പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയ്‌ക്കെതിരെ ഹരീഷ് കണാരന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. ബാദുഷയുടെ വിശദീകരണം കൂടി വന്നാലേ വ്യക്ത വരികയുള്ളൂ. എല്ലാത്തിനും രണ്ട് വശമുണ്ടാകുമെന്നും സിദ്ധു പറയുന്നു.
ഹരീഷിന്റെ ഡേറ്റ് നോക്കിയിരുന്ന സമയത്ത് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സിദ്ധു ചൂണ്ടിക്കാണിക്കുന്നു. അതേസമയം അവസരങ്ങള്‍ ഇല്ലാതാക്കിയെന്നത് ശരിയാണെങ്കില്‍ അത് പാടില്ലാത്തതാണെന്നും സിദ്ധു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:
രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. തന്റെ കയ്യില്‍ നിന്നു കടം വാങ്ങിയ വാങ്ങിയ പൈസയില്‍ ഒരു വലിയ എമൗണ്ട് ഇനിയും തിരികെ കൊടുക്കാനുണ്ട് എന്ന് പറഞ്ഞ് ഹരീഷ് കണാരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഓണ്‍ലൈന്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.
അഞ്ചുവര്‍ഷത്തോളം ഹരീഷ് കണാരന്റെ ഡേറ്റ് നോക്കിയത് ബാദുഷയാണെന്ന് പറയുന്നു. ആ സമയത്ത് ഹരീഷ് ബാദുഷയ്ക്ക് ശമ്പളം കൊടുത്തിട്ടുണ്ടോ എന്ന് ഹരീഷ് വ്യക്തമാക്കിയിട്ടില്ല. എന്ത് ധാരണയുടെ പുറത്താണ് ഹരീഷിന്റെ ഡേറ്റ് ബാദുഷ നോക്കിയിരുന്നത് എന്നും നമുക്ക് അറിയില്ല ബാദുഷയുടെ ഭാഗത്തുനിന്ന് ഇതിന് ഒരു വിശദീകരണവും വന്നിട്ടില്ല. ബാദുഷയുടെ വിശദീകരണം വരുമ്പോഴേ നമുക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാകുകയുള്ളൂ.
ഹരീഷ് കണാരന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയായിരിക്കും, അല്ലെങ്കില്‍ അദ്ദേഹം ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു പറയില്ലല്ലോ. പണമിടപാടിന്റെ പേരില്‍ അവസരം ഇല്ലാതാക്കി എന്ന് ഹരീഷ് പറഞ്ഞത് ശരിയാണെങ്കില്‍ അത് പാടില്ലാത്തതാണ്. പക്ഷേ ബാദുഷയുടെ ഭാഗം കൂടി കേട്ടാലേ അതിനൊരു വ്യക്തത വരികയുള്ളൂ. കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു കൊടുക്കേണ്ടത് തന്നെയാണ്.
എന്റെ രണ്ടു പടത്തിലെ ഹരീഷ് കണാരന്‍ അഭിനയിച്ചിട്ടുള്ളൂ. ഒപ്പം, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ഒരു പ്രശ്‌നവും ഉണ്ടാക്കാതെ കറക്റ്റ് സമയത്ത് വന്ന് അഭിനയിച്ചു പോയ ആളാണ് ഹരീഷ്. ഇതില്‍ രണ്ടാമത്തെ പടം 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' യുടെ സമയത്ത് ഞാന്‍ ഹരീഷിനെ വിളിച്ചപ്പോള്‍ ബാദുക്കയാണ് ഡേറ്റ് നോക്കുന്നത് ശമ്പളം പറയുന്നത്. ചേട്ടന്‍ ബാദുക്കയെ വിളിച്ചോളൂ എന്ന് പറഞ്ഞു. ഹരീഷും ധര്‍മ്മജനും ഉണ്ടായിരുന്നു ആ പടത്തില്‍. രണ്ടുപേരുടെയും ഡേറ്റ് നോക്കിയിരുന്നത് ബാദുഷയാണ്.
ഞാന്‍ ബാദുഷയെ വിളിച്ച് ഇവരോട് രണ്ടുപേരോടും നേരിട്ട് സംസാരിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഇല്ല രണ്ടുപേരോടും ചേട്ടന്‍ നേരിട്ട് സംസാരിച്ച് ഡേറ്റും ശമ്പളവും ഫിക്‌സ് ചെയ്‌തോളൂ എന്ന് ബാദുഷ പറഞ്ഞു.
ഒരു ഓണക്കാലത്ത് ഞങ്ങള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ മുഴുവന്‍ മെമ്പര്‍മാര്‍ക്കും ഓണക്കിറ്റ് കൊടുത്ത ആളാണ് ബാദുഷ. കൂടാതെ കോവിഡ് കാലത്ത് ഒരുപാട് സുമനസ്സുകളുടെ സഹായത്തോടെ കോവിഡ് കിച്ചന്‍ നടത്തി ധാരാളം പേര്‍ക്ക് മാസങ്ങളോളം ഭക്ഷണം കൊടുക്കുന്നതിന് നേതൃത്വം കൊടുത്തതും ബാദുഷയാണ്. അങ്ങിനെ നന്മയുടെ നല്ലൊരു വശവും ബാദുഷക്കുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ബാദുഷയെ ചീത്തവിളിച്ച് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ഹരീഷ് കണാരന്റെ പ്രസ്താവനയ്ക്ക് ബാദുഷയുടെ വിശദീകരണം വന്നാലേ നമുക്ക് സത്യാവസ്ഥ മനസ്സിലാവുകയുള്ളൂ. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനുള്ള ബാധ്യത ബാദുഷക്കുണ്ട്.
ആരെയും ന്യായീകരിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ് എന്റെ അനുഭവങ്ങള്‍ പറയാനാണ്. എന്ത് കാര്യത്തിനും ഒരു രണ്ടുവശം ഉണ്ടല്ലോ. ഈ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ ഉണ്ടാവും. ഞാന്‍ പറഞ്ഞത് എന്റെ അനുഭവവും അഭിപ്രായവുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates