നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് കമൽ. ഇന്ന് അദ്ദേഹത്തിന്റെ 68-ാം പിറന്നാളാണ്. സിനിമാ പ്രേക്ഷകരും സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് കമലിന് പിറന്നാൾ ആശംസകൾ നേരുന്നത്. നടൻ ഷൈൻ ടോം ചാക്കോയും കമലിന് ആശംസകൾ നേർന്നു. എന്നാൽ ഷൈനിന്റെ പിറന്നാൾ ആശംസയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കമലിന്റെ അസിസ്റ്റന്റ് ആയിട്ടായിരുന്നു ഷൈൻ സിനിമയിലെത്തുന്നത്.
'സ്നേഹപൂക്കൾ, ഹാപ്പി ബർത്ത്ഡേ കമൽ സാർ' എന്നാണ് ഷൈൻ കുറിച്ചിരിക്കുന്നത്. കമലിന്റെ ഒരു ചിത്രത്തിനൊപ്പമായിരുന്നു ഷൈനിന്റെ ആശംസ. 'പേടിച്ച് പോയല്ലോ', 'എന്നാലും ഈ പൂക്കൾ ഇട്ട് സ്നേഹിക്കണ്ടാരുന്നു പേടിച്ചു പോയി...', 'കൊള്ളാം നല്ല ആശംസ', 'ഒരു നിമിഷം "ഓർമപ്പൂക്കൾ" എന്ന് വായിച്ചു'- എന്നൊക്കെയാണ് ഷൈനിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അടിനാശം വെള്ളപ്പൊക്കം ആണ് ഷൈനിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എ ജെ വർഗീസ് ഒരുക്കുന്ന ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർഥികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
ഡിസംബർ അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തും. ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ബൈജു സന്തോഷ്, ബാബു ആന്റണി, അശോകൻ, മഞ്ജു പിള്ള, ജോൺ വിജയ്, ശ്രീകാന്ത് വെട്ടിയാർ, വിനീത് മോഹൻ, രാജ് കിരൺ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിൻസ്, ലിസബേത് ടോമി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates