്ധേയയായത്. 2022 ലാണ് ഷംന വിവാഹിതയാകുന്നത്. ആസിഫ് അലി എന്നാണ് ഷംനയുടെ ഭർത്താവിന്റെ പേര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates