സിനിമയുടെ പിന്നാമ്പുറ ലോകം പലപ്പോഴും ഓണ്‍സ്‌ക്രീനിലെ ജീവിതങ്ങളേക്കാള്‍ നാടകീയവും സംഭവബഹുലവുമായിരിക്കാം. ഇന്ന് ആരാധകർ സ്‌നേഹം കൊണ്ടു പൊതിയപ്പെടുന്ന താരങ്ങളെ നാളെ കല്ലെറിയുക പോലും സംഭവിച്ചേക്കാം. അങ്ങനൊരു കഥയാണ് നടന്‍ ഷൈനി അഹൂജയുടേത്. ബോളിവുഡിലെ ഭാവി സൂപ്പര്‍ താരമാകുമെന്ന് എല്ലാവരും കരുതിയിരുന്ന, അതിനുള്ള എല്ലാ പൊട്ടന്‍ഷ്യലും ഉണ്ടായിരുന്ന ഷൈനി അഹൂജയുടെ പതനം സമാനതകളില്ലാത്തതാണ്.
ഒരുകാലത്ത് ബോളിവുഡിലെ സെന്‍സേഷന്‍ ആയിരുന്നു ഷൈനി അഹൂജ. പേരുപോലെ തന്നെ തിളക്കമുള്ള താരകം. ഹസാരോം ഖ്വായിഷേന്‍ ഐസി എന്ന സമാന്തര സിനിമയിലൂടെയാണ് ഷൈനി കരിയര്‍ ആരംഭിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരൂപക പ്രശംസ നേടിയതോടെ ഷൈനിയെ തേടി നിരവധി അവസരങ്ങളെത്തി.
ഗ്യാങ്‌സ്റ്റര്‍, വോ ലംഹേ, ലൈഫ് ഇന്‍ എ മെട്രോ, ഭൂല്‍ ഭുലയ്യ തുടങ്ങിയ സിനിമകളിലൂടെ തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ചാണ് ഷൈനി ബോളിവുഡിലെ മുന്‍നിരയിലെത്തുന്നത്. ഒരേ സമയം വാണിജ്യ വിജയങ്ങളും നിരൂപക പ്രശംസയും നേടനായിരുന്നു ഷൈനിയ്ക്ക്. റൊമാന്റിക് ഹീറോ വേഷങ്ങളും ഡാര്‍ക് കഥാപാത്രങ്ങളും ഒരുപോലെ മികവോടെ അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ബോളിവുഡിന്റെ ഭാവിയെ നയിക്കുന്നവരില്‍ ഒരാളാകും ഷൈനിയെന്ന് എല്ലാവരും വിധിച്ചു.
എന്നാല്‍ ആരാധകരുടേയും സിനിമാലോകത്തിന്റേയും കണക്കുകൂട്ടലുകള്‍ ഷൈനി അഹൂജ തെറ്റിച്ചു. 2009 ല്‍ തന്റെ വീട്ടിലെ ജോലിക്കാരിയായ 19 കാരിയെ പീഡിപ്പിച്ച കുറ്റത്തിന് ഷൈനിയെ അറസ്റ്റ് ചെയ്തപ്പോള്‍ രാജ്യം ഒന്നാകെ ഞെട്ടിപ്പോയി. സ്‌ക്രീനിലെ സുന്ദരനായ കാമുകന് ഇങ്ങനൊരു മുഖമുണ്ടെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല. കേസില്‍ അകത്തായ ഷൈനിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഏഴ് വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്.
പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും ഷൈനി അഹൂജയുടെ കരിയര്‍ അപ്പോഴേക്കും നശിച്ചിരുന്നു. 2015 ല്‍ വെല്‍ക്കം ബാക്ക് എന്ന ചിത്രത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചുവെങ്കിലും, ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം ആ കരിയര്‍ അവസാനിച്ചിരുന്നു. സെക്ഷന്‍ 375 എന്ന പേരില്‍ 2019 ല്‍ പുറത്തിറങ്ങിയ സിനിമ ഷൈനിയുടെ ജീവിത കഥയെ ആസ്പദമാക്കിയൊരുക്കിയതായിരുന്നു.
കരിയര്‍ നഷ്ടപ്പെട്ടതോടെ സിനിമയില്‍ നിന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്നും തന്നെ ഷൈനി അഹൂജ ഓടിയൊളിച്ചു. താരത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പുറം ലോകത്തിന് അറിവുകളൊന്നുമില്ല. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഷൈനിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫിലിപ്പീന്‍സില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഷൈനി അഹൂജ. നടന്‍ ഇപ്പോള്‍ വസ്ത്രവ്യാപര സ്ഥാപനം നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates