മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച നടിയാണ് ശ്വേത മേനോന്‍. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒന്നിലധികം വട്ടം നേടിയ നടി കൂടിയാണ് ശ്വേത മേനോന്‍. ഈയ്യടുത്താണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി ശ്വേത തെരഞ്ഞെടുക്കപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെ പീരിയഡ്‌സ് ആയതിനെക്കുറിച്ചും അതേപ്പറ്റി സംവിധായകനോട് സംസാരിച്ചതിനെക്കുറിച്ചും പറയുകയാണ് ശ്വേത മേനോന്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്. പിന്നീട് കാക്കക്കുയിലിലെ പാട്ട് രംഗം ചിത്രീകരിക്കുമ്പോഴും സമാന അനുഭവമുണ്ടായതായി ശ്വേത പറയുന്നു.
''ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നു. ബോംബെയില്‍ വച്ചൊരു പരസ്യം ചെയ്തിരുന്നു. ഞാനൊരു പാര്‍ട്ടിയിലേക്ക് കടന്നു വരുന്നതാണ് രംഗം. ഞാന്‍ പെര്‍ഫ്യും അടിച്ചിട്ടുണ്ട്. ആളുകള്‍ എന്നെ കാണുമ്പോള്‍ തന്നെ വൗ എന്ന് പറയുന്നതാണ് രംഗം. ഈ പെര്‍ഫ്യൂം ഉണ്ടെങ്കില്‍ മറ്റൊന്നും ധരിക്കേണ്ടതില്ലെന്ന പറയുന്ന തരത്തിലുള്ള പരസ്യമായിരുന്നു. അതിത്തിരി വിവാദമായിരുന്നു. എനിക്ക് ബോഡി സ്യൂട്ട് ആയിരുന്നു ധരിക്കേണ്ടിയിരുന്നു. എന്റെ നിര്‍ഭാഗ്യത്തിന് അന്നേ ദിവസം എനിക്ക് പിരിയഡ്‌സ് വന്നു'' ശ്വേത പറയുന്നു.
''വയര്‍ കുറച്ച് വീര്‍ത്തിരുന്നു. ഞാന്‍ സംവിധായകനെ വിളിച്ചു. കുറച്ച് വണ്ണം വച്ചിട്ടുണ്ടെന്നും പീരിയഡ്‌സ് ആയതിനാലാണെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് അത് ആദ്യത്തെ അനുഭവമായിരുന്നു. തന്നോട് ഒരു പെണ്‍കുട്ടിയും ഇതുപോലെ സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആണാണോ പെണ്ണാണോ എന്നല്ല നിങ്ങള്‍ സംവിധായകനാണ്. അതിനാല്‍ നിങ്ങളോട് സത്യസന്ധമായിരിക്കണം എന്നു കരുതിയാണ് പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞു''.
കാക്കക്കുയിലിലെ ആലാരേ പാട്ട് ചെയ്യുന്ന സമയത്തും എനിക്ക് പീരിയഡ്‌സ് ആയിരുന്നു. രാവിലെ ഒമ്പത് മണിയ്ക്കായിരുന്നു ഷൂട്ടിങ്. പക്ഷെ ഞാന്‍ എത്തുമ്പോള്‍ 12.30 ആയിരുന്നു. എനിക്ക് തീരെ വയ്യായിരുന്നു. ഞാന്‍ പ്രിയനോട് വയ്യെന്നും മരുന്നും ഡോക്ടറും വേണമെന്ന് പറഞ്ഞു. ഇഞ്ചക്ഷന്‍ എടുത്ത ശേഷമാണ് ഞാന്‍ സെറ്റിലെത്തിയത്. ഞാന്‍ എല്ലായിപ്പോഴും അങ്ങനെയായിരുന്നു. സംവിധായകരോട് തികച്ചും സത്യസന്ധമായിരിക്കുമെന്നും ശ്വേത പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates