ജിഷിൻ മോഹനും ഭാര്യ വരദയും/ ഫേയ്സ്ബുക്ക് 
Entertainment

'വീട്ടു വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്നു, സീരിയൽ ഷൂട്ടിങ് തുടങ്ങാൻ അനുവദിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് നടൻ 

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാടകയും ലോണും അടയ്ക്കാൻ പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജിഷിൻ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സീരിയൽ ഷൂട്ടിങ് തുടങ്ങാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് നടൻ ജിഷിൻ മോഹൻ. ദിവസ വേതനത്തിനാണ് സീരിയൽ താരങ്ങൾ ജോലി ചെയ്യുന്നത്.  ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാടകയും ലോണും അടയ്ക്കാൻ പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജിഷിൻ പറയുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിങ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നുവെന്നും കത്തിലുണ്ട്. 

ജിഷിന്റെ കുറിപ്പ് വായിക്കാം

'ഇത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ ആണ്. ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെടുത്തുന്നു എന്ന് മാത്രം. കത്തിന്റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു.'

Dear Sir,
ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല. 

ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..

ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിനയപൂർവ്വം,
Jishin Mohan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT