Shruthi Sharanyam on Adoor Gopalakrishnan ഫെയ്സ്ബുക്ക്
Entertainment

'സര്‍ക്കാര്‍ വെറുതെ ഒന്നരക്കോടി തന്നതല്ല, മെയില്‍-അപ്പര്‍ ക്ലാസ് പ്രിവിലേജില്‍ ജീവിച്ചവര്‍ക്ക് ഞങ്ങളുടെ ബുദ്ധിമുട്ടറിയില്ല'; അടൂരിനോട് ശ്രുതി ശരണ്യം

'ഈ പ്രസ്താവനയെയും മുഖവിലയ്‌ക്കെടുക്കുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി സംവിധായക ശ്രുതി ശരണ്യം. കെഎസ്എഫ്ഡിസി നിര്‍മിച്ച ബി 32 മുതല്‍ ബി 44 വരെ എന്ന സിനിമയുടെ സംവിധായകയാണ് ശ്രുതി. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സിനിമയൊരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ചുള്ള അടൂരിന്റെ പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തിലാണ് ശ്രുതി ശരണ്യം മറുപടിയുമായെത്തിയത്.

സിനിമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അടൂര്‍. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്നുമുള്ള സംവിധായകര്‍ക്ക് സിനിമയെടുക്കുന്നതിനെക്കുറിച്ച് തീവ്ര പരിശീലനം നല്‍കണമെന്നാണ് അടൂര്‍ പറഞ്ഞത്. സ്ത്രീയായതു കൊണ്ട് മാത്രം ഫണ്ട് നല്‍കേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ശ്രുതി ശരണ്യം.

ഞങ്ങള്‍ക്കാര്‍ക്കും സിനിമ ചെയ്യാന്‍ അങ്ങ് വെറുതേ സര്‍ക്കാര്‍ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ശ്രുതി പറയുന്നത്. മെയില്‍ - അപ്പര്‍ ക്ലാസ് പ്രിവിലെജില്‍ ജീവിച്ചവര്‍ക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകള്‍ എന്തെന്ന് മനസ്സിലാവില്ലെന്നും ശ്രുതി പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രുതിയുടെ പ്രതികരണം.

ശ്രുതി ശരണ്യം പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രിയ്യ അടൂര്‍ സര്‍,

ഇപ്പൊഴാണ് ഫിലിം കോണ്‍ക്ലേവിലെ താങ്കളുടെ ഇന്നത്തെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ലഭ്യമായത്. അതുകൊണ്ട് മാധ്യമങ്ങള്‍ പലരും അല്‍പം മുന്‍പ് വരെ എന്റെ പ്രതികരണം ആവശ്യപ്പെട്ടപ്പോള്‍ പോലും 'അദ്ദേഹം എന്താണ് യഥാര്‍ത്ഥത്തില്‍ പറഞ്ഞത് എന്നെനിക്കറിയില്ല. അതുകൊണ്ട് ഇപ്പോള്‍ മറുപടി പറയുന്നില്ല' എന്നു പറഞ്ഞിരുന്നു.

സര്‍, ഞങ്ങള്‍ക്കാര്‍ക്കും സിനിമ ചെയ്യാന്‍ അങ്ങ് വെറുതേ സര്‍ക്കാര്‍ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. എന്റെയറിവില്‍, ഒരോ റൗണ്ടിലും പ്രത്യേകം നിയമിക്കപ്പെട്ട വെവ്വേറെ ജ്യൂറി അംഗങ്ങളായിരുന്നു തിരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നത്. സര്‍ക്കാര്‍ നിര്‍മ്മിതിയില്‍ സിനിമകളൊരുക്കിയ ഞങ്ങള്‍ ചുരുക്കം ചില സംവിധായകര്‍ ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി അവരവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വ്യക്തി ജീവിതത്തില്‍ നിന്നുമെല്ലാം ഏകദേശം രണ്ടുവര്‍ഷത്തോളം മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.. ഈ ഒന്നരക്കോടി ഞങ്ങളുടെ സ്വകാര്യ എക്കൗണ്ടിലേക്കല്ല, മറിച്ച് കെ.എസ്.എഫ്.ഡി. സി യുടെ എക്കൗണ്ടിലേക്കാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം മുഴുവനും കെ.എസ്.എഫ്.ഡി.സിയുടെ ചുമതലയാണ്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഈ സിനിമകളില്‍ ഞങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തിനേക്കാള്‍ കൂടുതല്‍ തുക ഒരുപക്ഷേ, ഞങ്ങളുടെയൊക്കെ കൈയ്യില്‍ നിന്നും ചെലവായിട്ടുണ്ട്.

ഇനിയൊന്ന് പറയട്ടെ, സാര്‍ - സര്‍ക്കാര്‍ നിര്‍മ്മാണത്തിലുണ്ടായ എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. സാമാന്യം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു എന്റേത് എന്നാണെന്റെ വിശ്വാസം. എന്നിട്ടും നാളിന്നേവരെ മലയാളത്തിലെ ഒരു പ്രൊഡ്യൂസര്‍ പോലും ' കയ്യില്‍ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ' എന്നു ചോദിച്ചിട്ടില്ല. പല നടീനടന്‍മാരുടെയും പ്രൊഡ്യൂസര്‍മാരുടെയും വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും കഥകേള്‍ക്കാന്‍ പോയിട്ട്, അയക്കുന്ന മെസെജുകള്‍ക്ക് മറുപടി പറയാന്‍ പോലും സന്നദ്ധരായിട്ടില്ല. എന്നാല്‍, സ്വന്തമായി സിനിമ നിര്‍മ്മിക്കാനുള്ള സാമ്പത്തിക ശേഷിയില്ലതാനും. ചിത്രലേഖാ ഫിലിം കോ- ഓപ്പറേറ്റിവും, രവീന്ദ്രന്‍ നായറും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സര്‍. ആ ഭാഗ്യം എല്ലാവര്‍ക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും. മെയില്‍ - അപ്പര്‍ ക്ലാസ് പ്രിവിലെജില്‍ ജീവിച്ചവര്‍ക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകള്‍ എന്തെന്ന് മനസ്സിലാവുകയുമില്ല, സര്‍.

ഇതുകൊണ്ടുതന്നെയാണ് ഈ സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കുന്ന ഒരു വാക്കുപോലും ഞാന്‍ എവിടെയും പറയാത്തത്. ഈ പദ്ധതി കൊണ്ട് എനിയ്ക്ക് ഔദ്യോഗിക ജീവിതത്തിലും, വ്യയ്ക്തി ജീവിതത്തിലും നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുകാരായ പല ഉദ്യോഗസ്ഥരില്‍ നിന്നും അപമാനങ്ങള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. അതുവരെ സുഹൃത്തുക്കളെന്നു കരുതിയ പലരും എന്നെ ശത്രുപക്ഷം ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം സഹിച്ചിട്ടും സര്‍ക്കാര്‍ സിനിമാ നിര്‍മ്മാണ പദ്ധതിക്ക് ഞാന്‍ എതിരു നിന്നിട്ടില്ല. കാരണം, ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ട് എന്റെ ആദ്യത്തെ സിനിമയുണ്ടായി. എന്നെപ്പോലെയൊരാള്‍ക്ക് ഒരു നിര്‍മ്മാതാവിനെ കിട്ടുകയെന്നത് ഇന്നത്തെ നിലയില്‍ ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും എനിയ്ക്കുണ്ട്. പിന്നെ താങ്കള്‍ സൂചിപ്പിച്ചതുപോലെ മതിയായ ട്രെയ്‌നിംഗ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ സിനിമ ഒരുപക്ഷേ ഇതിലും മെച്ചപ്പെട്ടേനെ. അത് ഞങ്ങള്‍ക്കുമാത്രമല്ല, ആദ്യമായി സിനിമയെടുക്കുന്ന ഏതൊരാള്‍ക്കും ബാധകമാണ്.

അതുകൊണ്ടുതന്നെ, താങ്കളുടെ ആ പ്രസ്താവനയെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ താങ്കളേപ്പോലൊരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുന്‍പ്, ഞങ്ങളില്‍ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. ഇനി മറ്റൊന്ന് - കച്ചവടസിനിമ, വാണിജ്യസിനിമ, പാരലല്‍ സിനിമ തുടങ്ങിയ ലേബലുകള്‍, നമ്മുടെ ക്രിയാത്മകതയും സാങ്കേതികതയുമെല്ലാം എഐ കയ്യേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് ചേര്‍ന്നതാണോ, സര്‍? എന്റെ കാഴ്ച്ചപ്പാടില്‍, ഒരു സിനിമ പറഞ്ഞു വയ്ക്കുന്ന മൂല്യങ്ങള്‍ തന്നെയാണ് അതിനെ വേറിട്ടതാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിതിയില്‍ പുറത്തു വന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണ്. നെറെറ്റിവ് സിനിമയോട് പൊതുവില്‍ താത്പര്യക്കുറവുള്ളവര്‍ക്ക് ഈ സിനിമകളൊന്നും തന്നെ സിനിമകളായി തോന്നണമെന്നില്ല. എങ്കിലും പൊതുസമൂഹത്തിന് കുറച്ചെങ്കിലും ഈ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പ്രിയ്യ അടൂര്‍ സര്‍, കഴിയുമെങ്കില്‍ ഞങ്ങളുടെ ചിത്രങ്ങള്‍ സി സ്‌പേസില്‍ നിന്നെടുത്ത് വല്ല ഓപ്പണ്‍ പ്ലാറ്റ്‌ഫോമിലും ഇടാന്‍ കെഎസ്എഫ്ഡിസിയോടു പറയൂ. അങ്ങിനെയെങ്കിലും അത് നാലാള്‍ കാണട്ടെ. കൂട്ടത്തില്‍ താങ്കള്‍ക്കും കാണാമല്ലോ, സര്‍.

വാല്‍ക്കഷണം - ഓരോരുത്തരും ഓരോരോ പ്രസ്താവനകള്‍ ഇറക്കുന്നത് അവരവരുടെ മൂല്യബോധങ്ങളിലൂന്നിയാണ് എന്നുള്ള തിരിച്ചറിവുള്ളതിനാല്‍, ഈ പ്രസ്താവനയെയും മുഖവിലയ്‌ക്കെടുക്കുന്നില്ല.

Director Shruthi Sharanyam gives reply to Adoor Gopalakrishnan for his controversial speech at Kerala Film Policy Conclave.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT