Shanthi Priya ഇന്‍സ്റ്റഗ്രാം
Entertainment

'ഭക്ഷണം കഴിക്കവെ ഒന്ന് എക്കിളെടുത്തു, പിന്നാലെ തല ടേബിളില്‍ കുത്തി വീണു'; എന്നേയും മക്കളേയും തനിച്ചാക്കി സിദ്ധാര്‍ത്ഥ് പോയി; വേദനയൊഴിയാതെ ശാന്തിപ്രിയ

വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് ശാന്തിപ്രിയ

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ശാന്തിപ്രിയ. തെന്നിന്ത്യന്‍ സിനിമയില്‍ മിന്നും താരമായി നില്‍ക്കെയാണ് ശാന്തിപ്രിയയെ തേടി ബോളിവുഡില്‍ നിന്നും അവസരമെത്തുന്നത്. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ ശാന്തിപ്രിയ വിവാഹം കഴിക്കുകയും അഭിനയത്തോട് വിട പറയുകയും ചെയ്തു.

1992 ലാണ് ശാന്തിപ്രിയ നടന്‍ സിദ്ധാര്‍ത്ഥ് റായിയെ വിവാഹം കഴിക്കുന്നത്. ദക്ഷിണേന്ത്യക്കാരിയായ ശാന്തിപ്രിയയും ബംഗാള്‍ സ്വദേശിയായ സിദ്ധാര്‍ത്ഥും തമ്മിലുള്ള വിവാഹം രണ്ട് വിഭിന്ന സംസ്‌കാരങ്ങളുടെ ഒരുമിക്കല്‍ കൂടിയായിരുന്നു. തന്റെ ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും സംസ്‌കാരം പഠിക്കാനും കുടുംബജീവിതം നയിക്കാന്‍ ആഗ്രഹിച്ചതിനാലും താന്‍ സ്വയമെടുത്ത തീരുമാനമാണ് പിന്മാറ്റമെന്നാണ് ശാന്തിപ്രിയ പറയുന്നത്.

ഒരു പരിപാടിയ്ക്കായി ഒരുമിച്ച് ഡാന്‍സ് ചെയ്യാനെത്തിയപ്പോഴാണ് ശാന്തിപ്രിയയും സിദ്ധാര്‍ത്ഥും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരുടേയും ഉള്ളില്‍ പ്രണയം മൊട്ടിട്ടു. ഡാന്‍സ് റിഹേഴ്‌സല്‍ കഴിഞ്ഞ് പരിപാടി തട്ടില്‍ കേറുമ്പോഴേക്കും ഇരുവരും ജീവിതം പങ്കിടാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രണ്ട് മക്കളാണ് ശാന്തിയ്ക്കും സിദ്ധാര്‍ത്ഥിനും. എന്നാല്‍ 2004ല്‍ ഒട്ടും നിനച്ചിരിക്കാതെ മരണം സിദ്ധാര്‍ത്ഥിനെ ശാന്തിപ്രിയയില്‍ നിന്നും കവര്‍ന്നെടുത്തു.

''അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. വൈകുന്നേരമായിരുന്നു. ഞങ്ങള്‍ ഡിന്നര്‍ കഴിക്കുകയായിരുന്നു. എന്നത്തേയും പോലൊരു ദിവസം. അച്ഛന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കിടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇളയമകനോട് സംസാരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുകയായിരുന്നു. ഞാനും അദ്ദേഹവും രണ്ട് മക്കളുമുണ്ട്. പെട്ടെന്ന് അദ്ദേഹത്തിന് എക്കിളുണ്ടായി. പിന്നാലെ തല താണു'' ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തിപ്രിയ മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്.

''എനിക്ക് ഒന്നും ചെയ്യാനായില്ല. ഞങ്ങളുടെ വീട്ടിലെ ജോലിക്കാരി വന്ന് എന്തൊക്കയോ ചെയ്തു നോക്കി. പിന്നാലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു. അദ്ദേഹം എന്തൊക്കയോ ചെയ്തു. എന്തോ മരുന്ന് കുത്തിവച്ചു. പക്ഷെ ഒന്നിനും അദ്ദേഹത്തെ തിരികെ കൊണ്ടു വരാനായില്ല. അദ്ദേഹം മരിച്ചതായി ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. ഞാന്‍ മരവിച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ല'' ശാന്തിപ്രിയ പറയുന്നു.

''ഞാന്‍ ആളുകളെ എന്നില്‍ നിന്നും അകറ്റാന്‍ തുടങ്ങി. ഞാന്‍ കരഞ്ഞിരുന്നില്ല. നിസ്സഹായയാണെന്ന് കാണിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരില്‍ നിന്നും സഹായം വാങ്ങിയില്ല. എല്ലാ ചടങ്ങും കഴിയുമ്പോഴാണ് അദ്ദേഹം ഇനി ഞങ്ങളുടെ കൂടെയിലല്ലോ എന്ന് തിരിച്ചറിയുന്നത്. അമ്മ തിരികെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ നിരസിച്ചു. ഉള്ളുലഞ്ഞു നില്‍ക്കുമ്പോഴും മുഖത്ത് ഞാന്‍ ധൈര്യം കൊണ്ടു വന്നു'' എന്നും ശാന്തിപ്രിയ പറയുന്നുണ്ട്.

പിന്നീട് താന്‍ വെളുത്ത വസ്ത്രങ്ങള്‍ മാത്രമായിരുന്നു കുറേ നാള്‍ ധരിച്ചതെന്നും ശാന്തിപ്രിയ പറയുന്നുണ്ട്. ഒരുനാള്‍ മകളെ കാണാനായി വീട്ടിലെത്തിയ അമ്മ ശാന്തിപ്രിയയുടെ അവസ്ഥ കണ്ട് തകര്‍ന്നുപോയി. തന്റെ മക്കള്‍ക്ക് വേണ്ടിയെങ്കിലും ജീവിക്കണമെന്ന് അമ്മ പറഞ്ഞു. കരഞ്ഞും നിലവിളിച്ചും ദേഷ്യപ്പെട്ടുമൊക്കെ ആ അമ്മ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. ശാന്തിപ്രിയയുടെ അമ്മയും ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയായിരുന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലാതെ, വിദ്യാഭ്യാസമില്ലാതെ തന്റെ മക്കളെ വളര്‍ത്തിയ ആ അമ്മയുടെ മകള്‍ക്കും തോല്‍ക്കാന്‍ സാധിക്കില്ലായിരുന്നു. അതോടെ ശാന്തിപ്രിയയുടെ ജീവിതം മക്കള്‍ക്ക് വേണ്ടിയുള്ളതായി മാറി.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് ശാന്തിപ്രിയ. ടെലിവിഷനിലൂടെയായിരുന്നു ശാന്തിപ്രിയയുടെ തിരിച്ചുവരവ്. തുടര്‍ന്ന് സീരീസുകളിലേക്കും സിനിമയലേക്കുമെത്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബാഡ് ഗേളിലൂടെയാണ് ശാന്തിപ്രിയ സിനിമയിലേക്ക് തിരികെ വരുന്നത്. സിനിമയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ശാന്തിപ്രിയ ഇന്ന്.

Shanthi Priya left cinema at peak of her career to be a house wife. But she lost her husband and had to take care of herself and their two sons all alone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT